|    Apr 23 Mon, 2018 2:30 pm
FLASH NEWS

വ്യാജ മദ്യക്കടത്തും ഉല്‍പാദനവും തടയാന്‍ കൂടുതല്‍ പട്രോളിങ് ഇന്നുമുതല്‍ : ജില്ലാ കലക്ടര്‍

Published : 30th April 2016 | Posted By: SMR

പാലക്കാട്: ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കും ഉല്‍പാദനവും തടയുന്നതിന് ഇന്നു മുതല്‍ പട്രോളിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്കും,ദുരന്തവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഇതിന്റെ ഭാഗമായി പ്രത്യേകം രൂപീകരിക്കുന്ന സംയുക്ത സ്‌ക്വാഡുകള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ പട്രോളിങ് തുടങ്ങും. ഇതിനായി എക്‌സൈസ്, പോലിസ് റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകള്‍ കേന്ദ്രീകരിച്ചാകും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ഇതിനു പുറമെ അട്ടപ്പാടിയില്‍ മാത്രമായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. നിലവിലുള്ള പോലിസ്, എക്‌സൈസ് സ്‌ക്വാഡുകള്‍ക്കു പുറമെയായിരിക്കും ഇവരുടെ പ്രവര്‍ത്തനം. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച റിപോര്‍ട്ടുകള്‍ എല്ലാ ദിവസവും വൈകീട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സര്‍വിലന്‍സ് സ്‌ക്വാഡുകളോട് ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേകദൗത്യത്തിനായി രൂപീകരിച്ച സ്‌ക്വാഡുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എക്‌സൈസ് അസി. കമ്മീഷണര്‍ അറിയിച്ചു. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് അതിര്‍ത്തി പട്രോളിങ് യൂനിറ്റും വാളയാര്‍ കേന്ദ്രീകരിച്ച് ഹൈവേ പെട്രോളിങ് യൂനിറ്റും പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ 67 കേസ്സുകളിലായി 6.5 ഹാഷിഷ് ഓയിലും അട്ടപ്പാടി മേഖലയില്‍ 70 കഞ്ചാവ് ചെടികളും കണ്ടെത്തി കേസെടുത്തു. 8640 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. മൂന്ന് ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. 54.22 ലിറ്റര്‍ വിദേശമദ്യവും 1630 പാക്കറ്റ് ടുബാക്കോ ഉല്‍പന്നങ്ങളും 35 കിലോ കഞ്ചാവും പോലിസ് പിടിച്ചെടുത്തിരുന്നു.വ്യാജമദ്യമായി ബന്ധപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ താഴെപറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കണം. ജില്ലാതല കണ്‍ട്രോള്‍ റൂം 0491-2505897, താലൂക്ക് തല സ്‌ക്വാഡുകള്‍, ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍
പാലക്കാട്- ബി. ചന്ദ്രന്‍ 9400069430, ആലത്തൂര്‍-ഷാജി എസ്.രാജന്‍-9400069612, ഒറ്റപ്പാലം-എം. രാകേഷ്-9400069616, മണ്ണാര്‍ക്കാട്- സുല്‍ഫിക്കര്‍ എ.ആര്‍-9400069614, ചിറ്റൂര്‍- വിനീത് കാറണി-9400069610, അട്ടപ്പാടി- ജയപാലന്‍.കെ-9447879275.കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ഡോ. ജെ ഒ അരുണ്‍, അസി. എക്‌സൈസ് കമ്മീഷണര്‍ വിപി സുലേഷ്‌കുമാര്‍, ഡിവൈഎസ്പി വി പി സുലേഷ് കുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss