|    Dec 15 Sat, 2018 2:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനെ മര്‍ദിച്ച് കവര്‍ച്ച: അഞ്ചുപേര്‍ അറസ്റ്റില്‍

Published : 25th November 2018 | Posted By: kasim kzm

തൃശൂര്‍: നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന വിദ്യാര്‍ഥി സംഘത്തിലെ അഞ്ചുപേരെ തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘവും തൃശൂര്‍ ഈസ്റ്റ് പോലിസും അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി പാളയംകോട് വീട്ടില്‍ ആഷിക്ക് (19), പീച്ചി കണ്ണാറ ആലപ്പാട്ട് വീട്ടില്‍ ജസ്റ്റിന്‍ (21) എന്നിവരാണ് കവര്‍ച്ച നടത്തിയത്. മാല വില്‍ക്കാന്‍ സഹായിച്ച തൃശൂര്‍ കൊക്കാലെ സ്വദേശി നിഷാജ് (18), കൊഴുക്കുള്ളി സ്വദേശി പ്രത്യുഷ് (19), പട്ടിക്കാട് സ്വദേശി അഖില്‍ബാബു (19) എന്നിവരും കസ്റ്റഡിയിലായി.
തൃശൂര്‍ വടക്കെ ബസ് സ്റ്റാന്റ് പാലസ് ഗ്രൗണ്ടിനു സമീപത്ത് 19നാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൃക്കൂര്‍ സ്വദേശിയായ പീതാംബരനെ ആഷിക്കും ജസ്റ്റിനും തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 6000 രൂപ കൈവശപ്പെടുത്തുകയായിരുന്നു. എടിഎം കാര്‍ഡ് വാങ്ങി ഭീഷണിപ്പെടുത്തി പണവും ഇവര്‍ കൈക്കലാക്കി.
കരാത്തെ ടൂര്‍ണമെന്റുകളിലും ദേശീയ കരാത്തെ മല്‍സരങ്ങളിലും പങ്കെടുത്തിട്ടുള്ള ആഷിക്കും ജസ്റ്റിനും പീതാംബരനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കി ബൈക്കില്‍ കയറ്റി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിക്കടുത്തുള്ള എടിഎമ്മില്‍ പോയി 20,000 രൂപ പിന്‍വലിപ്പിച്ചു. അവശനായ പീതാംബരനെ പിന്നീട് പ്രതികള്‍ വഴിയില്‍ ഇറക്കിവിട്ടു. സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പീതാംബരന്‍ സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം പോലിസില്‍ പരാതിപ്പെടുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് സിറ്റി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തു. സിസി ടിവി കാമറാ ദൃശ്യങ്ങളും രഹസ്യനിരീക്ഷണവും വഴി നിരവധി പരിശോധന നടത്തിയാണു പ്രതികളെ വലയിലാക്കിയത്.
കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ സുഖവാസത്തിനായി വയനാട്, കോഴിക്കോട് ഭാഗങ്ങളി ല്‍ കറങ്ങിനടക്കുകയായിരുന്നു. ആഡംബര ജീവിതത്തിനും മറ്റും പണം കണ്ടെത്തുന്നതിനാണു കവര്‍ച്ചകള്‍ നടത്തിയിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്നതു ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര ബൈക്കുകളില്‍ ആയിരുന്നു. കവര്‍ച്ച ചെയ്ത പണവും സ്വര്‍ണവും പോലിസ് കണ്ടെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss