|    Oct 24 Tue, 2017 7:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാജ അവകാശവാദങ്ങളടങ്ങിയ പരസ്യം; അഭിനയിക്കുന്ന താരങ്ങള്‍ക്കും ശിക്ഷ

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി:  വ്യാജ അവകാശവാദങ്ങളുന്നയിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു. ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അടുത്താഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കും.
ഉല്‍പന്നങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ അവകാശവാദങ്ങള്‍ ശരിവയ്ക്കുന്ന താരങ്ങള്‍ക്ക് അഞ്ച് വര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയുമാണ് ഭേദഗതി നിര്‍ദേശം. വ്യാജ പരസ്യവുമായി ബന്ധപ്പെട്ട് പരാതിയുണ്ടായാല്‍ നിരപരാധിത്തം തെളിയിക്കേണ്ട ഉത്തരവാദിത്തം പരസ്യത്തില്‍ അഭിനയിച്ച താരത്തിനായിരിക്കും.
ആദ്യത്തെ തെറ്റിന് രണ്ടു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക. തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. അതോറിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് കേസെടുക്കാമെന്നും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രമുഖര്‍ക്ക് കര്‍ശനമായ ഉത്തരവാദിത്തം നല്‍കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. തെലുങ്ക്‌ദേശം പാര്‍ട്ടി അംഗം ജെ സി ദിവാകര്‍ റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
പുതുക്കിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലെ 17ാം വകുപ്പ് അനുസരിച്ച് ശബ്ദരൂപത്തിലോ ചിത്രീകരണ രൂപത്തിലോ മറ്റ് ഏതെങ്കിലും തരത്തിലോ ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രമുഖര്‍ ശിക്ഷയുടെ പരിധിയില്‍ വരും. ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നവര്‍ എന്നതിന്റെ പരിധിയില്‍ വ്യക്തികള്‍, സംഘങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയും ഉള്‍പ്പെടും. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം നിര്‍മാതാവിനും സേവന ദാതാക്കള്‍ക്കുമായിരിക്കുമെന്നും ബില്ലിലെ 75 എ വകുപ്പ് പറയുന്നു. അതോടൊപ്പം, പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റിക്കും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കും ബാധ്യതയുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക