|    May 24 Wed, 2017 7:56 am

വ്യാജ ഭൂമി ഇടപാട്: സിറ്റിങില്‍ ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെടെ ആരും ഹാജരായില്ല

Published : 1st September 2016 | Posted By: SMR

തൊടുപുഴ: പട്ടികജാതി വിഭാഗക്കാരുടെ ഭൂമി വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് നേടിയെന്ന ആരോപണത്തില്‍ ഏതാനും രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ടു ദേവികുളം സബ്കലക്ടര്‍ ഇന്നലെ നടത്തിയ സിറ്റിങില്‍  ഇടുക്കി എംപി അഡ്വ. —ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളുമുള്‍പ്പടെ ആരുംഹാജരായില്ല. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ ഭൂമി വിവാദത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ സമര്‍പ്പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം ആര്‍ഡിഒ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസയച്ചത്.— 25 പേര്‍ക്കാണ് നോട്ടീസ് അയച്ചത്.—
എംപി ഉള്‍പ്പെടെ ഏഴുപേര്‍ ഹാജരാവാനാവില്ലെന്നു അറിയിച്ച് ആര്‍ഡിഒക്ക് മറുപടി നല്‍കിയിരുന്നു. മാത്രമല്ല, ഏതൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നതില്‍ വ്യക്തതയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ കത്തിന് വിശദമായ മറുപടി നല്‍കിയതായി സബ്കലക്ടര്‍ തേജസിനോട് പറഞ്ഞു. —ഇവരോടെല്ലാം ഈ മാസം 29ന് ഹാജരാവണമെന്നാവശ്യപ്പെട്ട് സബ്കലക്ടര്‍ വീണ്ടും നോട്ടീസ് അയച്ചു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത്, കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജും കുടുംബവും വ്യാജരേഖകള്‍ ചമച്ച് ഭൂമി സ്വന്തമാക്കിയതായി ആരോപണമുയര്‍ന്നത് വിവാദമായതോടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. അന്വേഷണത്തില്‍ കൊട്ടക്കാമ്പൂരിനെ കൂടാതെ കീഴാന്തൂര്‍, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ വില്ലേജുകളിലും ഒട്ടേറെയാളുകള്‍ ഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് രേഖകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തണ്ടപ്പേര്‍ ഉടമകളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കിയെങ്കിലും മുന്‍ സര്‍ക്കാര്‍ തുടര്‍ നടപടിയെടുത്തില്ല. എന്നാല്‍, പുതിയ സബ്കലക്ടര്‍ ചുമതലയേറ്റതോടെ ലിസ്റ്റ് പ്രകാരം നോട്ടീസ് അയക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day