|    Sep 21 Fri, 2018 5:50 pm
FLASH NEWS

വ്യാജ സിദ്ധനെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു

Published : 20th January 2017 | Posted By: fsq

 

തിരുവനന്തപുരം: നിധി എടുത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്നും രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. വെട്ടുകാട് പള്ളിക്ക് സമീപം ലിയോണ്‍ ഹൗസില്‍ വര്‍ഗീസ് (44)നെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. ഉള്ളൂര്‍ പോങ്ങുംമൂട് ജനശക്തി നഗറില്‍ തോട്ടയ്ക്കാട് ദേവീ ക്ഷേത്രത്തിനു സമീപം ഗായത്രീ ഭവനില്‍ താമസക്കാരിയായ വീട്ടമ്മയെയാണ് ഇയാള്‍ കബളിപ്പിച്ചത്. അയല്‍വാസിയായ യുവതിയാണ് വീട്ടമ്മയ്ക്ക് പ്രതിയെ പരിചയപ്പെടുത്തി നല്‍കിയത്. സോറിയാസിസ് രോഗത്തിന് ചികില്‍സയില്‍ കഴിയുന്ന പരാതിക്കാരിയുടെ ഭര്‍ത്താവിനെ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിവുള്ള സിദ്ധനാണ് പ്രതിയെന്ന്് അയല്‍വാസി വീട്ടമ്മയോട് പറഞ്ഞത്. തുടര്‍ന്ന് പ്രതി വീട്ടിലെത്തി ചികില്‍സയും ആരംഭിച്ചു. ഇതിനിടെ വീട്ടിനുള്ളില്‍ നിധിയുണ്ടെന്നും അത് പൂജാവിധി പ്രകാരം എടുത്ത് നല്‍കാമെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു. പൂജ നടത്തുന്നതിനും ഹോമത്തിനുമായി രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഇവരില്‍നിന്നും പണം വാങ്ങിയത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ വീട്ടമ്മ മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കി. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിനായി മെഡിക്കല്‍ കോളജ് സിഐ പ്രത്യേക സംഘത്തെ നിയമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വഴി വീട്ടമ്മയെ വിളിച്ച വിവരം മനസിലാക്കിയ പോലിസ് ഇയാളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം സൈബര്‍ സിറ്റി എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സിഐ സി ബിനുകുമാര്‍, എസ്‌ഐ ഗിരിലാല്‍, ക്രൈം എസ്‌ഐ ബാബു, എസ്‌സിപിഒ വിജയബാബു, സിപിഒമാരായ നസീര്‍, നസീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss