|    Feb 23 Thu, 2017 6:10 am
FLASH NEWS

വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജിയെ കേസില്‍ കുടുക്കിയെന്ന് ഭാര്യ

Published : 26th October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളി സംസ്ഥാന പാതയിലെ നാലാംമൈലിനു സമീപം പിടിയാന വെടിയേറ്റു ചരിഞ്ഞ സംഭവത്തില്‍ വനം-വന്യജീവി പാലകര്‍ അറസ്റ്റ് ചെയ്ത പുല്‍പ്പള്ളി കുളത്തുങ്കല്‍ ഷാജി (48) നിരപരാധിയാണെന്നു ഭാര്യ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. മെയ് 29നു രാത്രിയാണ് കാട്ടാന വെടിയേറ്റു ചരിഞ്ഞത്. അന്നു വൈകീട്ട് ആറുമുതല്‍ താനും ഭര്‍ത്താവും ഏഴു വയസ്സുള്ള ഇളയ മകള്‍ മരിയയുടെ ചികില്‍സാര്‍ഥം കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു. 30നു പുലര്‍ച്ചെ അഞ്ചിനായിരുന്നു കുട്ടിക്ക് ശസ്ത്രക്രിയ. ഇതിനായുള്ള അനുമതിപത്രം താനും ഭര്‍ത്താവും ഒപ്പിട്ടാണ് നല്‍കിയത്. പിറ്റേന്നാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. മിംസ് ആശുപത്രിയിലെ ഡോ. മനോജ് മാത്യുവിന്റെ നിര്‍ദേശപ്രകാരം കുട്ടിയെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ 31ന് ഡിസ്ചാര്‍ജ് ചെയ്യുന്നതു വരെ ഷാജി കൂടെയുണ്ടായിരുന്നു. സ്വന്തമായുള്ള എന്‍ഡവര്‍ കാറിലാണ് ആശുപത്രിയില്‍ പോയതും തിരികെ വന്നതും. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസി ടിവിയില്‍ ഉണ്ടാവേണ്ടതാണ്. 30നു വൈകീട്ട് മുതല്‍ ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്നതാണ് എന്‍ഡവര്‍ കാര്‍. ഇതിലെത്തിയാണ് ഷാജി കാട്ടാനയെ വെടിവച്ചുകൊന്നതെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയും മുത്തങ്ങയും കേന്ദ്രീകരിച്ചു നടന്ന ഗുഢാലോചനയുടെ ഭാഗമാണ് ഷാജിക്കെതിരായ കേസ്. ഈ ഗൂഢാലോചനയില്‍ മുമ്പ് സിനിമാ നിര്‍മാണത്തിന്റെ പേരില്‍ ഷാജിയെ സാമ്പത്തികമായി ചൂഷണം ചെയ്തവരുമുണ്ട്. കഴിഞ്ഞ ദിവസം വനം കേസില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ അറസ്റ്റിലായ ചുണ്ടാട്ട് ബേബിയെ ക്രൂരമായി മര്‍ദിച്ച് പേരു പറയിച്ചാണ് കാട്ടാനവേട്ടക്കേസില്‍ ഷാജിയെ കുടുക്കിയത്. കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്ന വിവരം തിങ്കളാഴ്ച ഉച്ചയോടെ ഷാജിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുന്നതിന് അഭിഭാഷകനെ കാണാന്‍ പോവുന്നതിനിടെയാണ് വൈകീട്ട് എന്‍ഡവര്‍ കാര്‍ സഹിതം   കസ്റ്റഡിയിലെടുത്തത്. കാട്ടാന ചരിഞ്ഞ ദിവസം കോഴിക്കോട് ആയിരുന്നുവെന്നു തെളിയിക്കാന്‍ ഉതകുന്ന ആശുപത്രി രേഖകളും ഷാജി കരുതിയിരുന്നു. വനം ഉദ്യോഗസ്ഥര്‍ ഈ രേഖകളും പിടിച്ചെടുത്തു. കാട്ടാനവേട്ടക്കേസില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതു ജനങ്ങള്‍ക്കിടയില്‍ വനം ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതു വഴിതിരിച്ചുവിടാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടന്ന ആസൂത്രിത നീക്കമായും ഷാജിയുടെ അറസ്റ്റിനെ കാണണം. ഷാജിയുടെ ഉടമസ്ഥതയില്‍ മുത്തങ്ങയില്‍ റിസോര്‍ട്ടുണ്ട്. എല്ലാ നിയമങ്ങളും പാലിച്ചു പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പൂട്ടിക്കാനുള്ള ശ്രമം കുറച്ചുകാലമായി നടന്നുവരികയാണ്. ആന വെടിയേറ്റു ചരിഞ്ഞ സംഭവത്തിനുശേഷം പുല്‍പ്പള്ളിയിലെ വീട്ടില്‍ പലവട്ടം പോലിസ് പരിശോധന നടത്തി. തന്നെയും കുട്ടികളെയും ഭര്‍തൃമാതാവിനെയും മാനസികമായി പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അനാവശ്യ പരിശോധനകള്‍. മകള്‍ മരിയ, ഷാജിയുടെ അമ്മ ചിന്നമ്മ എന്നിവരും കൂടെയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക