|    Dec 11 Tue, 2018 9:16 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണ്?

Published : 14th November 2018 | Posted By: kasim kzm

ഇന്ത്യയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജവാര്‍ത്താ പ്രചാരണങ്ങളുടെ പ്രേരകശക്തി സംഘപരിവാരം അടക്കമുള്ള തീവ്രഹിന്ദുത്വവാദികള്‍ ഉള്‍പ്പെട്ട വലതുപക്ഷത്തിന്റെ ഭ്രാന്തമായ ദേശീയതയാണെന്ന് ഗവേഷണഫലം പുറത്തുവന്നിരിക്കുന്നു. ശന്തനു ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ബിബിസി ഓഡിയന്‍സ് റിസര്‍ച്ച് സംഘമാണ് വ്യാജവാര്‍ത്താ പ്രചാരണം ഏറ്റവും കൂടുതലുള്ള ഇന്ത്യ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ഗവേഷണം നടത്തിയത്. ഇന്ത്യയില്‍ മോദി അനുകൂല രാഷ്ട്രീയപ്രവര്‍ത്തനം സംഘടിപ്പിക്കുന്നവര്‍ക്കും വ്യാജവാര്‍ത്താ ഉറവിടങ്ങള്‍ക്കും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പഠനം തെളിയിച്ചത്.
മുഖ്യമായും വാര്‍ത്തകള്‍ പ്രചരിക്കുന്നത് ട്വിറ്റര്‍ വഴിയാണ്. ഇതിന്റെ ഉറവിടങ്ങള്‍ ഏറെയും ബിജെപി അനുകൂലികളുടേതാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. വ്യാജവാര്‍ത്തകളില്‍ ഗണ്യമായ ഒരു ഭാഗം രേഖകളല്ല, ചിത്രങ്ങളാണെന്നു പഠനം വ്യക്തമാക്കുന്നു. ശബരിമല ഭക്തന്റെ നെഞ്ചില്‍ പോലിസ് ചവിട്ടുന്നതായി വ്യാജചിത്രം പ്രചരിപ്പിച്ച് ബിജെപി ന്യൂഡല്‍ഹിയില്‍ വന്‍ പ്രചാരണം സംഘടിപ്പിച്ച പത്രവാര്‍ത്ത വന്ന ദിവസം തന്നെയാണ് ഇതുസംബന്ധമായ പഠനവും പുറത്തുവന്നത്.
പ്രമുഖ മാധ്യമങ്ങള്‍ പോലും ഇത്തരം വ്യാജവാര്‍ത്തകളില്‍ കുടുങ്ങിയ അനുഭവങ്ങളുണ്ട്. ഹിന്ദു ദേശീയതയിലൂന്നി തീവ്ര ദേശീയവികാരം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യംവച്ചാണ് ആര്‍എസ്എസ് നായകത്വം വഹിക്കുന്ന ഹിന്ദുത്വ വലതുപക്ഷം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും.
ഇന്ത്യ ഹിന്ദുരാജ്യമെന്ന സങ്കല്‍പം മുന്നോട്ടുവച്ചുള്ള പ്രചാരണത്തില്‍ ഹിന്ദുത്വ മേധാവിത്വം, ന്യൂനപക്ഷ വിരുദ്ധത, വേദകാലഘട്ടത്തിന്റെ പ്രകീര്‍ത്തനം, സന്ന്യാസിവര്യരുടെ നേട്ടങ്ങള്‍, പഴയ ആചാരങ്ങളുടെ പുനരുത്ഥാനവും നിലനിര്‍ത്തലും, ഇന്ത്യയുടെ നേട്ടങ്ങളുയര്‍ത്തി ദേശീയവികാരം പടര്‍ത്തല്‍, മോദിമാഹാത്മ്യ ഉദ്‌ഘോഷണം എന്നിവ യാഥാര്‍ഥ്യം പരിശോധിക്കാതെ പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം വ്യാജവാര്‍ത്തകളുടെ നിരവധി ഉദാഹരണങ്ങളും ബിബിസി ഗവേഷണ സംഘം നിരത്തുന്നുണ്ട്. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ തങ്ങള്‍ പങ്കാളികളാവുന്നുവെന്നാണ് ഇതു പ്രചരിക്കുന്ന സാധാരണക്കാരന്റെ ധാരണ. പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ പിന്തുടരുന്ന അക്കൗണ്ടുകളില്‍ 56.2 ശതമാനവും യഥാര്‍ഥമാണെന്ന് ഉറപ്പില്ലാത്തവയാണെന്ന ഞെട്ടിക്കുന്ന വിവരവും ബിബിസി വെളിപ്പെടുത്തുന്നു. ഇതില്‍ തന്നെ 61.2 ശതമാനം ബിജെപി അനുകൂലികളാണ്. ശരാശരി കാല്‍ലക്ഷത്തോളം പേര്‍ പിന്തുടരുന്നതാണ് ഈ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഓരോന്നും എന്നത് ശ്രദ്ധേയമാണ്. ശരാശരി അരലക്ഷത്തോളം ട്വീറ്റുകള്‍ ഇവര്‍ പുറത്തുവിടുന്നുണ്ട്.
രാഷ്ട്രീയ സംവാദങ്ങളെയും അതുവഴി പൊതുജനാഭിപ്രായ രൂപീകരണത്തെയും സ്വാധീനിക്കാന്‍ ഈ വ്യാജവാര്‍ത്തകള്‍ക്കു കഴിയുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജനാധിപത്യ സംവിധാനത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രചാരണം. വ്യാജമായാലും യഥാര്‍ഥമായാലും നമുക്ക് ഏതു വാര്‍ത്തയും വൈറലാക്കാമെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ പാര്‍ട്ടിയിലെ സൈബര്‍ പോരാളികളെ രാജസ്ഥാനിലെ ക്യാംപില്‍ ഉദ്‌ബോധിപ്പിച്ചത് ഇതിനോട് ചേര്‍ത്തുകാണണം. വ്യാജവാര്‍ത്തകളുടെ ഉറവിടങ്ങള്‍ക്കെതിരേ നിതാന്ത ജാഗ്രത പാലിക്കുകയും ഒട്ടും വൈകാതെ അവ തുറന്നുകാട്ടുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ വെല്ലുവിളി നേരിടാനാവൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss