|    Oct 18 Wed, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജ ഭൂമി ഇടപാടുകള്‍: ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെടെ 25 പേര്‍ക്ക് നോട്ടീസ്

Published : 23rd August 2016 | Posted By: SMR

തൊടുപുഴ: പട്ടികജാതി വിഭാഗക്കാരുടെ ഭൂമി വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് നേടിയെന്ന ആരോപണത്തില്‍ ഇടുക്കി എംപി അഡ്വ. ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. കൊട്ടക്കാമ്പൂരിലെ ഭൂമി വിവാദങ്ങളെ തുടര്‍ന്ന് ഇടുക്കി എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേവികുളം ആര്‍ഡിഒ ഡോ. ശ്രീറാം വെങ്കിട്ടരാമനാണ് നോട്ടീസയച്ചത്. ആദ്യ ഘട്ടത്തില്‍ 25 പേര്‍ക്കാണ് നോട്ടീസ്. ഇവര്‍ 31ന് ഹാജരായി രേഖകള്‍ നല്‍കണം. എംപി നോട്ടീസ് കൈപറ്റിയിട്ടുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ കാലത്ത്, കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജും കുടുംബവും വ്യാജരേഖകള്‍ ചമച്ച് ഭൂമി സ്വന്തമാക്കിവച്ചിരിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത് വിവാദമായതോടെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കൊട്ടക്കാമ്പൂരിനെ കൂടാതെ കീഴാന്തൂര്‍, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ വില്ലേജുകളിലും ഒട്ടേറെയാളുകള്‍ വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഈ വില്ലേജുകളിലെ രേഖകള്‍ പരിശോധിക്കാന്‍ പത്ത് ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിച്ചു. ഇവര്‍ ഈ വില്ലേജുകളിലെ തണ്ടപ്പേര്‍ ഉടമകളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കിയെങ്കിലും സര്‍ക്കാര്‍ തുടര്‍ നടപടിയെടുത്തില്ല.
എന്നാല്‍, പുതിയ സബ്കലക്ടര്‍ ചുമതലയേറ്റതോടെ ലിസ്റ്റ് പ്രകാരം നോട്ടീസ് അയക്കുകയായിരുന്നു. ഇതില്‍ ജോയ്‌സിന്റെ ഭാര്യ, അച്ഛന്‍, സഹോദരന്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. 31നു ശേഷം ബാക്കി കൈവശക്കാര്‍ക്ക് നോട്ടീസയക്കുമെന്ന് ആര്‍ഡിഒ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക