|    Dec 15 Sat, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജ മൊഴി നല്‍കാന്‍ ഭീഷണി: എസ്‌ഐ-ഡോക്ടര്‍ പരാതിയുദ്ധം മുറുകുന്നു

Published : 25th April 2018 | Posted By: kasim kzm

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിഷേധിച്ചതിനു പിടികൂടിയവര്‍ക്കെതിരേ വ്യാജ മൊഴി നല്‍കണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ എസ്‌ഐയും വനിതാ ഡോക്ടറും തമ്മില്‍ പരാതിയുദ്ധം മുറുകുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ കെ പ്രതിഭയും കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരിയും തമ്മിലാണ് നിയമയുദ്ധത്തോടൊപ്പം പരാതിയുദ്ധവും തുടരുന്നത്.
ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് എസ്‌ഐക്കെതിരേ മൊഴി നല്‍കിയതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ക്കെതിരേ എസ്‌ഐ ശ്രീജിത്ത് കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയതോടെ ഇരുവിഭാഗവും പിന്നോട്ടില്ലെന്ന സൂചനയാണു നല്‍കുന്നത്. ഇതിനു പിന്നാലെ ഡോ. കെ പ്രതിഭ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. വി പി രാജേഷിനെതിരേ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, എസ്‌ഐയുടെ കള്ള പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ടും സംരക്ഷണം തേടിയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഡോ. പ്രതിഭ പരാതി നല്‍കി. ഇതോടെ, വിഷയം കണ്ണൂര്‍ എസ്പി, കണ്ണൂര്‍ റേഞ്ച് ഐജി, കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡിജിപി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന വനിതാ കമ്മീഷന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കു മുമ്പാകെ രേഖാമൂലം എത്തിയിരിക്കുകയാണ്.
ഡിജിപിയുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഡോക്ടര്‍ നേരിട്ടെത്തിയും രേഖാമൂലവും മൊഴി നല്‍കി. ഇതിനുപുറമെ, ആരോഗ്യ വകുപ്പ് ഡയറക്ടറും ജില്ലാ ആശുപത്രി അധികൃതരും ചില ഡോക്ടര്‍മാരും വനിതാ ഡോക്ടര്‍ക്കെതിരേ രംഗത്തെത്തിയതും പ്രശ്‌നം വഷളാക്കുകയാണ്. ഇതിനിടെയാണ് ഒരു ഉന്നത രാഷ്ട്രീയ നേതാവായ ജനപ്രതിനിധിയും ആരോഗ്യ വകുപ്പ് ഡയറക്ടറും പരാതി പിന്‍വലിപ്പിക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നുവെന്നു ഡോക്ടര്‍ പരാതിപ്പെട്ടത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലാണ് എസ്‌ഐയുടെ കൈയേറ്റവും അസഭ്യവുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്നും ആശുപത്രി സൂപ്രണ്ട് മോശമായി പെരുമാറിയെന്നും പരാതികളില്‍ പറയുന്നുണ്ട്. ഡോക്ടര്‍ പരാതി നല്‍കി ദിവസങ്ങള്‍ക്കു ശേഷമാണ് എസ്‌ഐ പരാതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
ഹര്‍ത്താല്‍ ദിനത്തിലെ പ്രതിഷേധത്തില്‍ പോലിസ് മര്‍ദിച്ചത് രേഖപ്പെടുത്തിയപ്പോള്‍ അത് വേണ്ടെന്നും പോലിസ് പറയുന്നതു പോലെ എഴുതിത്തന്നില്ലെങ്കില്‍ ചവിട്ടിക്കീറിക്കളയുമെന്നും ഭീഷണിപ്പെടുത്തിയതു പുറത്തുവന്നതോടെ ഡോക്ടറെ ഒറ്റപ്പെടുത്താന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. ഹര്‍ത്താല്‍ അനുകൂലികളെ കുടുക്കാന്‍ വ്യാജ മൊഴി രേഖപ്പെടുത്താനുള്ള പോലിസിന്റെ നീക്കത്തിനെതിരേ സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ രംഗത്തെത്തിയത് ഭരണകൂടത്തിനു തലവേദനയായിട്ടുണ്ട്. ഇതു രാഷ്ട്രീയ-പോലിസ്-ഉദ്യോഗസ്ഥ തലത്തില്‍ ഡോക്ടറെ വേട്ടയാടാനുള്ള നീക്കമാണെന്നാണു സൂചന.
ഇക്കഴിഞ്ഞ 16ന് കഠ്‌വ കൂട്ടബലാല്‍സംഗ കൊലയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് എസ്‌ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss