|    Jun 19 Tue, 2018 8:26 am

വ്യാജവാര്‍ത്താ പ്രചാരണ സംഘം വീണ്ടും, എസ്‌ഐയുടെ കാലും കൈയ്യും തല്ലിയൊടിച്ചെന്ന് വ്യാജ വാര്‍ത്ത; ഉറവിടം തേടി പോലിസ്

Published : 26th January 2017 | Posted By: fsq

 

ചാവക്കാട്: എസ്‌ഐക്ക് ക്രൂര മര്‍ദനമേറ്റെന്ന് വാട്‌സ്ആപ്പില്‍ വ്യാജ വാര്‍ത്ത. എറണാകുളം ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ പെരുന്നാളിനിടെ നാട്ടുകാരും പോലിസും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പുതുതായി ചുമതലയേറ്റ എസ്‌ഐക്ക് മര്‍ദനമേറ്റെന്നും കാലും കൈയ്യും ഒടിഞ്ഞ എസ്‌ഐ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുവെന്നുമുള്ള ഓഡിയോ സന്ദേശത്തിനൊപ്പം ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ ചിത്രവും കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ പ്രചരിക്കുകയായിരുന്നു. നാട്ടുകാരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷം എന്ന പേരില്‍ ഒരു മിനുട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും ഇതോടൊപ്പം പ്രചരിച്ചിരുന്നു. ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് വാര്‍ത്ത പ്രചരിച്ചതോടെ സത്യാവസ്ഥയറിയാന്‍ ചാവക്കാട് എസ്‌ഐയുടെ ഫോണിലേക്കും സ്‌റ്റേഷനിലേക്കും കോളുകള്‍ പ്രവഹിച്ചു. ഇതോടെ താന്‍ ചാവക്കാട് സ്റ്റേഷനില്‍ തന്നെ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും വാര്‍ത്ത വ്യാജമാണെന്നു മറുപടി പറയാനേ എസ്‌ഐക്ക് നേരമുണ്ടായുള്ളൂ. മേഖലയില്‍ ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോകല്‍, രാഷ്ട്രീയ സംഘര്‍ഷം തുടങ്ങിയവയായിരുന്നു വ്യാജ വാര്‍ത്ത പ്രചാരണ സംഘത്തിന്റെ വിഷയം. പ്രവാസി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രചിക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥയറിയാന്‍ ആയിരക്കണക്കിനു പ്രവാസികളാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണിലൂടെ വിവരങ്ങള്‍ തേടുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുന്നതിനായുള്ള നടപടികള്‍ ശക്തമാക്കിയതായി പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss