|    Nov 19 Sun, 2017 2:13 pm
FLASH NEWS

വ്യാജ ഒപ്പിട്ട് ശമ്പളം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ പരാതി നല്‍കും

Published : 11th August 2017 | Posted By: fsq

 

തൃശൂര്‍: ജോലിക്കെത്താത്ത കണ്ടിജന്റ് ജീവനക്കാരന്റെ വ്യാജ ഒപ്പിട്ട് ശമ്പളം അടിച്ചുമാറ്റിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി യു മനോജ് കുമാറിനെതിരെ പോലിസില്‍ പരാതി നല്‍കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. അഞ്ച് മാസമായി 113 ദിവസത്തെ ശമ്പളമാണ് ജെ.എച്ച്.ഐ തട്ടിയെടുത്തതെന്നും ഗുരുതരമായ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വകുപ്പ് തലത്തിലൊതുക്കരുതെന്നും ക്രിമിനല്‍ കുറ്റത്തിന് പോലിസ് നടപടി തന്നെ വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യമുന്നയിച്ചു. കൊക്കാല സര്‍ക്കളിലെ ജൂനിയര്‍ ഹെര്‍ത്ത് ഇന്‍സ്‌പെക്ടറായ മനോജ്കുമാര്‍ അനധികൃതമായി കുറെകാലമായി ജോലിക്കെത്താത്ത അര്‍ജുനന്‍ എന്ന കണ്ടിജന്റ് തൊഴിലാളിയുടെ ഹാജര്‍ വ്യാജമായി രേഖപ്പെടുത്തി ശമ്പളം എഴുതി വാങ്ങിയെടുത്തുവെന്നാണ് കണ്ടെത്തിയത്. പുതിയതായി എത്തിയ എച്ച്.ഐ ആണ് തട്ടിപ്പ് കണ്ടെത്തിയത്. മേയറുടെ നിര്‍ദ്ദേശമനുസരിച്ച് മനോജ് കുമാറിനെ കയ്യോടെ സംസ്‌പെന്റ് ചെയ്തിരുന്നു. നടപടി അംഗീകാരത്തിനായി കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കെത്തിയപ്പോഴാണ് ക്രിമിനല്‍ നടപടി തന്നെ വേണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്. ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ക്കു മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് എം കെ മുകുന്ദന്‍, എ പ്രസാദ്, കെ മഹേഷ്, പ്രേമകുമാരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.വിശദ അന്വേഷണത്തിനായി അഡീഷ്ണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടനെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലിസില്‍ പരാതി നല്‍കുമെന്നും സെക്രട്ടറി ഇന്‍ചാര്‍ജ് വിശദീകരിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സര്‍ക്കിളിലെ മുന്‍ എച്ച്.ഐ മാരായ പി ശിവന്‍, പി മൊയ്തു എന്നിവര്‍ക്കും മെമ്മോ നല്‍കിയിട്ടുണ്ട്. പൂരക്കാലത്ത് റെയ്ഡിന്റെ പേരില്‍ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി ഭക്ഷണവും മദ്യവും വാങ്ങിയെന്ന ആരോപണ വിധേയനായി സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് ശിവന്‍. നടപടിക്കെതിരെ ട്രിബ്യൂണലില്‍നിന്നും അനുകൂലവിധി നേടി വീണ്ടും അയ്യന്തോള്‍ സര്‍ക്കളില്‍ ശിവന്‍ സേവനമനുഷ്ടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക