|    Nov 16 Fri, 2018 12:28 am
FLASH NEWS

വ്യാജ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് ; യുവാവ് പിടിയില്‍

Published : 7th June 2017 | Posted By: fsq

 

 

നിലമ്പൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാജ ഉദ്യോഗസ്ഥനായി ചമഞ്ഞ് പണതട്ടിപ്പ് നടത്തിയ യുവാവ് പോലിസിന്റെ പിടിയിലായി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് മൂളിയേങ്ങലിലെ പനമ്പ്രമ്മല്‍ സുബൈര്‍ (35) ആണ് വഴിക്കടവ് പോലിസിന്റെ പിടിയിലായത്. മഞ്ചേരി, എടക്കര കാലിചന്തകളില്‍ ക്ഷീര വികസന വകുപ്പ് വിജിലന്‍സ് വിഭാഗം നോഡല്‍ ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് വഴിക്കടവ് പോലിസിന്റെ പിടിയിലായത്. കന്നുകാലി ചന്തകളില്‍ എത്തി കാലികളെ കശാപ്പിനായി വില്‍പന നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്ന് കാണിച്ച് കാലികളെ കൊണ്ടുവന്ന വാഹനങ്ങളില്‍ നിന്ന് 200 രൂപ മുതല്‍ 2000 രൂപവരെ പിഴയെന്ന പേരില്‍ ചുമത്തിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇതിന് സര്‍ക്കാര്‍ മുദ്രയുള്ള രശീതിന്റെ പകര്‍പ്പും നല്‍കാറുണ്ട്. എടക്കര കാലിചന്തയില്‍ വന്ന് തട്ടിപ്പു നടത്തിയ വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. ചുങ്കത്തറ, എടക്കര എന്നിവിടങ്ങളില്‍ വഴിയില്‍ വച്ചും കാലികളെ കൊണ്ടുവന്ന വാഹനങ്ങള്‍ കൈകാണിച്ച് തടഞ്ഞ് ഇത്തരത്തില്‍ പണം വാങ്ങി തട്ടിപ്പു നടത്തിയിരുന്നു. പണം വാങ്ങിയ വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വഴിക്കടവ് വെറ്ററിനറി ഡോക്ടര്‍ ഇയാളോട് ഐഡി കാര്‍ഡ്കാര്‍ഡും മറ്റു വിവരങ്ങളും കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒറിജിനലെന്ന് തോന്നിക്കുന്ന ഐഡി കാര്‍ഡ് ഇയാള്‍ ഡോക്ടറെ കാണിച്ചെങ്കിലും ചുമതലപ്പെടുത്തിയ ഓര്‍ഡറിന്റെ പകര്‍പ്പ് ഫോട്ടോകോപ്പിയെടുത്തു തരാമെന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങി. വിവരമറിഞ്ഞ് വഴിക്കടവ് പോലിസും സംഘവും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. കേരള സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗം, ക്ഷീര വികസന വകുപ്പ് എന്ന സ്റ്റിക്കര്‍ മുന്നിലും പിറകിലും പതിച്ച ഇയാളുടെ ആക്ടിവ സ്‌കൂട്ടറിലാണ് ചന്തയിലേക്ക് വന്നിരുന്നത്. വാഹനത്തിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ പോലിസിന് സാധിച്ചത്. വെള്ളിയാഴ്ച പ്രതി എടക്കര ടൗണിലെ ഒരു ലോഡ്ജില്‍ വിജിലന്‍സ് ഓഫിസര്‍ തൊടുപുഴ എന്ന വിലാസത്തില്‍ മുറിയെടുത്ത് താമസിച്ചതായും കണ്ടെത്തി. ലോഡ്ജ് ഉടമ ഇയാള്‍ നല്‍കിയ ഐഡികാര്‍ഡിന്റെ ഫോട്ടോ മൊബൈലില്‍ സൂക്ഷിച്ചതും അന്വേഷണത്തിന് കൂടുതല്‍ സഹായകരമായി. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തിയത്. 2001ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ഡോക്ടര്‍മാരുടെ കോട്ടും സ്‌റ്റെതസ്‌കോപ്പും വച്ച് വാര്‍ഡുകളില്‍ രോഗികളെ പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഓഫിസര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലിസ് ഇയാളെ ആള്‍മാറാട്ടത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കുന്ദമംഗലം കോടതി ശിക്ഷിച്ചിട്ടുണ്ട്. ജൂനിയര്‍ റെഡ് ക്രോസ് ഇന്‍സ്ട്രക്ടര്‍ ട്രെയ്‌നി ആയി 19ാം വയസില്‍ പ്രാക്ടീസ് ചെയ്ത പരിചയത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ഇത്തരത്തില്‍ തട്ടിപ്പിന് തിരഞ്ഞെടുത്തത്. 2006ല്‍ അംബാസിഡര്‍ കാറില്‍ സബ് കലക്ടര്‍ എന്ന ബോര്‍ഡ് വച്ച് സഞ്ചരിക്കുകയും, ഒരു വീട്ടില്‍ സബ് കലക്ടര്‍ എന്ന വ്യാജേന താമസിച്ചുവരികയും ചെയ്തതിന് തലശ്ശേരി എടക്കാട് പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കോഴിക്കോട് ടൗണിലെ വിവിധ കടകളില്‍ നിന്ന് ഡിടിപി സെന്ററുകളില്‍ നിന്നുമാണ് സീലുകളും ഐഡികാര്‍ഡുകളും സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പും ഉണ്ടാക്കുന്നത്. 2004ല്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ബ്രെയിന്‍ ട്യൂമറിന് ഓപറേഷന്‍ കഴിഞ്ഞിറങ്ങിയ പ്രതി അസുഖം മാറിയതോടെ വീണ്ടും വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിപ്പു നടത്തിവരികയാണ്. വീട്ടില്‍ പശുവിനെ വളര്‍ത്തുന്ന പ്രതി സൊസൈറ്റിയില്‍ പാല്‍ അളക്കാന്‍ നിന്ന പരിചയമാണ് ക്ഷീരവികസന വകുപ്പ് ഓഫിസറാകാന്‍ പ്രേരിപ്പിച്ചത്. എടക്കര ചന്തയിലെ കാലിവില്‍പന നടത്തുന്ന കിഴക്കേക്കര ഇസ്മായിലിന്റെ പരാതിയിലാണ് ഇയാളെ പേരാമ്പ്രയിലെ വീട്ടില്‍ വച്ച് വഴിക്കടവ് പോലിസ് കസ്റ്റഡിയിലെടുത്തത്. എടക്കര സി ഐ സന്തോഷിന്റെ നേതൃത്വത്തില്‍ വഴിക്കടവ് എസ് ഐ അഭിലാഷ്, അഡീ.എസ്‌ഐ അജയന്‍, എഎസ്‌ഐ എം അസൈനാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അന്‍വര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ എന്‍പി സുനില്‍, സൂര്യകുമാര്‍, ജയേഷ്, ഹോംഗാര്‍ഡ് അസീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കൂടൂതല്‍ തെളിവെടുപ്പിനായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss