|    Dec 14 Fri, 2018 11:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാജവാര്‍ത്തകള്‍ക്കെതിരേ പോരാടി വലി റഹ്മാനി

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വലി റഹ്മാനി എന്ന 19 വയസ്സുള്ള കൊല്‍ക്കത്തക്കാരന്‍ ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. സോഷ്യല്‍ മീഡിയയെ വെറും കളിതമാശയായി കാണുന്ന ന്യൂജനറേഷനിടയില്‍ ഗൗരവകരമായ ഇടപെടലുകളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഈ യുവാവ്. സ്വന്തമായി നിര്‍മിക്കുന്ന വീഡിയോകളിലൂടെ ഭരണകൂടം, സര്‍ക്കാര്‍ നയങ്ങള്‍, ഭരണഘടന, മാധ്യമങ്ങള്‍, വര്‍ഗീയ വിദ്വേഷം, വ്യാജവാര്‍ത്തകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വലി റഹ്മാനി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു.
ഡല്‍ഹിയില്‍ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ഥിയായ റഹ്മാനി പലപ്പോഴും ദേശീയ ചാനല്‍ ചര്‍ച്ചകളിലും പൊതുപരിപാടികളിലുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 1.7 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഫേസ്ബുക്കില്‍ 1.23 ലക്ഷം പേര്‍ റഹ്മാനിയെ ഫോളോ ചെയ്യുന്നു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് റഹ്മാനി പറയുന്നു. വര്‍ഷങ്ങളായി ഒരു പ്രത്യേക സമുദായത്തിനെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഒരാള്‍ എങ്ങനെ യുപി പോലൊരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി എന്നത് എന്നെ അമ്പരപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു. ഇതുപോലൊരാള്‍ മുഖ്യമന്ത്രിയാവുന്നെങ്കില്‍ രാജ്യം എങ്ങോട്ടാണ് പോവുന്നത് എന്നതിനെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ഞാന്‍ ആദ്യമായി ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യുന്നത്. ആ വീഡിയോ വൈറലായി.
അതാണ് എല്ലാ ഭീഷണികളെയും അതിജീവിച്ച് ആ വഴിയില്‍ മുന്നോട്ടുപോകാന്‍ തനിക്ക് പ്രചോദനമേകിയതെന്ന് റഹ്മാനി പറയുന്നു. മുസ്‌ലിംകളും ദലിതുകളും ആദിവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിച്ചപ്പോള്‍ ധാരാളം ഭീഷണികള്‍ വന്നിരുന്നു. തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ബിജെപി ഐടി സെല്ലായിരുന്നു അതിനു പിന്നില്‍.
ഈ സമയത്താണ് കുറച്ചുകൂടി വിശാലമായ വിഷയങ്ങളിലേക്ക് പോകണമെന്ന തോന്നലുണ്ടായത്. അങ്ങനെയാണ് ചരിത്രപരമായ വസ്തുതകള്‍, സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു, സര്‍ക്കാര്‍ പണത്തിന്റെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വീഡിയോകള്‍ നിര്‍മിച്ചത്. ഇപ്പോള്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നവരില്‍ പകുതിയിലേറെയും അമുസ്‌ലിംകളാണ്- റഹ്മാനി പറഞ്ഞു.
പല മാധ്യമങ്ങളും രാഷ്ട്രീയക്കാരില്‍ നിന്ന് പണം സ്വീകരിച്ച് അവരുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. വാട്ട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ വരുന്ന വാര്‍ത്തകളെ ജനങ്ങള്‍ അമിതമായി വിശ്വസിക്കുന്ന സാഹചര്യമുണ്ട്. ഇത് തുറന്നുകാട്ടാന്‍ യുവാക്കള്‍ രംഗത്തുവരണം. എന്നാല്‍, നല്ല അറിവും വായനയും ഉണ്ടെങ്കിലേ അതിന് സാധിക്കൂ- റഹ്മാനി ചൂണ്ടിക്കാട്ടി.
തന്റെ പാതയിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരുന്നതിനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താനെന്ന് റഹ്മാനി പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss