|    Aug 23 Wed, 2017 5:09 pm
FLASH NEWS

വ്യാജ രശീതി : വടകര മേഖലയില്‍ ബിജെപി നേതാക്കള്‍ രണ്ടു തട്ടില്‍

Published : 9th August 2017 | Posted By: fsq

വടകര: വ്യാജരശീതി വിവാദവുമായി ബന്ധപ്പെട്ട് വടകര താലൂക്കില്‍ ബിജെപി നേതൃത്വം രണ്ട് തട്ടില്‍. കഴിഞ്ഞ ദിവസം നടന്ന കുറ്റിയാടി മണ്ഡലം കണ്‍വന്‍ഷനിലൂടെയാണ് നേതാക്ക ള്‍ തമ്മിലുള്ള ചേരിതിരിവ് മറനീങ്ങി പുറത്തേക്ക് വന്നത്. വ്യാജ പണപ്പിരിവ് നടത്തിയ നേതാക്കള്‍ക്കെതിരെ സംസ്ഥാന നേതാക്കള്‍ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ സപ്തംബറില്‍ കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ മുന്നോടിയായാണ് സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടന്നത്. എന്നാല്‍ കുറ്റിയാടി മണ്ഡലത്തില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ രശീതിന് പുറമെ മണ്ഡലം നേതാക്കള്‍ തന്നെ രശീതി അച്ചടിച്ച് പണപ്പിരിവ് നടത്തിയിരുന്നു. ഇത് ചില നേതാക്കള്‍ക്കിടയില്‍ അസ്വാരസര്യമുണ്ടാക്കുകയും ഇവരുടെ നിയന്ത്രണത്തില്‍ തന്നെ മറ്റുള്ളവര്‍ വഴി പുറത്തേക്ക് വരികയുമാണുണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ നിന്ന് ഇരുപതിനായിരം രൂപ വാങ്ങിയത് പുറത്ത് വന്നതോടെയാണ് കള്ളപ്പിരിവിന്റെ ചുരുളഴിഞ്ഞത്. മാത്രമല്ല ഇത് പുറത്താക്കിയത് ഈ കോളജിലെ തന്നെ അധ്യാപകനും ബിജെപി ബൂത്ത് പ്രസിഡന്റുമാണെന്ന് ആരോപിച്ച് ഈ അധ്യാപകനെ കോളജില്‍ കയറി അക്രമിച്ചതും പിന്നീട് ബിജെപിക്ക് തലവേദനയായിരുന്നു. ബിജെപി കുറ്റിയാടി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ തന്നെയാണ് അധ്യാപകനെ അക്രമിച്ചത്. ഇതോടെ നേതൃനിരയില്‍ ചേരിതിരിവ് ആരംഭിച്ചു. ഇതിന് ശേഷം കുറ്റിയാടി മണ്ഡലം സെക്രട്ടറി എടക്കുടി മനോജിന്റെ രാജി വയ്ക്കലും അത് പിന്‍വലിക്കലും തുടങ്ങിയ അണിയറ നാടകങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നാണ് കഴിഞ്ഞ ഞായറാഴ്ച കുറ്റിയാടി മണ്ഡലം കണ്‍വന്‍ഷന്‍ തിരുവള്ളൂരില്‍ ചേര്‍ന്നത്. ഈ യോഗത്തില്‍ മനോജ് പങ്കെടുക്കാന്‍ വന്നത് ചില നേതാക്കളുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ പിന്നീട് ബഹളത്തിലും കൈയ്യാങ്കളിയിലും കലാശിച്ചു. വ്യാജപണപ്പിരിവ് നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ കാണിച്ച നിസ്സംഗതയും ചേരിതിരിവിന് കാരണമായി. എന്നാല്‍ വ്യാജരസീത് പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രിന്റിങ് പ്രസ് ഉടമ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വ്യാജരസീത് വിവാദം പുറത്തായതെന്നും ആരോപണമുണ്ട്. ഇതേപറ്റി അന്വേഷിച്ചപ്പോള്‍ കുറ്റിയാടി മണ്ഡലത്തില്‍ ഒരു രശീതി മാത്രമാണ് സംസ്ഥാന കമ്മിറ്റി നല്‍കിയതെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.  എന്നാല്‍ മണ്ഡലത്തിനകത്തും പുറത്തുമായി വന്‍ തുക പിരിച്ചെടുത്ത വിവരം ചോര്‍ന്നതോടെ സംസ്ഥാന നേതാക്കളടക്കമുള്ള ചിലര്‍ മണ്ഡലം നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്. ഇതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ രശീതി വിവാദം പുറംലോകം അറിഞ്ഞത് മുതല്‍ ഇതുമായി ബന്ധമില്ലാത്ത ചില നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പൊട്ടിത്തെറിക്ക് സാധ്യതയുള്ളതായാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക