|    Mar 17 Sat, 2018 12:15 pm

വ്യാജരശീതി വിവാദം: ബിജെപിയില്‍ ചേരിപ്പോര് തുടരുന്നു; മണ്ഡലം കണ്‍വന്‍ഷനില്‍ ബഹളവും ഇറങ്ങിപ്പോക്കും

Published : 8th August 2017 | Posted By: fsq

 

വടകര: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വ്യാജരശീതി അച്ചടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ബിജെപിയില്‍ ചേരിപ്പോര് തുടരുന്നു. ഞായറാഴ്ച തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബിജെപി കുറ്റിയാടി മണ്ഡലം കണ്‍വന്‍ഷനില്‍ നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു. കഴിഞ്ഞ ദിവസം രാജിവയ്ക്കുകയും പിന്നീട് രാത്രിയോടെ രാജി പിന്‍വലിക്കുകയും ചെയ്ത മണ്ഡലം ജനറല്‍ സെക്രട്ടറി എടക്കുടി മനോജിനെ യോഗത്തില്‍ പങ്കെടുപ്പിച്ചതാണ് ബഹളത്തിന് കാരണമായത്. സദസ്സില്‍ കയറിയിരുന്ന മനോജിനെതിരേ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.  പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചെന്ന പ്രസ്ഥാവന ഇറക്കുകയും പാര്‍ട്ടിക്ക് ദുഷ്‌പ്പേരുണ്ടാക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് പ്രവര്‍ത്തകരില്‍ മനോവിഷമമുണ്ടാക്കുകയും ചെയ്തയാളെ യോഗത്തില്‍ പങ്കെടുപ്പിച്ചതില്‍ വിശദീകരണം നല്‍കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ ബഹളം തുടങ്ങി. ഇതിനിടെ മനോജിനെ പിന്തുണച്ച് മണ്ഡലം പ്രസിഡന്റടക്കമുള്ളവര്‍ രംഗത്ത് വന്നതോടെ ചെറിയ തോതില്‍ കയ്യാങ്കളിയും നടന്നു. പിന്നീട് മനോജ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയാണുണ്ടായത്. വ്യാജരസീത് വിവാദവും മനോജുമായി ബന്ധപ്പെട്ട വിഷയങ്ങളും ജില്ലാ പ്രസിഡന്റ് എത്തിയ ശേഷം വിശദീകരണം നല്‍കാമെന്ന് മണ്ഡലം പ്രസിഡന്റ് പിപി മുരളി അറിയിച്ചെങ്കിലും ബഹളത്തിന് ശമനമായില്ല. ഇതേ തുടര്‍ന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മൂന്ന് വിഷയങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. വ്യാജരശീതി അച്ചടിച്ച് പണപ്പിരിവ് നടത്തിയത്, ബിജെപി ബൂത്ത് പ്രസിഡന്റ് എംഎച്ച്ഇഎസ് കോളജ് അധ്യാപകനുമായ ശശികുമാറിനെ കോളജില്‍ അതിക്രമിച്ചു കയറി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമിച്ച സംഭവം,  മാധ്യമങ്ങളില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന  രീതിയില്‍ നടന്ന പ്രസ്ഥാവനകള്‍ എന്നിവ ആയുധമാക്കിയാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ തിരിഞ്ഞത്. ഇതിലൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ മണ്ഡലം പ്രസിഡന്റടക്കമുള്ള നേതാക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ തലയില്‍ കെട്ടിവച്ച് തലയൂരുകയായിരുന്നു. നിലവില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തുന്ന ഗ്രൂപ്പ് കളിയിലും വിഴുപ്പഴക്കലലിലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ വ്യാജരസീത് പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രിന്റിംഗ് പ്രസ്സ് ഉടമ ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വ്യാജരസീത് വിവാദം പുറത്തായതെന്നും ആരോപണമുണ്ട്. ഇതേപറ്റി അന്വേഷിച്ചപ്പോള്‍ കുറ്റിയാടി മണ്ഡലത്തില്‍ ഒരു രസീത് മാത്രമാണ് സംസ്ഥാന കമ്മിറ്റി നല്‍കിയതെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. എന്നാല്‍ മണ്ഡലത്തിനകത്തും പുറത്തുമായി വന്‍ തുക പിരിച്ചെടുത്ത വിവരം ചോര്‍ന്നതോടെ സംസ്ഥാന നേതാക്കളടക്കമുള്ള ചിലര്‍ മണ്ഡലം നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്. രസീത് വിവാദം പുറംലോകം അറിഞ്ഞതോടെ ഇതുമായി ബന്ധമില്ലാത്ത നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് വന്‍ പൊട്ടിത്തെറിക്ക് തന്നെ സാധ്യതയുള്ളതായാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss