|    Nov 17 Sat, 2018 4:28 pm
FLASH NEWS

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അന്വേഷണം വ്യാപിപ്പിക്കുന്നു

Published : 23rd June 2017 | Posted By: fsq

 

തലശ്ശേരി: അമൃത കോളജില്‍ നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി ചെയ്തവരെ കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു. അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഹോസ്ദുര്‍ഗ് കോ-ഓപറേറ്റീവ് അഗ്രികള്‍ചറല്‍ സൊസൈറ്റിയില്‍ രണ്ടുപേര്‍ ജോലി സമ്പാദിച്ചെന്ന കേസില്‍ ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നി ര്‍മിച്ചുനല്‍കിയ പിണറായി പാറപ്രത്തെ വടക്കെയില്‍ അജയനെ ഹോസ്ദുര്‍ഗ് പോലിസ് തലശ്ശേരി സബ് ജിയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. സമാനപരാതിയില്‍ ഇക്കഴിഞ്ഞ 8ന് തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി വിധിപറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക സൊസൈറ്റിയിലെ രണ്ട് ജീവനക്കാര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തി ല്‍ ജോലി സമ്പാദിച്ചതായി സൊസൈറ്റി പ്രസിഡന്റ് കെ വി നാരായണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ പരാതി വൈകിയതിനെ കുറിച്ചും വിവാദങ്ങളുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കുറ്റാരോപിതരായ രണ്ടു പേരും സൊസൈറ്റിയില്‍ ജോലി നേടിയതെന്ന് ഇരുവരും വിരമിക്കാനിരിക്കെയാണ് പരാതിയായെത്തുന്നത്. പ്രതിസ്ഥാനത്തുള്ള രണ്ടുപേര്‍ക്കും സൊസൈറ്റിയില്‍ ദാര്‍ഘകാല സര്‍വീസുണ്ട്. പ്രശ്‌നം ജീവനക്കാര്‍ക്കിടയിലും സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിലും നാട്ടുകാരിലും നീരസത്തിനിടയാക്കിയിട്ടുണ്ട്. സ്വന്തം സ്ഥാപനത്തിന്റെ പേരില്‍ നാലും കേരളത്തിന് പുറത്തുള്ള 10ഓളം വ്യാജ യൂനിവേഴ്‌സിറ്റികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് തലശ്ശേരി പിയര്‍ റോഡിലെ അമൃത കോളജില്‍ നിന്ന് അജയന്‍ നിര്‍മിച്ചു വിതരണം ചെയ്തിരുന്നതെന്ന് ഇതുവരെ നടത്തിയ അന്വേണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിന് അകത്തും പുറത്തും വിദേശങ്ങളിലും ജോലിയും ഉദ്യോഗക്കയറ്റവും നേടിയ നിരവധി പേരിപ്പോള്‍ പോലിസ് നിരീക്ഷണത്തിലാണ്. 2012ലും 2016 സപ്തംബറിലും അജയന്റെ സ്ഥാപനം റെയ്ഡ് ചെയ്ത തലശ്ശേരി പോലിസ് നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇവ നിര്‍മിക്കുന്ന കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. 2012ലെ റെയ്ഡും അനന്തര നടപടികളും ഉന്നതതല സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കോടതിയിലെത്തിയില്ല. ഇതില്‍ പിന്നീട് തഴച്ചുവളര്‍ന്ന അജയന്റെ ഇടപാടുകള്‍ തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു. കോടികളുടെ സമ്പാദ്യമുള്ളഅജയനെ 2016 സെപ്തംബര്‍ 29നാണ് വീണ്ടും തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. കൂടെ ഇയാളുടെ ബിസിനസ് പാര്‍ട്ണര്‍ വട്ടിയൂര്‍കാവിലെ ഹില്‍വ്യൂവില്‍ ടിന്റു ബി ഷാജി എന്ന യുവതിയുമുണ്ടായിരുന്നു. മൂന്നു മാസക്കാലത്തെ റിമാന്റിനു ശേഷം ജാമ്യത്തിലിറങ്ങിയ ശേഷവും അജയന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇടപാടുകള്‍ നടത്തിവരികയായിരുന്നു. ചില പത്രങ്ങളില്‍ സ്ഥാപനം വ്യാജമല്ലെന്നു കാണിച്ച് പരസ്യം നല്‍കി ആളുകളെ ആകര്‍ഷിച്ചുവരുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം പള്ളൂര്‍ സ്വദേശികളായ മൂന്നുപേര്‍ അജയനെതിരേ പുതിയ പരാതിയുമായി പോലിസിലെത്തിയത്. ഇതേത്തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ അജയനെ തലശ്ശേരി പോലിസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss