|    Dec 19 Wed, 2018 9:47 pm
FLASH NEWS

വ്യാപാരികള്‍ക്ക് താല്‍ക്കാലിക പുനരധിവാസമൊരുക്കും

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ കുത്തകപ്പാട്ടം റദ്ദാക്കപ്പെട്ട വ്യാപാരികളെ ബസ്‌ബേക്ക് എതിര്‍വശമുള്ള കെഎസ്ആര്‍ടിസിയുടെ വസ്തുവിലേക്കു മാറ്റി താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലയുടെ ചുമതലയുള്ള വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം ബസ്‌ബേ വികസനത്തിനായി വ്യാപാരികളെ ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കുന്നതിനു പകരമാണ് എതിര്‍വശത്തെ കെഎസ്ആര്‍ടിസിയുടെ ഗ്യാരേജ് പ്രവര്‍ത്തിക്കുന്ന ഭൂമിയിലേക്ക് താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ ധാരണയായത്. നേരത്തെ കുത്തകപ്പാട്ടം ഉണ്ടായിരുന്ന 16 വ്യാപാരികള്‍ക്കാണ് 80 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള കടകള്‍ താല്‍ക്കാലികമായി അനുവദിക്കുക. കൂടാതെ, നിലവില്‍ കെഎസ്ആര്‍ടിസിയുമായി കരാറുള്ള ആറു വ്യാപാരികളെയും പുതിയ സ്ഥലത്ത് ഇതുപോലെ പുനരധിവസിപ്പിക്കും. വ്യാപാരികളെ ഒഴിപ്പിക്കുന്ന സ്ഥലത്ത് മൂന്നു പുതിയ ബസ്‌ബേകള്‍ നിര്‍മിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ്, സിഗ്നലുകള്‍ ഉള്‍പ്പെടെ ബേകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തി. ഇതിനു പുറമേ, കോട്ടയ്ക്ക് മുന്‍വശമുള്ള ശൗചാലയം കോര്‍പറേഷന്റെ സഹകരണത്തോടെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും നടപടിയെടുക്കും.
പുനരധിവസിപ്പിക്കുന്ന വ്യാപാരികള്‍ കെഎസ്ആര്‍ടിസിയുമായി വാടകക്കരാരില്‍ ഏര്‍പ്പെടണം. ഇവരെ പിന്നീട് ദീര്‍ഘകാലപദ്ധതി പ്രകാരം നിര്‍മിക്കുന്ന ബസ്‌സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിലേക്കു മാറ്റി പുനരധിവസിപ്പിക്കും. ഇവരെ കൂടാതെ കോട്ടയ്ക്കു സമീപം കെഎസ്ആര്‍ടിസിയുടെ 38 സെന്റ് സ്ഥലത്തുള്ള കച്ചവടക്കാരെയും തകരപ്പറമ്പ് മേല്‍പ്പാലം നിര്‍മിച്ചപ്പോള്‍ ഒഴിപ്പിച്ചവരെയും ഭാവിയില്‍ പുതിയ കോംപ്ലക്‌സുകള്‍ വരുമ്പോള്‍ പുനരധിവസിപ്പിക്കും. ബീമാപ്പള്ളി ഭാഗത്തേക്കുള്ള ബസ്സുകളുടെ റൂട്ട് പുനക്രമീകരിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനം മന്ത്രിതല സമിതി അംഗീകരിച്ചു. ഇവിടെ യു-ടേണ്‍ ഉള്ളതിനാല്‍ കൂടുതല്‍ കുരുക്കുണ്ടാവുന്നതിനാലാണ് വണ്‍വേ പരിഷ്‌കരിച്ചത്. ഇതിനായി കോട്ടയ്ക്കു സമീപം താല്‍ക്കാലികമായി നിരത്തിയിരുന്ന ടൈലുകള്‍ മാറ്റിസ്ഥാപിക്കും. പരിഷ്‌കാരം സുഗമമായി നടപ്പാക്കാനായി കൂടുതല്‍ പോലിസിനെയും ട്രാഫിക് വാര്‍ഡന്‍മാരെയും നിയോഗിക്കും. വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും കാല്‍നടക്കാരെ സഹായിക്കാനും ഇതുപകരിക്കും.
അപകടങ്ങള്‍ ഒഴിവാക്കാനായി മീഡിയന്‍ ചാടിക്കടക്കുകയും ഗതാഗതനിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളെടുക്കാന്‍ പോലിസിനു നിര്‍ദേശം നല്‍കി. കിഴക്കേക്കോട്ടയില്‍ സെന്‍ട്രല്‍ സ്‌കൂളിന് എതിര്‍വശമുള്ള ഓട്ടോ സ്റ്റാന്‍ഡ് ശ്രീപത്മനാഭ തിയേറ്റര്‍ ഭാഗത്തേക്ക് മാറ്റുന്നതിനും അംഗീകാരമായി. ഇവിടെ പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്തും. അഞ്ചു വര്‍ഷം സമയത്തില്‍ ചെയ്യാവുന്ന രീതിയില്‍ കിഴക്കേക്കോട്ട മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സമര്‍പ്പിച്ച ദീര്‍ഘകാല പദ്ധതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് തത്ത്വത്തില്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടനെ ധനകാര്യവകുപ്പ്, കോര്‍പറേഷന്‍, ട്രിഡ, വിവിധ നിര്‍മാണ ഏജന്‍സികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്തു പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കാന്‍ നടപടികളെടുക്കാനും തീരുമാനിച്ചു.
പുതിയ ബസ്‌സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്, പോലിസ് ഔട്ട്‌പോസ്റ്റ്, ടാക്‌സി സ്റ്റാന്‍ഡ്, സ്‌കൈവാക്ക്, അണ്ടര്‍പാസ് തുടങ്ങിയ കിഴക്കേക്കോട്ടയില്‍ നിര്‍മിക്കാനും ഗാന്ധി പാര്‍ക്ക് നവീകരിക്കാനും പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, സിറ്റി ബസ്സുകളുടെയും ദീര്‍ഘദൂര ബസ്സുകളുടെയും സര്‍വീസുകള്‍ തമ്പാനൂര്‍, ഈഞ്ചക്കല്‍, ആനയറ ബസ്‌സ്റ്റാന്‍ഡുകളിലായി പുനഃക്രമീകരിക്കാനും കൊച്ചുവേളി ഉള്‍പ്പെടെ റെയില്‍വേ സ്‌റ്റേഷനുകള്‍ ബന്ധപ്പെടുത്തി സര്‍വീസുകള്‍ ആരംഭിക്കാനും പാര്‍വതീപുത്തനാര്‍ വഴി ജലഗതാഗതം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss