|    Feb 25 Sat, 2017 10:33 am
FLASH NEWS

വ്യാജരേഖ, ക്രമക്കേട്: റവന്യൂ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു

Published : 10th January 2017 | Posted By: fsq

 

ആലപ്പുഴ: റവന്യൂ വകുപ്പിനെ അഴിമതിമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഒരാളെക്കൂടി ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തു. നെടുമുടി വില്ലേജിലെ വില്ലേജ് അസി. സി മദനനെയാണ് വ്യാജരേഖകള്‍ ചമച്ചതിന് സസ്‌പെന്റ് ചെയ്തത്. നെടുമുടി വില്ലേജില്‍ അനധികൃതമായി ഏക്കറു കണക്കിന് നിലങ്ങള്‍ തണ്ടപ്പേരില്‍ പുരയിടമാക്കി നല്‍കി, വസ്തുവിന്റെ വിസ്തീര്‍ണം കൃത്രിമമായി വര്‍ധിപ്പിച്ചു നല്‍കി, വ്യാജ പോക്കുവരവ് ചെയ്ത് തണ്ടപ്പേര്‍ കൃത്രിമമായി ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തതെന്ന് ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ അറിയിച്ചു. പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് കലക്ടര്‍ നെടുമുടി വില്ലേജ് ഓഫിസില്‍ നേരിട്ട് പരിശോധന നടത്തി.വ്യാജരേഖ ചമച്ചതിന് ക്രിമിനല്‍ കേസെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ആറു മാസത്തിനിടെ അച്ചടക്കനടപടിക്കു വിധേയമായി സസ്‌പെന്‍ഷനിലായത് 11 റവന്യൂ ഉദ്യോഗസ്ഥരാണ്. ക്രമക്കേടുകള്‍ കാട്ടിയ വില്ലേജ് അസിസ്റ്റന്റ് മുതല്‍ ഡെപ്യൂട്ടി കലക്ടര്‍ വരെ സസ്‌പെന്‍ഷനിലായി. പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി പതിനഞ്ചു ജീവനക്കാര്‍ക്കെതിരേ കുറ്റപത്രം നല്‍കി. ഇവര്‍ക്കെതിരേയുള്ള നടപടി തുടരുന്നു. പരിശോധന, വിജിലന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഓഫിസുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ വില്ലേജ് ഓഫിസുകളില്‍ കളക്ടര്‍ കഴിഞ്ഞദിവസം മിന്നല്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ക്കും അച്ചടക്കലംഘനത്തിനെതിരേയും സ്വീകരിക്കുന്ന നടപടികള്‍ക്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുള്ളതായും വകുപ്പിലെ ജീവനക്കാര്‍ക്കെതിരേ ലഭിക്കുന്ന പരാതികള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കലക്ടര്‍ അറിയിച്ചു. വന്യൂവകുപ്പിനെ അഴിമതിമുക്തമാക്കാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കര്‍ശനനടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ടുപോവുകയാണ്. വരും ദിവസങ്ങളിലും തുടര്‍നടപടികളുണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക