|    Mar 24 Fri, 2017 10:02 am
FLASH NEWS

വ്യാജ ഏറ്റുമുട്ടല്‍ കൊല രാഷ്ട്രീയായുധമല്ല

Published : 3rd March 2016 | Posted By: SMR

2004 ജൂണ്‍ 15നു മുംബൈയില്‍ നിന്നുള്ള 19കാരിയായ ഇശ്‌റത്ത് ജഹാനും മൂന്നു യുവാക്കളും അഹ്മദാബാദ് പോലിസിന്റെ വെടിയേറ്റു മരിച്ച സംഭവം ബിജെപി പാര്‍ലമെന്റില്‍ വീണ്ടും വിവാദമാക്കിയിരിക്കുന്നതു സമീപകാലത്തുണ്ടായ പലതരം തിരിച്ചടികളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നു തീര്‍ച്ച. യുപിഎ ഭരണകാലത്ത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന പി ചിദംബരം കേസ് സംബന്ധിച്ചു കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നു സര്‍വീസില്‍ നിന്നു പിരിഞ്ഞ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ നല്‍കിയ അഭിമുഖം ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി എംപിമാര്‍ ബഹളം വയ്ക്കുന്നത്.
നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍പെട്ടിരുന്ന ഡിഐജി ഡി ജി വന്‍സാരെയും സംഘവുമാണ് ഇശ്‌റത്ത് ജഹാനെയും സംഘത്തെയും വെടിവച്ചു കൊന്നത്. സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, ഭാര്യ കൗസര്‍ബി, സുഹ്‌റാബുദ്ദീന്റെ സുഹൃത്തായ പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചെട്ടു വര്‍ഷം വിചാരണത്തടവുകാരനായിരുന്ന വന്‍സാരെ അടുത്തു പുറത്തിറങ്ങിയതേയുള്ളൂ. സുഹ്‌റാബുദ്ദീന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ അയാളുടെ പോലിസ് അഗ്നിക്കിരയാക്കുകയായിരുന്നു. ഗുജറാത്തില്‍ നടക്കുന്ന ഏറ്റുമുട്ടലൊക്കെ പോലിസ് കണ്ണില്‍ച്ചോരയില്ലാതെ നടത്തുന്ന കൊലപാതകങ്ങളാണെന്ന വസ്തുത പുറത്തുവന്നപ്പോഴാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. 2009ല്‍ അഹ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നു സ്ഥിരീകരിച്ചു. 2011ല്‍ പ്രത്യേകാന്വേഷണസംഘം കോടതിയുടെ നിഗമനം സാധൂകരിക്കുകയും ചെയ്തു.
ഈ കേസ് നരേന്ദ്ര മോദിയടക്കമുള്ള ഗുജറാത്തിലെ ഹിന്ദുത്വ നേതാക്കള്‍ക്കു വെല്ലുവിളിയായി നില്‍ക്കുമ്പോഴാണ് അമേരിക്കയില്‍ നിന്നുള്ള ഒരു മാപ്പുസാക്ഷി അവതരിക്കുന്നത്. അമേരിക്കന്‍ ചാരനാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത ഡേവിഡ് കോള്‍മന്‍ ഹെഡ്‌ലി അമേരിക്കന്‍ ജയിലില്‍ വച്ചു വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗമിന്റെ മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കു നല്‍കിയ അവ്യക്തസുന്ദരമായ ഉത്തരങ്ങള്‍ ഉപയോഗിച്ചാണ് കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്.
യഥാര്‍ഥത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ജെഎന്‍യുവിലും ഭരണത്തിലിടപെടാന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യവ്യാപകമായുണ്ടാക്കിയ പ്രതിഷേധത്തില്‍ നിന്നു തലയൂരാനാണ് ബിജെപി ബഹളം വയ്ക്കുന്നത്. ജെഎന്‍യുവിനെ ശാഖാ പരിശീലന കേന്ദ്രമാക്കാന്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ പരാജയപ്പെട്ടിരിക്കയാണ്. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് കുറ്റവാളികളെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും വിചാരണ നടത്തി ശിക്ഷിക്കുകയുമാണു വേണ്ടത്. അവര്‍ ലശ്കറെ ത്വയ്യിബയായാലും അതാണു ചെയ്യേണ്ടത്. ഹിന്ദുത്വരുടെ രാഷ്ട്രീയ പ്രകടനത്തിന് ആയുധമാക്കാവുന്നതല്ലാ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍.

(Visited 256 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക