|    Apr 24 Tue, 2018 8:24 pm
FLASH NEWS

വ്യാപാരികള്‍ പരിശോധനാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

Published : 22nd July 2016 | Posted By: SMR

പാലക്കാട്: സിവില്‍ സ്‌പ്ലൈസ് വകുപ്പിന്റെ അംഗീകാരമുളള കേരള ഫുഡ് ഡീലേഴ്‌സ് ലൈസന്‍സും കേരള പള്‍സസ് ഡീലേഴ്‌സ് ലൈസന്‍സും കൈവശമില്ലാത്ത വ്യാപാരികള്‍ക്കെതിരേ നടപടിയുണ്ടാവിലെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ഓണക്കാലത്തെ കരിഞ്ചന്ത, പൂഴ്ത്തി വെയ്പ്പ് തുടങ്ങിയവയെ തുടര്‍ന്നുളള വിലക്കയറ്റം തടയാനായി ജില്ല കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് വ്യാപാരവ്യവസായികളോടാണ് ജില്ല കലക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ജില്ലയില്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ , തട്ടുകടകള്‍, ഭക്ഷ്യോല്‍പന്ന നിര്‍മാണ യൂനിറ്റുകള്‍ എന്നിങ്ങനെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തിലൊ വില്‍പനയിലൊ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് ആക്ട് പ്രകാരമുളള ലൈസന്‍സ്, രജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. അല്ലാത്തപക്ഷം കര്‍ശന ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. വ്യാപാരസ്ഥാപനങ്ങളിലെ വിലവിവരങ്ങള്‍, അളവു തൂക്കം, നികുതിയടവ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ വസ്തുതകളുമായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, വില്‍പന നികുതി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പരിശോധന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആക്ഷേപകരമായ പ്രവര്‍ത്തനങ്ങളൊ വീഴ്ച്ചകളൊ ശ്രദ്ധയില്‍പെട്ടാല്‍ വ്യാപാരികള്‍ക്ക് പരാതിപെടാമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. 12 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റു വരവുളള ഭക്ഷ്യ വ്യാപാരികള്‍ ഒരു വര്‍ഷത്തേക്ക് 100 രൂപ ഫീസ് നല്‍കി രജിസ്‌ട്രേഷന്‍ എടുക്കണം. 12 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റു വരവുളളവര്‍ ഫൂഡ് ബിസിനസ്സ് ഓപ്പറേറ്റേഴ്‌സ് ലൈസന്‍സ് ആണ് എടുക്കേണ്ടത്. രജിസ്‌ട്രേഷനുളള അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസുകളിലും ലൈസന്‍സിനുളള അപേക്ഷകള്‍ അസിസ്റ്റന്റ് ഫൂഡ് സേഫ്റ്റി കമ്മീഷ്ണറുടെ ജില്ല ഓഫിസിലുമാണ് സമര്‍പ്പിക്കേണ്ടത്.
ഓണക്കാലമാകുന്നതോടെ ചെക് പോസ്റ്റുകളിലെ പരിശോധനക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന വ്യാപാരികളുടെ ആവശ്യം ഗ്രീന്‍ ചാനല്‍ സംവിധാനം വഴി പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ജില്ലയിലെ പാചക വാതക വിതരണം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.
കോയമ്പത്തൂരില്‍ നിന്ന് സിലിണ്ടറുകള്‍ സുഗമമായി എത്തിക്കാന്‍ വഴിയൊരുക്കണമെന്ന ഇന്ത്യന്‍ ഓയില്‍ കമ്പിനി ഏജന്‍സികളുടെ ആവശ്യവും യോഗത്തില്‍ പരിഗണിക്കപ്പെട്ടു. യോഗത്തില്‍ ജില്ല സപ്ലൈ ഓഫിസര്‍ ബി ടി അനിത, സിവില്‍ സപ്ലൈസ് സീനിയര്‍ സൂപ്രണ്ട് ദാക്ഷായണി കുട്ടി, വ്യാപാര-വ്യവസായ ഏകോപന സമിതി ജില്ലാ സെക്രട്ടറി ഹബീബ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ബാലകൃഷന്‍, പാചകവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss