|    Oct 18 Thu, 2018 6:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജബില്ല് ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്

Published : 30th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ചികില്‍സാ ബില്ലുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫിസ്. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ല. മന്ത്രിമാരുടെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികില്‍സാ സഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികില്‍സാ ചെലവ് റീ ഇംപേഴ്‌സ്‌മെന്റ് നടത്തുന്നതിന് തടസ്സമില്ല. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരുമെല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികില്‍സാ പണം നിയമപരമായി ഈടാക്കിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയോ റീ ഇംപേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികില്‍സയ്ക്ക് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭര്‍ത്താവിനെ ചികില്‍സിച്ച ആശുപത്രിയില്‍ നിന്നും ഇത്തരത്തിലുള്ള ബില്ലായിരുന്നു നല്‍കിയിരുന്നത്. ഇങ്ങനെ ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അത് അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പരിശോധനയില്‍ സ്വാഭാവികമായും അത് ഒഴിവാക്കിക്കൊണ്ടുള്ള റീ ഇംപേഴ്‌സ്‌മെന്റാണ് അനുവദിച്ചത്. മരിച്ചുപോയ അമ്മയുടെ ചികില്‍സാ ബില്ലിനെ സംബന്ധിച്ച് ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ഒരു ബില്ലും എവിടേയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂര്‍ എല്‍എം ആശുപത്രിയിലേയും എകെജി ആശുപത്രിയിലേയും ബില്ലുകള്‍ റീ ഇംപേഴ്‌സ്‌മെന്റിനായി ഹാജരാക്കിയിരുന്നു. വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കില്‍ ആരോപണമുന്നയിക്കുന്നവര്‍ തെളിയിക്കണം. അമ്മ ഡിസ്ചാര്‍ജാവും മുമ്പ് ബില്ല് സമര്‍പ്പിച്ചു എന്ന പ്രചാരണവും തികച്ചും തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ചികില്‍സയുടെ ഓരോ ഘട്ടത്തിലും റീ ഇംപേഴ്‌സ്‌മെന്റ് നടത്തുകയാണ് ചെയ്തത്. കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.അതേസമയം, ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടൊണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് അക്രമാസക്തരായ പ്രവര്‍ത്തകരെ പരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പോലിസ് നടപടിയില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss