|    Mar 26 Sun, 2017 7:09 am
FLASH NEWS

വ്യാജ ആത്മീയവേഷങ്ങളെ സൂക്ഷിക്കുക

Published : 2nd April 2016 | Posted By: SMR

പ്രവാചകവൈദ്യമെന്ന പേരുപറഞ്ഞ് സാമ്പത്തിക അഴിമതിയും ലൈംഗിക പീഡനവും നടത്തിയ ഒരാളെ ഈയിടെ കോഴിക്കോട്ട് വച്ച് പോലിസ് അറസ്റ്റ് ചെയ്തു. വ്യാജ സിദ്ധന്മാരെയും കപടസന്ന്യാസിമാരെയും അവരുടെ നാനാതരം തട്ടിപ്പുകളുടെ പേരില്‍ പിടികൂടുന്ന വാര്‍ത്തകളുടെ തുടര്‍ച്ച മാത്രമാണിത് എന്ന് കരുതി നമുക്ക് സമാധാനിക്കാമോ? ഇത്തരം ആളുകള്‍ പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും വീണ്ടും പല പേരുകളിലും തലപൊക്കുന്നതാണ് അനുഭവം. ഇപ്പോള്‍ പിടിയിലായ ആളുടെ കാര്യം തന്നെ എടുക്കുക. മുമ്പും പലതവണ അയാളുടെ പേരില്‍ ആരോപണങ്ങളുണ്ടാവുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അയാള്‍ക്ക് തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്നു. ഇരകളാവാന്‍ ആളുകള്‍ അഹമഹമികയാ തിക്കും തിരക്കും കൂട്ടുന്നു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളത്. മതമേതായാലും തട്ടിപ്പുകള്‍ നിര്‍ബാധം നടത്താന്‍ സാധിച്ചാല്‍ മതി എന്ന് ഇത്തരം വ്യാജ ആത്മീയഗുരുക്കളും പറയും. ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്ന ഭേദമൊന്നും ഇത്തരം വ്യാജ ആത്മീയതയുടെ വളര്‍ച്ചയില്‍ ഇല്ല. ആത്മീയവ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതരത്തിലാണ് മാധ്യമങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയുമെല്ലാം പൊതുവെയുള്ള നിലപാടുകളും. ഇപ്പോള്‍ പിടിയിലായ പ്രവാചകവൈദ്യത്തട്ടിപ്പുകാരന് മലയാള ഭാഷയില്‍ പുറത്തിറങ്ങുന്ന പല പ്രസിദ്ധീകരണങ്ങളും വലിയ പിന്തുണ നല്‍കിയിരുന്നു. അദ്ദേഹം നടത്തിയിരുന്ന പുസ്തകപ്രകാശനങ്ങളിലും സെമിനാറുകളിലും മറ്റും സമൂഹത്തിലെ പല ഉന്നതരും പങ്കെടുത്തിരുന്നു. അയാളുടെ പുസ്തകത്തിന് പ്രശസ്തരായ ഡോക്ടര്‍മാരാണ് അവതാരികയും ആമുഖക്കുറിപ്പുമെഴുതിയിട്ടുള്ളത്. ആത്മീയത മറയാക്കിയാണ് ഇത്തരം ആളുകള്‍ തങ്ങളുടെ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നത് എന്നതാണു കഷ്ടം. ആള്‍ദൈവങ്ങള്‍ പ്രഗല്ഭരായ ശാസ്ത്രജ്ഞന്മാരെയും മറ്റും വരുതിയിലാക്കുന്നതുപോലെ തന്നെ.
ആത്മീയതയെ തട്ടിപ്പുകാര്‍ സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നതുപോലെ തന്നെ അപകടകരമാണ് രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി അതിനെ ഉപയോഗപ്പെടുത്തുന്നതും. ഡല്‍ഹിയില്‍ ഈയിടെ നടന്ന സൂഫി സമ്മേളനം അതിന്റെ പ്രകടമായ ഉദാഹരണമാണ്. ഹിന്ദുത്വരാഷ്ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചുക്കാന്‍പിടിച്ച പ്രസ്തുത സമ്മേളനത്തില്‍ ‘ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന’ സിദ്ധാന്തത്തിന്റെ ബലത്തില്‍ കേരളത്തിലെ ചില ആത്മീയാചാര്യന്മാരും പങ്കെടുത്തു. ആത്മീയസിദ്ധികളുണ്ടെന്നു വിശ്വസിക്കുന്ന ഒരു കുടുംബപാരമ്പര്യമാണ് കേരളത്തിലെ ഒരു പ്രമുഖ ന്യൂനപക്ഷ രാഷ്ട്രീയപ്പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിക്കുന്നത്. പ്രവാചക വൈദ്യത്തട്ടിപ്പുകാരന്‍ അണിഞ്ഞ വ്യാജവേഷത്തിന്റെ മറുരൂപങ്ങള്‍ എന്നേ അവയെപ്പറ്റിയും പറയാനൊക്കുകയുള്ളൂ.
ജ്യോതിഷം, മന്ത്രവാദം, മഷിനോട്ടം, ആത്മീയ മജ്‌ലിസുകള്‍ എന്നുവേണ്ട പ്രകൃതിചികില്‍സ, യോഗവിദ്യ, ധ്യാനം തുടങ്ങിയ മേഖലകള്‍പോലും ഇന്ന് തട്ടിപ്പുകാരുടെ കൈകളിലാണ് ചെന്നെത്തിയിട്ടുള്ളത്. കതിരേത് പതിരേത് എന്നു തിരിച്ചറിയാതെ ആളുകള്‍ പരാജയപ്പെടുന്നു എന്നത് തികച്ചും സത്യം.

(Visited 211 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക