|    Oct 17 Wed, 2018 9:37 am
FLASH NEWS

വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

Published : 9th September 2017 | Posted By: fsq

 

ചാലക്കുടി: രാത്രി കടയടച്ച് പുറത്തിറങ്ങിയ വ്യാപാരിയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന കേസ്സിലെ പ്രധാന പ്രതി അറസ്റ്റിലായി. മാള വലിയപറമ്പ് അന്തിക്കാട് വീട്ടില്‍ അരുണ്‍ എന്ന പൂപ്പന്‍(19)നെയാണ് ചാലക്കുടി സിഐ വി എസ് ഷാജു അറസ്റ്റ് ചെയ്തത്. മുരിങ്ങൂര്‍ ഡിവൈന്‍ മേല്‍പാലത്തിന് സമീപം കടനടത്തി വന്നിരുന്ന വ്യാപാരിയെയാണ് ജൂലൈ 14ന് തലക്കടിച്ച് പരിക്കേല്‍പിച്ച് ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 28000രൂപ കവര്‍ന്നത്. ഈ കേസില്‍ നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് അറിയിച്ചു. വലിയപറമ്പ് സ്വദേശിയായ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉല്‍പ്പെട്ടിട്ടുള്ള പ്രമോദിന്റെ കേസുകള്‍ നടത്താന്‍ പണം കണ്ടെത്തുന്നതിനായാണ് സംഘം വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്നത്. ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് ബൈക്കുകളിലായി പുറപ്പെട്ട സംഘം മാള, അഷ്ടമിച്ചിറ, കൊരട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച് കവര്‍ച്ചാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രാത്രി മുരിങ്ങൂര്‍ വഴി ഗുരുതിപാലയിലേക്ക് പോകുമ്പോഴാണ് മുരിങ്ങൂര്‍ മേല്‍പാലത്തിനടിയില്‍ വ്യാപാര സ്ഥാപനം തുറന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. കടയ്ക്ക് സമീപം സംഘം പതിയിരുന്നെങ്കിലും കടയില്‍ വ്യാപാരിയുടെ ഭാര്യയേയും മകളേയും കണ്ടതിനാല്‍ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് പോകാനൊരുങ്ങി. ഇതിനിടെ ഭാര്യയും മകളും കടയില്‍ നിന്നും പുറത്തേക്ക് പോയി. ഇതോടെ സംഘം വ്യാപാരി കടയടക്കുന്നത് നോക്കി ഇരുട്ടില്‍ പതിയിരുന്നു. കുറേ നേരത്തിന് ശേഷം കടയടച്ച് പുറത്തിറങ്ങിയ വ്യാപാരിയെ സംഘത്തിലെ പ്രധാനിയായ അരുണ്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ബാഗ് കൈക്കലാക്കിയ സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതിപാല പാറമടക്ക് സമീപത്ത് വച്ച് ബാഗിലെ പണം വീതിച്ചെടുത്ത് പലവഴിക്കായി പിരിഞ്ഞു. യാതൊരു തെളിവുകളും ഇല്ലാതിരുന്നകേസില്‍ സംഭവത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച റൂട്ടിലൂടെ ഈ മേഖലയിലെ മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. മാള മേഖലയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ പ്രമോദ് എന്നയാള്‍ കോടതിയില്‍ മറ്റൊരു കേസില്‍ കീഴടങ്ങിയതും, ടോംജിത്ത് എന്നയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയതും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുടകില്‍ നിന്നും ടോംജിത്തിനെ പോലിസ് പിടികൂടി. ഇയാളുടെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച കേസിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റിലായ അരുണിന് വലപ്പാട് സ്റ്റേഷനില്‍ കവര്‍ക്കായി മാരകായുധങ്ങള്‍ കൈവശം വച്ച് സംഘമായി കാറില്‍ സഞ്ചരിച്ചതിനും മാളയില്‍ സ്റ്റേഷനില്‍ കഞ്ചാവ് കൈവശം വച്ചതിനും കേസുകള്‍ നിലവിലുണ്ട്. തലയ്ക്കടിക്കാന്‍ ഉപയോഗിച്ച കമ്പിവടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ച യമഹാ ബൈക്ക് കോണത്തുകുന്നില്‍ നിന്നും പോലിസ് കണ്ടെടുത്തു. ഈ കേസില്‍ അരുണിനും ടോംജിത്തിനും പുറമെ ജിഷ്ണു, പ്രമോദ് എന്നിവര്‍ നേരത്തെ പോലിസ് പിടിയിലായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ കൊരട്ടി എസ്‌ഐ സുബീഷ് മോന്‍, എഎസ്‌ഐമാരായ ജോണ്‍സണ്‍ കെ ജെ, ജോഷി ടി സി, ക്രൈം സ്‌ക്വോര്‍ഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, അജിത് കുമാര്‍ വി എസ്, സില്‍ജോ വി യു, ഷിജോ തോമസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss