|    Jan 24 Tue, 2017 2:28 am

വ്യാജ സീലും അക്കൗണ്ട് മരവിപ്പിക്കലും; പിടിഎ പ്രസിഡന്റിനെതിരേ കേസ്

Published : 3rd August 2016 | Posted By: SMR

താമരശ്ശേരി: സര്‍ക്കാര്‍ സ്‌കൂളിന്റെ വ്യാജ സീല്‍ ഉപയോഗിച്ച് പിടിഎയുടെ ജോയിന്റ് അക്കൗണ്ട് മരവിപ്പിച്ചെന്ന പരാതിയില്‍ പിടിഎ പ്രസിഡന്റിനെതിരേ പോലിസ് കേസെടുത്തു. കോരങ്ങാട് ജിഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാടിനെതിരെയാണ് പ്രധാനാധ്യാപികയുടെ പരാതിയില്‍ താമരശ്ശേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനാധ്യാപികയും പിടിഎ പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ ഭാഗമായാണ് പിടിഎയുടെ ജോയിന്റ് അക്കൗണ്ട് മരവിപ്പിച്ചത്.
പിടിഎ തീരുമാനിച്ച വ്യാപാര സ്ഥാപനത്തില്‍നിന്നും യൂനിഫോം വാങ്ങിയില്ലെന്നാരോപിച്ചാണ് ജോയിന്റ് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്ക് മാനേജര്‍ക്ക് അപേക്ഷ നല്‍കിയത്. സ്‌കൂളിന്റെ സീലില്ലാത്തതിനാല്‍ അപേക്ഷ തിരിച്ചയച്ചതിനെ തുടര്‍ന്നാണ് സ്‌കൂളിന്റെയും പിടിഎ പ്രസിഡന്റിന്റെയും സീല്‍ പതിച്ച അപേക്ഷ വീണ്ടും സമര്‍പ്പിച്ചത്. ഇതോടെ ബാങ്ക് അധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ 2015 മെയ് മാസത്തില്‍ താന്‍ ചാര്‍ജെടുത്തത് മുതല്‍ സ്‌കൂള്‍ സീല്‍ തന്റെ കയ്യിലാണെന്നും ഇപ്പോള്‍ ഉപയോഗത്തിലുള്ളതില്‍നിന്നും വ്യത്യസ്ഥമായ സീലാണ് ബാങ്കില്‍ നല്‍കിയ അപേക്ഷയില്‍ ഉപയോഗിച്ചതെന്നും കാണിച്ച് പ്രധാനാധ്യാപിക പി പി ലീലാമ്മ പോലീസിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പിടിഎ പ്രസിഡന്റിന് എസ്എംസി ചെയര്‍മാന്‍ എന്നാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പിടിഎ പ്രസിഡന്റ് എന്ന പേരിലുള്ള സീലാണ് ബാങ്കില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉപയോഗിച്ചിട്ടുള്ളത്. സീലുകള്‍ പ്രധാനാധ്യാപികക്ക് കൈമാറി പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 464, 471 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം വ്യാജ രേഖ നിര്‍മിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്‌ലിംലീഗ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി കൂടിയാണ് അഷ്‌റഫ്.ഇതിനിടെ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വാങ്ങിയതില്‍ അഴിമതി നടന്നതായി കാണിച്ച് പ്രധാനാധ്യാപികക്കെതിരെ വിജിലന്‍സിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് യൂണിറ്റിലെ വിജിലന്‍സ് സംഘം തിങ്കളാഴ്ച സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രധാനാധ്യാപികയും പിടിഎ പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനാധ്യാപികക്കെതിരെ നിരന്തരം പരാതിപ്പെടുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. പ്രധാനാധ്യാപിക സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക