|    Jul 17 Tue, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജ രശീതി വിവാദം: ബിജെപി മണ്ഡലം സെക്രട്ടറി രാജിവച്ചു

Published : 4th August 2017 | Posted By: fsq

 

വടകര: കഴിഞ്ഞ സപ്തംബറില്‍ കോഴിക്കോട് നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി സമ്മേളനത്തിന് വ്യാജ രശീതി അച്ചടിച്ച് പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. വ്യാജ രശീതി പുറത്തുവിട്ടുവെന്ന് ആരോപിക്കപ്പെടുന്ന കോളജ് അധ്യാപകനെ മര്‍ദിച്ച കേസില്‍ പ്രതിയായ ബിജെപി കുറ്റിയാടി മണ്ഡലം സെക്രട്ടറി എടക്കുടി മനോജ് ഇന്നലെ രാജിവച്ചു. ഇതോടെ പാര്‍ട്ടിയിലെ വിഭാഗീയത മൂര്‍ധന്യാവസ്ഥയിലെത്തി. ബിജെപി സമ്മേളനത്തിന് വ്യാജ രശീതി ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് അധ്യാപകനും ബിജെപി ബൂത്ത് പ്രസിഡണ്ടുമായ മയ്യന്നൂരിലെ ശശികുമാറിന് മര്‍ദനമേറ്റത്. ശശികുമാര്‍ പയ്യോളി പോലിസിന് നല്‍കിയ പരാതിയിലെ പ്രതി  ബിജെപി മണ്ഡലം സെക്രട്ടറി എടക്കുടി മനോജാണ് ഇന്നലെ രാജിവച്ചത്. പാര്‍ട്ടിക്കെതിരേ നടക്കുന്ന ഗൂഢാലോചനയില്‍ നടപടിയെടുക്കാത്തതിനാലാണ് തന്റെ രാജിയെന്ന് മനോജ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ കൗണ്‍സിലിന്റെ ഫണ്ട് ശേഖരണത്തിനായി സംസ്ഥാന കമ്മിറ്റി നല്‍കിയ രശീതി ബുക്കുകള്‍ ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയില്‍ താനടക്കമുള്ളവരാണ് ഏറ്റുവാങ്ങിയത്. എന്നാല്‍, ഈ രശീതി വ്യാജമാണെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗൂഢാലോചന നടത്തിയവരെയും കണ്ടെത്താത്തതിനാലാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ കുലംകുത്തികളെ കണ്ടെത്തണം. പാര്‍ട്ടിയിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും മനോജ് വ്യക്തമാക്കി. അതിനിടെ, പുതിയ വിവാദം ബിജെപി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാര്‍ട്ടി ദേശീയ സമ്മേളനത്തിന് വ്യാജ പിരിവ് നടത്തിയെന്ന് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വം പണിപ്പെടുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍. ആരോപണ പ്രത്യാരോപണങ്ങളും കേസുമായി രംഗത്ത് വന്നത് പാര്‍ട്ടി പ്രാദേശിക നേതാക്കളാണെന്നത് നേതൃത്വത്തെ കുഴയ്ക്കുന്നു. താഴെ തട്ടിലും ഈ സംഭവ വികാസങ്ങള്‍ കടുത്ത വിഭാഗീയതകള്‍ക്ക് കാരണമായിട്ടുണ്ട്. വ്യാജ രശീതി വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ അധ്യാപകനും ബിജെപി ബൂത്ത് പ്രസിഡണ്ടുമായിരുന്ന മയ്യന്നൂരിലെ ശശികുമാറിനെ മനോജ് അടക്കമുള്ള ബിജെപി നേതാക്കള്‍ കോളജ് ഹാളില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പയ്യോളി പോലിസ് മനോജ് അടക്കം ആറു നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടയിലാണ് മനോജിന്റെ അപ്രതീക്ഷിത രാജി. അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ കുറ്റിയാടി മണ്ഡലം ബിജെപി വന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് മനോജിന്റെ രാജി. നേതാക്കളടക്കം മറ്റു പലരും അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. എന്നാല്‍ സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മനോജ് രാജി പിന്‍വലിച്ചതായി രാത്രിയോടെ ചില മാധ്യമങ്ങളെ അറിയിച്ചു. പ്രശ്‌നം തെരുവില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss