|    Dec 13 Wed, 2017 6:48 pm
FLASH NEWS

വ്യാജ മുദ്രപത്രം നിര്‍മിച്ച് ബ്ലേഡുകാരന്‍ 15 ലക്ഷം രൂപ തട്ടിയതായി പരാതി

Published : 28th October 2016 | Posted By: SMR

പാറശാല: വ്യാജ മുദ്രപത്രം നിര്‍മിച്ച് വീടും വസ്തുവും സ്വന്തമാക്കിയതായി പരാതി. പരശുവയ്ക്കല്‍ ആലപാറ അനായ് കോട്ടേജില്‍ പ്രകാശ് കുമാറിന്റെ വക കെഎസ്ഇയുടെ പാറശാലാ ശാഖയില്‍ ബാധ്യതപ്പെടുത്തിയ ഏഴു സെന്റ് വസ്തുവും ഇരുനില വീടുമാണു സമീപവാസി വ്യാജ പ്രമാണത്തിലൂടെ സ്വന്തംപേരിലേക്ക് കൈമാറ്റം ചെയ്തതായി രേഖയുണ്ടാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. കെഎസ്എഫ്ഇയില്‍ നിന്നും എടുത്ത തുക ലോണിന് ഈടായി നല്‍കിയതായിരുന്നു വീടും വസ്തുവും. പാറശാലയിലെ ഒരു ആധാരമെഴുത്തുകാരന്‍ വ്യാജമായി തയ്യാറാക്കിയ വിലയാധാരത്തിലൂടെയാണു വസ്തുവും വീടും കൈവശമുള്ളതായി രേഖയുണ്ടാക്കിയത്. ലോണ്‍ തിരിച്ചടയ്ക്കാനായി വസ്തുവും വീടും മറ്റൊരാള്‍ക്കു വില്‍ക്കാനായി കരാറെഴുതിയപ്പോഴാണു ബ്ലേഡുകാരന്‍ വസ്തു തന്റേതാണെന്ന് കാണിച്ച് വ്യാജ വിലയാധാരവുമായി രംഗത്ത് എത്തിയത്. ഏഴുലക്ഷം രൂപയില്‍ അടച്ചുതീര്‍ത്തതു കഴിച്ച് ബാക്കിയുള്ളതിന് പകരമായി വീണ്ടും 15 ലക്ഷം രൂപ കൂടി നല്‍കണമെന്നായിരുന്നു ബ്ലേഡുകാരന്റെ വാദം. എന്നാല്‍ വ്യാജ വിലയാധാരത്തെ ഒറിജിനലാണെന്ന് വിശ്വസിച്ച് വീടും വസ്തുവും വാങ്ങാനെത്തിയപ്പോള്‍ ബ്ലേഡുകാരന്‍ ആവശ്യപ്പെട്ട 15  ലക്ഷം നല്‍കിയതായി പ്രകാശ് കുമാര്‍ പറഞ്ഞു. ചതി മനസ്സിലാക്കിയ പ്രകാശ്കുമാര്‍ പാറശാലാ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് ബ്ലേഡുകാരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് അന്വേഷണം ആരംഭിച്ചു. ഈ ബ്ലേഡുകാരന്‍ അഞ്ച് ലക്ഷം നല്‍കിയ ശേഷം നെയ്യാറ്റിന്‍കരയിലെ മറ്റൊരാളുടെ 37 സെന്റ് വസ്തുവും വീടും തട്ടിയെടുത്ത സമാനമായ കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക