|    Aug 16 Wed, 2017 6:47 pm
FLASH NEWS

വ്യാജ സന്ദേശം നല്‍കി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Published : 28th July 2016 | Posted By: SMR

പന്തളം: നറുക്കെടുപ്പിലൂടെ നിസാരവിലയ്ക്ക് ഫോണ്‍ ലഭിക്കുമെന്ന വ്യാജ സന്ദേശം നല്‍കി പണം തട്ടുന്ന സംഘാംഗം പോലിസ് പിടിയിലായി. മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ പെരുമ്പ്രമാടം തോട്ടത്തില്‍ വീട്ടില്‍ പ്രിജു(36) ആണ് അറസ്റ്റിലായത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ നിസാര വിലയ്ക്ക് ലഭിക്കുന്ന നറുക്കെടുപ്പില്‍ വിജയിയായെന്നറിയിച്ച് തുക ഈടാക്കി തപാല്‍ വഴി കളിപ്പാട്ടവും മറ്റും അയച്ച് നല്‍കി തട്ടിപ്പ് നടത്തുന്ന സംഘാംഗമായ ഇയാളെ പോലിസ് ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. മെഴുവേലി അയത്തില്‍ തെങ്ങുംപ്ലാവില്‍ വീട്ടില്‍ അശോക്ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. പോലിസ് പറയുന്നത് ഇങ്ങനെ. ജൂണ്‍ ആദ്യം അശോക്ബാബുവിന്റെ ഫോണിലേക്ക് ഒരു പ്രമുഖ കമ്പനിയുടെ പേരില്‍ വന്ന കോളില്‍, കമ്പനിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയിയായെന്നും സമ്മാനമായി 25,000 രൂപയുടെ ഫോണ്‍ തപാലില്‍ ലഭിക്കുമെന്നും അറിയിച്ചു.
ഇത് പ്രകാരം ഇലവുംതിട്ട പോസ്റ്റ് ഓഫീസില്‍ എത്തിയ പാഴ്‌സല്‍ 3000 രൂപ വിപിപി തുക അടച്ച് കൈപ്പറ്റുകയും ചെയ്തു. വീട്ടിലെത്തി പാഴ്‌സല്‍ തുറന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ചെറിയ ഒരു ആള്‍രൂപവും കളിപ്പാട്ടവുമാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഡല്‍ഹിയില്‍ നിന്ന് പിടികൂടുകയായിരുന്നു. എസ്പി ഹരിശങ്കറുടെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പി എസ് റഫീഖ്, സിഐ ആര്‍ സുരേഷ്, എസ്‌ഐമാരായ ടിഎം സൂഫി, രമേശ്, കോന്നി എസ്‌ഐ വിനോദ്കുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ ശ്യാംലാല്‍, അജി ശാമുവല്‍, ബിജു മാത്യു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക