|    Sep 26 Wed, 2018 4:02 pm
FLASH NEWS

വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ആഗസ്തില്‍: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 20th January 2017 | Posted By: fsq

 

ആലപ്പുഴ: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളള്‍ക്ക് ഈ വര്‍ഷം ഓഗസ്റ്റില്‍ ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന്് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.  ഇത് സംബന്ധിച്ച വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ നിര്‍വഹണം, തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍, സ്ത്രീ സൗഹൃദ അന്തരീക്ഷം, സേവന ഗുണനിലവാരം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയവ ഗ്രേഡിങിന് മാനദണ്ഡങ്ങളാവും. വ്യാപാരി വ്യവസായ സംഘടനകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും സ്വാഗതാര്‍ഹമായ നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.ജില്ലാതലത്തില്‍ തൊഴിലാളി- തൊഴിലുടമ പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. തുടര്‍ന്ന് തൊഴില്‍ വകുപ്പ് ഗ്രേഡിങ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപം നല്‍കി ഓഗസ്റ്റോടെ നടപ്പാക്കും. മികച്ച ഗ്രേഡിങ് ലഭിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബിഷ്മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാവും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങളുയര്‍ത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തൊഴില്‍വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തും. ഗ്രേഡിങ്് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ട്രേഡ് യൂനിയനുകള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു.ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേക്കാവും ഗ്രേഡിങ് നല്‍കുക. തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ ആവശ്യമെന്നുകണ്ടാല്‍ മെച്ചപ്പെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യും. ഓണ്‍ലൈന്‍ വ്യാപാരമടക്കമുള്ള പുത്തന്‍ പ്രവണതകള്‍ ശക്തമാകുന്നതിനാല്‍ പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്കു പുറമേ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും.അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മിഷണര്‍ കെ ബിജു, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടര്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss