|    Nov 17 Sat, 2018 11:29 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വ്യാജവാര്‍ത്തകളും സ്മൃതി ഇറാനിയും

Published : 7th April 2018 | Posted By: kasim kzm

കരണ്‍  ഥാപ്പര്‍
കേന്ദ്രസര്‍ക്കാരില്‍ ടെക്‌സ്റ്റൈല്‍സും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കൈകാര്യം ചെയ്യുന്ന സ്മൃതി ഇറാനി സര്‍ക്കാരിന് ഒരു വലിയ ബാധ്യതയാവുന്നുണ്ടോ? അവര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ‘വ്യാജവാര്‍ത്തകളെ’ തടയാനുള്ള നടപടി സംബന്ധിച്ച പത്രക്കുറിപ്പ് അത്തരമൊരു സൂചനയാണ് നല്‍കുന്നത്. പക്ഷേ, ഇത്തരം അബദ്ധങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം ഇതാദ്യമല്ല എന്നും ഓര്‍ക്കണം. നേരത്തേ പലതവണ അങ്ങനെ പലതും സംഭവിച്ചതാണ്. ഓരോ തവണയും സ്വയം വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ ചവിട്ടിയാണ് അവര്‍ വീണിട്ടുള്ളതും. നേരത്തേ നടന്ന ചില സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തുനോക്കുന്നത് നല്ലതാണ്.
വ്യാജവാര്‍ത്തകള്‍ക്ക് മൂക്കുകയറിടാന്‍ നടത്തിയ കടന്നാക്രമണമാണ് അവരുടെ ഇടപെടലുകളില്‍ ഏറ്റവും മോശം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വളരെ അസാധാരണ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഒരു മന്ത്രാലയത്തിന്റെ നടപടികളില്‍ അത്ര അടിയന്തരമായി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് തിരുത്തല്‍ നടത്തേണ്ടിവരുന്നത്. മാത്രമല്ല, അത്തരം തിരുത്തലുകള്‍ പരസ്യമായിത്തന്നെ നടത്തുന്നതും അപൂര്‍വ സന്ദര്‍ഭമാണ്. തന്റെ നിലപാട് തെറ്റിപ്പോയി എന്നു മനസ്സിലാക്കി അവര്‍ക്ക് തിരുത്താനുള്ള സമയം പോലും ഇത്തവണ നല്‍കപ്പെട്ടില്ല. നിലപാട് തിരുത്താന്‍ അവര്‍ക്കു മേലെ നിന്ന് ഉത്തരവ് ലഭിക്കുകയായിരുന്നു.
എന്നാല്‍, സ്മൃതി ഇറാനിക്ക് ഇത്തരം അബദ്ധങ്ങള്‍ പുതിയതല്ല. അത് 2014ല്‍ അവര്‍ അധികാരത്തില്‍ വന്നകാലം മുതലേ തുടങ്ങിയതാണ്. ആദ്യത്തെ സംഭവം അവരുടെ ബാച്ചിലര്‍ ഡിഗ്രി സംബന്ധിച്ച അവകാശവാദമായിരുന്നു. അതേത്തുടര്‍ന്ന് അവരെ മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് ഒഴിവാക്കി. അപ്പോഴേക്കും അവര്‍ മാധ്യമങ്ങളില്‍ ‘എന്‍ഡിഎ സര്‍ക്കാരിലെ ഏറ്റവും വിവാദ’മുണ്ടാക്കുന്ന അംഗം എന്ന സ്ഥാനം നേടിയെടുത്തുകഴിഞ്ഞിരുന്നു.
എന്നാല്‍, അവരുടെ ഏറ്റവും മോശമായ നടപടികള്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടാണ് സംഭവിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ഉടനെയാണ് ആദ്യത്തെ നടപടി പുറത്തുവന്നത്. അവര്‍ക്കു കാര്യങ്ങളെ സംബന്ധിച്ച യാതൊരു വ്യക്തതയുമില്ല എന്ന സംഗതി വ്യക്തമാക്കിയ ഒരു സംഭവമായിരുന്നു അത്. അവര്‍ക്കു നര്‍മബോധവും തരിമ്പുമില്ല എന്ന് അതു വെളിവാക്കി.
സംഭവം തുടങ്ങിയത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഒരു പടം പ്രസിദ്ധീകരിച്ചതോടെയാണ്. സൗഹൃദദിനത്തോടനുബന്ധിച്ച് പിടിഐ, നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും മുഖംമൂടി ധരിച്ച രണ്ടുപേരുടെ പടം പുറത്തിറക്കി. സാധാരണ നിലയിലുള്ള തമാശ നിറഞ്ഞ ഒരു സംഗതി. അതില്‍ അപകടകരമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അത് മന്ത്രിയെ അതീവ പ്രകോപിതയാക്കി. ‘ഇങ്ങനെയാണോ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ കൈകാര്യം ചെയ്യേണ്ടത്’- അവര്‍ ട്വിറ്ററില്‍ പിടിഐ നേതൃത്വത്തോട് തട്ടിക്കയറി. ‘ഇത് നിങ്ങളുടെ ഔദ്യോഗിക നിലപാടാണോ’ എന്ന് അറിയണമെന്നും അവര്‍ പ്രഖ്യാപിച്ചു.
സാധാരണനിലയില്‍ വാര്‍ത്താമൂല്യമുള്ളത് എന്ന നിലയില്‍ ഏജന്‍സി നല്‍കിയ പടം മന്ത്രിക്ക് സ്വീകാര്യമായില്ല എന്നതാണ് സംഭവം വെളിവാക്കിയത്. വാര്‍ത്താ ഏജന്‍സിക്ക് തങ്ങളുടെ പടങ്ങള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനുള്ള അവകാശത്തെയാണ് അവര്‍ ചോദ്യം ചെയ്തത്. മാത്രമല്ല, രാഷ്ട്രീയനേതാക്കളെ കളിയാക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഏറ്റവും പ്രധാനം, മാധ്യമങ്ങളെ വരുതിക്കു നിര്‍ത്താന്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് അധികാരമുണ്ട് എന്ന നിലപാടാണ് അവര്‍ കാണിച്ചത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തോട് തങ്ങളുടെ സര്‍ക്കാരിനു പ്രതിബദ്ധതയുണ്ട് എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല.
ആ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് പിടിഐ ക്ഷമാപണം നടത്തേണ്ടിവരുകയും ചെയ്തു. താന്‍ വമ്പിച്ച വിജയം നേടി എന്ന തോന്നല്‍ സംഭവം അവരില്‍ ഉളവാക്കിയിരിക്കും. പക്ഷേ, എന്താണ് അഭിപ്രായസ്വാതന്ത്ര്യം എന്ന കാര്യം പോലും അവര്‍ക്ക് അറിയില്ല എന്ന സത്യവും അതു വെളിപ്പെടുത്തി. ഓര്‍വെല്‍ പറഞ്ഞപോലെ, ആരെയെങ്കിലും അലോസരപ്പെടുത്തുന്ന എന്തെങ്കിലും പറയുമ്പോഴാണ് അത് സ്വതന്ത്രമായ അഭിപ്രായമാവുന്നത്. ഇങ്ങനെ അലോസരമുണ്ടാവുന്നത് പ്രധാനമന്ത്രിക്കോ മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കോ ആണെങ്കില്‍ അത് സ്വാതന്ത്ര്യത്തിനു നല്‍കേണ്ടിവരുന്ന ഒരു പിഴയായി കണക്കിലെടുക്കുകയാണ് ഉത്തമം.
അതിനേക്കാള്‍ ഗുരുതരമായ സംഗതിയാണ് പ്രസാര്‍ ഭാരതിയുമായി അവരുടെ ഉരസലുകള്‍. അതിനു മുമ്പ്, പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ സൂര്യപ്രകാശിന്റെ രൂക്ഷമായ പ്രതികരണത്തിന്റെ സ്വഭാവം ശ്രദ്ധിക്കുക. അദ്ദേഹത്തെ ആ സ്ഥാനത്ത് ഇരുത്തിയത് ഇതേ എന്‍ഡിഎ സര്‍ക്കാര്‍ തന്നെയാണ് എന്നതും ഓര്‍ക്കണം. പഴയ യുപിഎ സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ട ആളല്ല ആദ്ദേഹം.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ”പ്രസാര്‍ ഭാരതി നിയമത്തോട് തങ്ങള്‍ക്കു പരമപുച്ഛമാണ് എന്ന നിലപാടാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുള്ളത് എന്ന് അവരുടെ പല ഉത്തരവുകളും വെളിപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, അങ്ങനെയൊരു നിയമം പോലും നിലനില്‍ക്കുന്നതായി അവര്‍ അംഗീകരിക്കുന്നില്ലെന്നു തോന്നുന്നു.” ഇത്തരം ഉത്തരവുകള്‍ പ്രസാര്‍ ഭാരതി നിയമത്തെ മാത്രമല്ല, അത് പാസാക്കിയ പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് എന്ന് പ്രസാര്‍ ഭാരതി ചെയര്‍മാന്‍ പറഞ്ഞു.
പ്രധാന തര്‍ക്കവിഷയം, പ്രസാര്‍ ഭാരതി സിഇഒയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തല്‍ നടത്തുന്നത് മന്ത്രാലയവും മന്ത്രിയും ആയിരിക്കണം എന്ന മന്ത്രിയുടെ കടുംപിടിത്തമാണ്. ഇത് തീര്‍ത്തും അന്യായവും നിയമവിരുദ്ധവുമാണ് എന്നാണ് ചെയര്‍മാന്റെ നിലപാട്. അത് പ്രസാര്‍ ഭാരതി നിയമത്തിലെ 6 (ഢകക) വകുപ്പിന്റെ ലംഘനമാണ്. കാരണം, പ്രസാര്‍ ഭാരതി സിഇഒ ആ കോര്‍പറേഷന്റെ ജീവനക്കാരനാണ്; മന്ത്രാലയത്തിന്റെയല്ല.
എന്നാല്‍, പ്രസാര്‍ ഭാരതിയും മന്ത്രാലയവും തമ്മിലുള്ള തര്‍ക്കത്തിനു വേറെയും കാരണങ്ങളുണ്ട്. ഫെബ്രുവരിയില്‍ പ്രസാര്‍ ഭാരതിയിലെ കരാര്‍ജീവനക്കാരെ മുഴുവന്‍ ഒഴിവാക്കാന്‍ മന്ത്രാലയം ഉത്തരവു നല്‍കി. പ്രസാര്‍ ഭാരതിക്ക് സ്വന്തം ജീവനക്കാരെ നിയമിക്കാനുള്ള അവകാശത്തെ തടയുന്ന നീക്കമായിരുന്നു അത്. കോര്‍പറേഷന്റെ ബോര്‍ഡില്‍ ഒരു ഐഎഎസ് ഓഫിസറെ നിയമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലുള്ള നിബന്ധനകളെ അവഗണിക്കുന്ന ഉത്തരവായിരുന്നു അത്. ദൂരദര്‍ശന്‍, എഐആര്‍ വാര്‍ത്താ വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ കാഡര്‍ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പ്രസാര്‍ ഭാരതിക്ക് സ്വന്തം നിലയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ 2.92 കോടി രൂപയ്ക്ക് മുംബൈയിലെ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ധനകാര്യമന്ത്രാലയം പ്രസാര്‍ ഭാരതിക്ക് അനുവദിച്ച പണം മന്ത്രാലയം തടഞ്ഞുവയ്ക്കുക പോലും ചെയ്തു. പ്രസാര്‍ ഭാരതിയെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള നീക്കം.
അതിനാല്‍ ഇപ്പോള്‍ പ്രസാര്‍ ഭാരതി കോര്‍പറേഷനും മോദി സര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്. ചെയര്‍മാന്‍ സൂര്യപ്രകാശ് ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും അവര്‍ക്കു പിന്നില്‍ ആരാണ് എന്ന കാര്യം വളരെ വ്യക്തമാണ്.
അതിനു പിന്നാലെയാണ് വ്യാജ വാര്‍ത്തകളുടെ പേരില്‍ പത്രപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ തടയാന്‍ നടത്തിയ നീക്കങ്ങള്‍. എന്താണ് വ്യാജവാര്‍ത്ത എന്ന് അത്ര എളുപ്പത്തില്‍ കണ്ടെത്തി നടപടിയെടുക്കാന്‍ ആവില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യാജവാര്‍ത്ത പല തലത്തില്‍ വരാം; അതിന് ഒരു പത്രപ്രവര്‍ത്തകനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടായെന്നു വരില്ല. ഈ സാഹചര്യത്തില്‍ സ്മൃതി ഇറാനിയുടെ നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്നു തീര്‍ച്ചയാണ്. അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിനു മുമ്പ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഒരു നീക്കമായാണ് പലരും അതിനെ കണ്ടത്.
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം, അക്രഡിറ്റേഷന്‍ തടയാനുള്ള ഈ നീക്കം തെളിയിച്ചത് ഒരു കാര്യമാണ്: ഈ മന്ത്രിക്ക് മാധ്യമപ്രവര്‍ത്തനം എന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപോലും കൃത്യമായി പിടിയില്ല. അതിനാല്‍ അവര്‍ മാധ്യമപ്രവര്‍ത്തനത്തെയോ സ്വാതന്ത്ര്യത്തെയോ സംരക്ഷിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ആ ഒറ്റക്കാരണത്താല്‍ അവരെ പ്രസ്തുത മന്ത്രാലയത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുമാണ്.                                     ി

(കടപ്പാട്: ദ ഹിന്ദു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss