|    Mar 23 Thu, 2017 10:00 am
FLASH NEWS

വ്യാജ റിക്രൂട്ട്മന്റ് കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

Published : 12th November 2015 | Posted By: SMR

മാന്നാര്‍: പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്‍കി ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പുലിയൂര്‍ പനയ്ക്കാണികണ്ടത്തില്‍ അജീഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ വിശദമായ റിപോര്‍ട്ട് ഫയല്‍ ചെയ്യുവാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞമാസം 18ന് തിരുവനന്തപുരം മെഡിക്കല്‍കോളജിന് സമീപം വനിതാ ഹോസ്റ്റലില്‍ താമസക്കാരിയായ ചവറ ശങ്കരമംഗലം സ്വദേശിനി ഗീതാകുമാരി എന്ന ഗീതാറാണി (58), തിരുവനന്തപുരം ആണ്ടൂര്‍കോണം എഎസ് മന്‍സിലില്‍ നൗഷാദ് (48), കുളത്തൂര്‍ കിഴക്കുംവാരത്ത് മണിലാല്‍ (43) എന്നിവരെ ബുധനൂരില്‍ നിന്നും അജീഷ്‌കുമാറും കൂട്ടരും പിടികൂടി മാന്നാര്‍ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍പ്പെട്ട നൂറോളം പേരില്‍ നിന്നും നാലു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പട്ടാളത്തിലേക്കും എയര്‍പോര്‍ട്ട്, ഇന്ത്യന്‍ റെയില്‍വേ എന്നിവിടങ്ങളിലും ജോലി വാഗ്ദാനം നല്‍കി ഗീതാകുമാരിയുടെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയായിരുന്നു.
മംഗലാപുരത്തുള്ള ട്രെയിനിങ് സെന്ററില്‍ ഉദ്യോഗാര്‍ഥികളെ കൊണ്ടുപോവുകയും അവിടെ ആഴ്ചകളോളം പല കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരുവിധ ട്രെയിനിങോ മറ്റും ലഭിക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, അജീഷ്‌കുമാറും ഉദ്യോഗാര്‍ഥികളില്‍ ചിലരുടെ മാതാപിതാക്കളും ചേര്‍ന്ന് മറ്റ് ചിലര്‍ക്കു കൂടി ജോലിക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ഗീതാറാണിയെ ബുധനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഗീതാറാണിയും സംഘവും വര്‍ഷങ്ങളായി ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിവരുന്നവരാണ്.
2013ല്‍ മാന്നാറിലെ ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന്റെ പക്കല്‍നിന്നു നാലുലക്ഷം രൂപ തട്ടിയെടുത്ത കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുവരികയാണ്.
കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പോലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്. ഉന്നതര്‍ക്ക് പങ്കുള്ള കാരണത്താല്‍ ഈ കേസ് തേച്ചുമാച്ചു കളയാന്‍ പല ശ്രമങ്ങളും നടത്തുന്നതായി ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമുള്ള ലോഡ്ജുകളിലേക്ക് ഉദ്യോഗാര്‍ഥികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തിയാണിവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.
പണം സ്വീകരിക്കുന്ന ഇവര്‍ പണം നല്‍കുന്ന ഉദ്യോഗാര്‍ഥികളുടെ ബന്ധുക്കളോട് മറ്റ് ഉദ്യോഗാര്‍ഥികളുടെ ബന്ധുക്കള്‍ പക്കല്‍ നല്‍കിയ പണം തിരിച്ചു നല്‍കിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് അജീഷ്‌കുമാര്‍ പറയുന്നു. ഉന്നതകേന്ദ്രങ്ങളില്‍ ബന്ധമുള്ള ഇവര്‍ക്കെതിരേ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് അജീഷ് ഹൈക്കോടതിയെ സമീപിച്ചത്.

(Visited 64 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക