|    Mar 26 Sun, 2017 5:15 am
FLASH NEWS

വ്യാജ കുപ്പിവെള്ള കമ്പനികള്‍ പെരുകുന്നതായി പഠനം

Published : 6th September 2016 | Posted By: SMR

കെപിഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്ത് 212 ലൈസന്‍സില്ലാത്ത കുടിവെള്ള കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി പഠനം. കൊച്ചി കേന്ദ്രമാക്കിയുള്ള പരിസ്ഥിതി സംഘടന നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ലൈസന്‍സുള്ള 142 കമ്പനികള്‍ മാത്രമാണ് കേരളത്തിലുള്ളത്. ബാക്കിയെല്ലാം അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ വെള്ളം പോലും ശരിയായ രീതിയില്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തില്ല. ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ കുപ്പിവെള്ളത്തില്‍പോലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും പ്രത്യേക അസുഖങ്ങളും കടന്നുവരുന്നത് മലിനമായ ജലോപയോഗം മൂലമാണെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും നിയങ്ങള്‍ ലംഘിച്ച് കുപ്പിവെള്ള മാഫിയ പിടിമുറുക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നെത്തി കുടിവെള്ളസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പോലുമുണ്ട്. പലപ്പോഴും വെള്ളത്തില്‍നിന്നും ജീവനുള്ള മണ്ണിരയെപ്പോലും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത കുടിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളം ജില്ലയിലാണ്. രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനും മൂന്നാംസ്ഥാനം കോട്ടയത്തുമാണ്. ജലഅതോറിറ്റിയുടെയും കരിങ്കല്‍ക്വാറിയിയിലെയും വെള്ളംവരെ ശുദ്ധീകരിക്കാതെ കുപ്പിയിലാക്കി വില്‍ക്കുന്നുണ്ട്.
അണുനശീകരണത്തിനുള്ള ശാസ്ത്രീയമാര്‍ഗം അവലംബിക്കാതെ തയ്യാറാക്കുന്ന കുടിവെള്ളം ഉപയോഗിച്ചാല്‍ മാരകരോഗങ്ങള്‍വരെ വരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാലക്കാട് ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലും കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോടുചേര്‍ന്നും തിരുവനന്തപുരത്തെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നും വലിയതോതില്‍ കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റാന്റ്, കാറ്ററിങ് കമ്പനികള്‍, ലോഡ്ജുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ വഴിയാണ് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ കുടിവെള്ളം വിറ്റഴിക്കുന്നത്. ഏറ്റവും ലാഭകരമായ വ്യാപാരമായതിനാലാണ് ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ പെരുകാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.
ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ബോട്ടിലുകള്‍ വീണ്ടുംവീണ്ടും ഉപയോഗിക്കുന്നതും ഇവരുടെ പതിവാണ്.  കുടിവെള്ള മാഫിയയെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. മലയാളികള്‍ പ്രതിദിനം കുപ്പിവെള്ളത്തിനായി അരക്കോടി രൂപ മുടക്കുന്നുണ്ടെന്നാണ് കണക്ക്. വ്യാജ കുപ്പിവെള്ള കമ്പനികള്‍ കോടികളുടെ നികുതിവെട്ടിപ്പ് നടത്തുന്നതായും ആരോപണമുണ്ട്.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക