|    Mar 20 Tue, 2018 9:37 pm
FLASH NEWS

വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നു;പ്രത്യേക പോലിസ് ടീം അന്വേഷിക്കണമെന്ന്

Published : 16th November 2016 | Posted By: SMR

തൊടുപുഴ:വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകളടങ്ങുന്ന സംഘം മധ്യകേരളത്തില്‍ വ്യാപകമായതായി തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ചങ്ങനാശേരി കേന്ദ്രമായാണ് ഇത്തരം സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ലഭിച്ച വിവരമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇ എ പി വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സംഘങ്ങളെ കുടുക്കാന്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിക്കണം.   തൊടുപുഴയില്‍ മൊബൈല്‍ഫോണ്‍— ഷോപ്പിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തുകയും കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവര്‍ ഇതിന്റെ കണ്ണികളാണ്. ഈ സംഭവത്തില്‍ വ്യാപാരിക്ക് നിയമപരമായ സഹായം നല്‍കും. കടയിലെ സംഭവങ്ങള്‍— സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയുടമ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതായി ഒരു തെളിവും ദൃശ്യത്തിലില്ല. ഇത് വിശദമായി പോലിസ് പരിശോധിച്ചിരുന്നു. സ്ത്രീയുടെയും ഭര്‍ത്താവിന്റെയും പെരുമാറ്റത്തിലും സംശയമുണ്ട്. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് കടയില്‍ പ്രവേശിച്ചത്. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് തോന്നിക്കാത്ത വിധത്തിലായിരുന്നു കടയ്ക്കുള്ളില്‍ ഇവര്‍ പെരുമാറിയത്. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച് കടയുടമയും ഇയാളുമായി തര്‍ക്കം മൂത്തപ്പോഴാണ് തന്റെ ഭര്‍ത്താവാണെന്ന് സ്ത്രീ പറഞ്ഞത്. ഇതിനു ശേഷമാണ് കടയുടെ വെളിയിലിറങ്ങി ഭാര്യയോട് കടയുടമ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചത്. പോലിസ് സ്‌റ്റേഷനില്‍ വെച്ചും നിരവധി പേരുടെ സാന്നിധ്യത്തിലാണ് വീട്ടമ്മയുടെ ഭര്‍ത്താവ് ബഹളമുണ്ടാക്കിയത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പോലിസിന് കാര്യങ്ങള്‍ മനസിലായതോടെ പരാതി നല്‍കുന്നില്ലെന്ന് സ്ത്രീ പറയുമ്പോഴായിരുന്നു ഇയാള്‍ എസ്.ഐയ്ക്ക് എതിരെ തിരിഞ്ഞത്. സമീപത്തുണ്ടായിരുന്നു പോലിസുകാര്‍ ചേര്‍ന്നാണ് ഇയാളെ തടഞ്ഞത്. പോലിസ് ഈ വിഷയത്തില്‍ സത്യസന്ധമാ—യ നടപടിയാണ് സ്വീകരിച്ചത്. കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പലരും വീട്ടമ്മയുടെ ആരോപണം വിശ്വസിക്കുമായിരുന്നു. ബ്ലാക് മെയിലിംഗിന വഴങ്ങി പണം നല്‍കിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.  ജനറല്‍ സെക്രട്ടറി ജോസ് എവര്‍ഷൈന്‍, കെ കെ നാവൂര്‍ കനി, സി കെ നവാസ്, വിനോദ് ബാലകൃഷ്ണന്‍, ടോമി സെബാസ്റ്റിയന്‍,ആര്‍ രമേശ്, വി എസ് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss