|    Dec 17 Sun, 2017 8:06 am
FLASH NEWS

വ്യാപക അക്രമം; വീടുകളും പാര്‍ട്ടി ഓഫിസുകളും തകര്‍ത്തു

Published : 12th October 2016 | Posted By: Abbasali tf

കൂത്തൂപറമ്പ്: സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കെ മോഹനന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഖലയിലും ന്യൂമാഹിയിലും സംഘപരിവാര പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക അക്രമം. പടുവിലായിയില്‍ 12 വീടുകള്‍ക്കും മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ക്കും മൂന്ന് പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കുരിയോട് എല്‍പി സ്‌കൂളിനു സമീപം അരയടത്ത് കാട്ടില്‍ എന്‍ മുകുന്ദന്റെ വീട് പൂര്‍ണമായും അടിച്ചുതകര്‍ത്തു. മുകുന്ദന്റെ മകന്‍ രാഹുല്‍ ബിജെപി അനുഭാവിയാണ്. ഫര്‍ണിച്ചര്‍, തയ്യല്‍ മെഷീന്‍, ജനല്‍ച്ചില്ലുകള്‍, അലമാര തുടങ്ങിയവ നശിപ്പിച്ചു. കിണറിന്റെ ആള്‍മറ തകര്‍ത്ത് വീട്ടുസാധനങ്ങളുമടക്കം എല്ലാം കിണറ്റിലിട്ടു. സമീപത്തെ പി എ നാരായണന്റെ പഞ്ചാരം കണ്ണോത്തിന് വീടിനുനേരെയും ആക്രമണമുണ്ടായി. മകന്‍ വിഷ്ണു പ്രസാദ് ബിജെപി അനുഭാവിയാണ്. ജനാര്‍ദ്ദനനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വീട് പൂര്‍ണമായും തകര്‍ത്തു. പടുവിലായി കാവ് ക്ഷേത്രം സെക്രട്ടറി സി സജേഷിന്റെയും തൊട്ടടുത്ത കെ വി സുരേന്ദ്രന്റെയും വീട് തകര്‍ത്തു. സുരേന്ദ്രന്റെ മകന്‍ സുധീഷിന്റെ വിവാഹം അടുത്ത മാസത്തേക്ക് നിശ്ചയിച്ചതാണ്. ഇതിന്റെ ഭാഗമായി ഒന്നാംനിലയുടെ പ്രവൃത്തിയും താഴത്തെ നിലയുടെ നവീകരണവും നടക്കുന്നുണ്ട്. ഇതിനുവേണ്ടി ഇറക്കിയ മാര്‍ബിളും ടൈല്‍സും അടക്കം നശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പാതിരിയാട് എംഒപി റോഡിലെ നവജിത്തിന്റെ വീട്, സമീപത്തെ മിനീഷിന്റെ വീട്, മമ്പറത്തിനു സമീപം ചൊയനാട്ടെ പ്രേമന്റെ വീട്, കുഴിയില്‍ പീടികയിലെ കെ  വിനീഷിന്റെ വീട്, ശങ്കരനല്ലൂര്‍ രചന വായനശാലക്ക് സമീപത്തെ നിഖിലിന്റെ വിട്, കോയിലോട്ടെ മനീഷിന്റെ വീട്, പാതിരിയാട്ടെ വിജയന്റെ വീട് എന്നിവയ്ക്കും നേരെ ആക്രമണമുണ്ടായി. പടുവാലിയിയിലെ കെ വി സുരേന്ദ്രന്റെ ചായക്കട, അഞ്ചരക്കണ്ടി രജിസ്റ്റാര്‍ ഓഫിസിന് സമീപം സുധിയുടെ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കട, പടുവിലായിലെ അജയന്റെ കട എന്നിവ തകര്‍ത്തു. ഓടക്കാട്ടെ ദേശസേവാ സംഘം, ചാമ്പാട്ടെ വിവേകാനന്ദ മന്ദിരം, അഞ്ചരക്കണ്ടിയിലെ വിവേകാനന്ദ സേവാ മന്ദിരം എന്നിവയ്ക്കും നേരം ആക്രമണം നടന്നു. വീടാക്രമണത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായി പരാതിയുണ്ട്. പാതിരിയാട് നവനീതം ഹൗസില്‍ രാജു( 50), ഭാര്യ ലളിത(41), കനക നിവാസില്‍ കനക വല്ലി(50), തത്വമസി വീട്ടില്‍ റീന(40), കുഴിയില്‍ പീടികയിലെ പാലേരി സുജാത, പൊയനാട്ടെ സജിത്ത്(47), പടുവിലായിയിലെ കെ ശോഭ, സഹോദരി സതി, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമം വ്യാപിക്കുന്നത് തടയാന്‍ ഒരു യൂനിറ്റ് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ക്യാംപ് ചെയ്യുന്നുണ്ട്. ജില്ലാ പോലിസ് ചീഫിന്റെ നേതൃത്വത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. തലശ്ശേരി: സിപിഎം പ്രാദേശിക നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ന്യൂമാഹിയില്‍ വീടുകള്‍ക്കുനേരെ ആക്രമണം. പെരുമുണ്ടേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു സമീപം ബോംബേറുണ്ടായി. തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും സഹോദരന്റെയും വീടാക്രമിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പെരുമുണ്ടേരിയിലെ പി വി കെ മാധവിയുടെ വീടിനു മുന്നിലെ റോഡിലാണ് ബോംബേറുണ്ടായത്. മാധവിയുടെ മകന്‍ സുന്ദരന്‍ ബിജെപി പ്രവര്‍ത്തകനാണ്. സുന്ദരന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് റോഡില്‍ വീണ് പൊട്ടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇതിനുശേഷം സിപിഎം പെരുമുണ്ടേരി ബ്രാഞ്ച് സെക്രട്ടറി കയനാടത്ത് പത്മനാഭന്‍, സഹോദരന്‍ കയനാടത്ത് പുരുഷോത്തമന്‍ എന്നിവരുടെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം തകര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss