|    Nov 19 Sun, 2017 3:55 pm
FLASH NEWS

വ്യാജ സിംകാര്‍ഡ് കേസ് : മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കൊല്ലം കോടതിയില്‍ ഹാജരാക്കി

Published : 11th August 2017 | Posted By: fsq

 

കൊല്ലം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. നിയമവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം (യുഎപിഎ) പ്രകാരം കൊല്ലത്തുള്ള കേസിന്റെ വിചാരണ—യുടെ ഭാഗമായാണ് രൂപേഷിനെ വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ കൊല്ലത്ത് എത്തിച്ചത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സിംകാര്‍ഡ് തരപ്പെടുത്തി നല്‍കിയ സംഭവത്തില്‍  കുണ്ടറ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയാണ് കൊല്ലത്ത് നടക്കുന്നത്. കുണ്ടറ സ്വദേശികളായ ആനന്ദന്‍, രമണന്‍, പാലക്കാട് സ്വദേശി അനൂപ്, രൂപേഷ്  എന്നിവരാണ് കേസിലെ പ്രതികള്‍. പോലിസ് തയ്യാറാക്കിയ കുറ്റപത്രപ്രകാരം നാല് വര്‍ഷം മുമ്പ് ആനന്ദനും രമണനും ആദിവാസി വിഭാഗത്തിലെ  ചിലരെ തെറ്റിധരിപ്പിച്ച് അവരുടെ തിരിച്ചറിയല്‍കാര്‍ഡ് സംഘടിപ്പിച്ച് സിം കാര്‍ഡുകള്‍ തരപ്പെടുത്തുകയായിരുന്നു. രൂപേഷും അനൂപും മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചിന്റെ പിടിയിലായതോടെ ഇവര്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ കുണ്ടറിയിലുള്ള ആദിവാസി കുടുംബത്തിലെ ഒരാളുടെ പേരിലുള്ളതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ക്യൂ ബ്രാഞ്ച് കുണ്ടറയിലെത്തി. ആനന്ദനും രമണനും ബാങ്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനം ചെയ്തായിരുന്നു ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ അജ്ഞത ചൂഷണം ചെയ്ത് അവരുടെ  പേരില്‍ സിംകാര്‍ഡുകളെടുത്തതെന്നാണ് പോലിസ് ഭാഷ്യം. ഭരണിക്കാവിലെ ഒരു കടയില്‍ നിന്നുമാണ് സിം കാര്‍ഡെടുത്ത് രൂപേഷിനും അനൂപിനും നല്‍കിയത്.  ഇതിനിടെ ആനന്ദനും രമണനും അറസ്റ്റിലാവുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക