|    Aug 18 Sat, 2018 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജരേഖ ചമയ്ക്കല്‍കോര്‍പറേഷന്‍ കൗണ്‍സിലര്‍ റിമാന്‍ഡില്‍

Published : 4th August 2018 | Posted By: kasim kzm

തൃശൂര്‍: വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കാന്‍ കെട്ടിടയുടമ അറിയാതെ വ്യാജരേഖ തയ്യാറാക്കുകയും വിവാദമായപ്പോള്‍ തെളിവ് നശിപ്പിക്കുകയും ചെയ്ത തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡി ങ് കമ്മിറ്റി ചെയര്‍മാനുമായ പി സുകുമാരന്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഒന്നാംപ്രതിയും വാടകക്കാരനുമായ തിരുവമ്പാടി ദേവസ്വം മുന്‍ സെക്രട്ടറി രാഘവന്‍ എന്ന സി വിജയന്‍ മുന്‍കൂര്‍ ജാമ്യം നേടി.
പോസ്‌റ്റോഫിസ് റോഡിലെ വിജയജ്യോതി ട്രേഡേഴ്‌സിന് ലൈസന്‍സ് ലഭിക്കാനുള്ള അപേക്ഷയ്ക്കാണ് സുകുമാരനും വിജയനും ചേര്‍ന്ന് വ്യാജരേഖ ചമച്ചത്. വിജയനുവേണ്ടി സുകുമാരനാണ് അപേക്ഷ നല്‍കിയത്. ഒപ്പില്‍ സംശയം തോന്നിയ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജന്‍ കെട്ടിട ഉടമ ചിയ്യാരം സ്വദേശി ബാബുവിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഒപ്പിനെക്കുറിച്ച് സ്ഥിരീകരണം നടത്തി. ഒപ്പ് വ്യാജമാണെന്ന് മനസ്സിലായ ഉദ്യോഗസ്ഥന്‍ വിജയനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. തെറ്റു സമ്മതിച്ച വിജയന്‍ സത്യവാങ്മൂലം നല്‍കി. ലൈസന്‍സ് പുതുക്കാതായതോടെ സുകുമാരന്‍ വീണ്ടുമെത്തി. അന്വേഷണത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് രാജന്‍ വിശദീകരിച്ചു. സുകുമാരന്‍ ഫയല്‍ എടുത്തുകൊണ്ടുപോയി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫയല്‍ തിരിച്ചെത്താതായതോടെ ഉദ്യോഗസ്ഥന്‍ സെക്രട്ടറിക്ക് റിപോര്‍ട്ട് ചെയ്തു. ഫയല്‍ തിരിച്ചെത്തിയെങ്കിലും വ്യാജ സമ്മതപത്രം അപ്രത്യക്ഷമായി.
അതേസമയം ഒപ്പ് വ്യാജമെന്ന് സമ്മതിച്ച വിജയന്റെ സത്യവാങ്മൂലം ഫയലില്‍ ഉണ്ടായിരുന്നത് സുകുമാരന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടയില്‍ ബാബു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് വിജയനും സുകുമാരനും ചേര്‍ന്ന് വ്യാജരേഖ ചമച്ചെന്നും പിന്നീടത് നശിപ്പിച്ചെന്നും കണ്ടെത്തുകയായിരുന്നു. 40 വര്‍ഷമായി ലൈസന്‍സില്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss