|    Oct 21 Sun, 2018 5:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വ്യാജ അക്കൗണ്ടില്‍ നിന്ന് ഇല്ലാത്ത ഫത്‌വ; ബ്രേക്കിങ് ന്യൂസാക്കി ദേശീയ ചാനല്‍

Published : 16th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ‘ഒരു അഡാറ് ലൗ’ എന്ന മലയാള ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ തരംഗമാവുന്നതിനിടെ വ്യാജ ഫത്‌വയെ ബ്രേക്കിങ് ന്യൂസാക്കി ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ആജ് തക് ചാനല്‍. ഫെബ്രുവരി 14ന് വൈകീട്ട് പ്രൈം ടൈമിലെ ഹല്ലാ ബോല്‍ എന്ന പരിപാടിയിലാണ് ആജ് തക് അവതാരകന്‍ ഓം കശ്യപ് മലയാള സിനിമയിലെ ഗാനത്തിനെതിരേ മുസ്്‌ലിം പണ്ഡിതന്റെ ഫത്‌വ എന്ന പേരില്‍ വാര്‍ത്ത പുറത്തുവിട്ടത്.


ഒരൊറ്റ രാത്രികൊണ്ട് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട പ്രിയ വാര്യരുടെ വീഡിയോക്കെതിരേ ചില മൗലാനമാര്‍ എതിര്‍പ്പു പ്രകടിപ്പിച്ച് രംഗത്തെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. പ്രാര്‍ഥനയ്ക്കു വേണ്ടി കണ്ണടയ്ക്കുമ്പോള്‍ പ്രിയ വാര്യരുടെ മുഖം മനസ്സില്‍ വരുന്നതിനാല്‍ അതു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇതിനെതിരേ ഫത്‌വ പുറപ്പെടുവിക്കുന്നതായി മൗലാന ഖാദിരി പറഞ്ഞതായുമാണ് വാര്‍ത്തയില്‍ പറയുന്നത്.
എന്നാല്‍, ഒരു പാരഡി അക്കൗണ്ടില്‍ നിന്ന് വന്ന വ്യാജ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ആജ് തക് ഈ വാര്‍ത്ത പുറത്തുവിട്ടതെന്നതാണു രസകരം. ടൈംസ് നൗ ചാനലിനെ അനുകരിച്ച് ഉണ്ടാക്കിയ ടൈംസ് ഹൗ എന്ന പാരഡി അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. ലോഗോ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ടൈംസ് നൗ ആണെന്നു തോന്നുന്നതിനാല്‍ ആയിരക്കണക്കിനു പേരാണ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്.
ടൈംസ് ഇന്ത്യ ഗ്രൂപ്പിന്റെ ഇന്ത്യ ടൈംസ് വെബ്‌സൈറ്റും ട്വീറ്റിനെ അടിസ്ഥാനമാക്കി വാ ര്‍ത്ത പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയിലും ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
എന്നാല്‍, യഥാര്‍ഥത്തില്‍ മൗലാന ഖാദിരി എന്നൊരാള്‍ അങ്ങനെയൊരു ഫത്‌വ പുറപ്പെടുവിച്ചിട്ടില്ല. ടൈംസ് ഹൗ എന്ന പാരഡി അക്കൗണ്ടില്‍ നിന്ന് ഇതിനു മുമ്പും ഇത്തരത്തിലുള്ള തമാശ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അതൊന്നും പരിശോധിക്കാതെയാണ് ദേശീയ ചാനല്‍ ഏറ്റുപിടിച്ചത്.
വ്യാജ വാര്‍ത്തകളും വിദ്വേഷം ജനിപ്പിക്കുന്ന വാര്‍ത്തകളും പ്രോല്‍സാഹിപ്പിക്കുന്ന റിപോര്‍ട്ടര്‍മാര്‍െക്കതിരേ ട്വീറ്റ് ചെയ്തതിനു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ അതിന്റെ എഡിറ്റര്‍മാരിലൊരാളായ അംഗ്ഷുകാന്ത ചക്രബര്‍ത്തിയെ പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ വിശ്വാസ്യതയുടെ ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മാധ്യമസ്ഥാപനമാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് എന്നാണ് സ്ഥാപനത്തിന്റെ സോഷ്യല്‍ മീഡിയ എഡിറ്റര്‍ പ്രെര്‍ന കൗ ള്‍ മിശ്ര പ്രതികരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss