|    Feb 26 Sun, 2017 11:37 am
FLASH NEWS

വ്യാജനോട്ടുകള്‍ വന്‍തോതില്‍; നോട്ട് പരിഷ്‌കരണം കള്ളനോട്ടടിക്കാര്‍ക്ക് അനുഗ്രഹമായോ?

Published : 1st December 2016 | Posted By: G.A.G

rep

കള്ളപ്പണവും കള്ളനോട്ടും തടയാന്‍ വേണ്ടിയെന്ന് പ്രഖ്യാപിച്ച് നോട്ട് പരിഷ്‌കരണം നടപ്പിലാക്കിയതോടെ കള്ളനോട്ടടി സംഘങ്ങള്‍ക്ക് സുവര്‍ണകാലംവന്നെത്തിയോ ? പുതിയ 2000 രൂപയുടെ 42 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി മൂന്ന് പേര്‍ മൊഹാലിയില്‍ പിടിയിലായെന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.  കപുര്‍ത്തല സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ വിശാഖ വര്‍മ,  ബന്ധുവായ സിറക്പൂര്‍ സ്വദേശി അഭിനവ് വര്‍മ, ലുധിയാന സ്വദേശി സുമന്‍ എന്നിവരാണ് പൊലിസ് പിടിയിലായത്. പഴയ നോട്ടുകള്‍ക്കു പകരം പുതിയത് മാറ്റി നല്‍കാന്‍ കൊണ്ടു പോവുകയായിരുന്നു ഈ നോട്ടുകളെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴിയെന്ന് പോലിസ് പറയുന്നു.
പുതിയ നോട്ടുകളുടെ കള്ളനോട്ടുകളുടെ അച്ചടി തുടങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവ പിടികൂടിയതത്രേ. രണ്ടു ലക്ഷത്തിലേറെ രൂപയുടെ വ്യാജനോട്ടുകള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും പിടികൂടിയിരുന്നു. ഇതും 2000 രൂപയുടെ നോട്ടുകളായിരുന്നു.
മഷിയുണങ്ങുന്നതിന് മുന്‍പേ പുതിയ നോട്ടുകളുടെ വ്യാജന്‍ ഗുജറാത്തിലുള്‍പ്പടെ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ഒറിജിനല്‍ കള്ളനോട്ടുകളുടെ കെട്ടുകള്‍ തന്നെ പിടികൂടിയത് ആശങ്കയുണര്‍ത്തുന്നതാണ്.
കള്ളപ്പണത്തോടൊപ്പം കള്ളനോട്ടടിയും തടയാന്‍ നോട്ട് പരിഷ്‌കരണത്തിലൂടെ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദമാണ് ഇതോടെ തകരുന്നത്. അഞ്ഞൂറും ആയിരവും പിന്‍വലിച്ച് പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപ നോട്ട് കള്ളനോട്ടടി സംഘങ്ങള്‍ക്ക് പണികുറച്ച് കൂടുതല്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായി മാറുകയാണെന്നാണ് ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വലിയ നോട്ടുകള്‍ കഴിയുന്നത്ര പുറത്തിറക്കാതിരിക്കുക എന്നതാണ് കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന് പരക്കേ അംഗീകരിക്കപ്പെട്ട തത്വമെന്നിരിക്കേ പരമാവധി മൂല്യമുള്ള നോട്ടിന്റെ (1000) ഇരട്ടി മൂല്യമുള്ള നോട്ട് പുറത്തിറക്കിയത് ബുദ്ധിശൂന്യതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഇതേ കാരണത്താലാണ് 1978ല്‍ പ്രചാരത്തിലുണ്ടായിരുന്ന 1000, 5000, 10000 രൂപ കറന്‍സികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതും.

indiam-rupee
കള്ളനോട്ടടി സംഘങ്ങള്‍ പൊതുവേ വലിയ നോട്ടുകളാണ് പ്രധാനമായും ലക്ഷ്യമിടുക. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളുടെ വ്യാജന്‍ വ്യാപകമായപ്പോഴും പത്ത്, ഇരുപത്, അന്‍പത്, നൂറ് രൂപയുടെ കള്ളനോട്ടുകള്‍ പുറത്തിറങ്ങാത്തത് ഇക്കാരണത്താലാണ്. ചെറിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് അവയുടെ മൂല്യത്തേക്കാള്‍ ചിലവ് വരുമെന്നതിനാലും മാറ്റിയെടുക്കുമ്പോള്‍ റിസ്‌കിനൊത്ത ലാഭം ലഭിക്കില്ലെന്നതുമാണ് ഇതിന് പിന്നിലെ യുക്തി. ഇത് തിരിച്ചറിഞ്ഞാണ് വലിയ മൂല്യമുള്ള നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാത്തതും.
നോട്ട് അസാധുവാക്കലിലൂടെ കറാച്ചിയിലെയും പെഷവാറിലെയും പ്രിന്റിങ് പ്രസുകള്‍ക്ക് പണിയില്ലാതാകുമെന്നാണ് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. എന്നാലിപ്പോള്‍ കറാച്ചിയിലെയും പെഷവാറിലെയുമെന്നല്ല, അല്‍പം ചങ്കൂറ്റമുണ്ടെങ്കില്‍ അത്യാവശ്യം പണിയറിയാവുന്ന കുന്നംകുളത്തേയോ ശിവകാശിയിലെയോ നാടന്‍ പ്രസുകളില്‍പ്പോലും കള്ളനോട്ട് അടിക്കാമെന്ന ആശങ്കാജനകമായ സ്ഥിതിയാണ് വന്നിരിക്കുന്നത്. നോട്ടുകള്‍ക്ക് വലിയ സാങ്കേതിക മേന്‍മയൊന്നും ഇല്ലെങ്കില്‍പ്പോലും ഗ്രാമീണമേഖലയിലും നിരക്ഷരകുക്ഷികളുടെ ഇടയിലുമൊക്കെ ചിലവഴിച്ച്് നല്ലപണമാക്കിമാറ്റാം എന്ന് കള്ളനോട്ടടി സംഘങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
സാധാരണഗതിയില്‍ കള്ളനോട്ട് തിരിച്ചറിയുക കച്ചവടക്കാരാണ്. നിത്യവും നൂറുകണക്കിന് നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ഇവരുടെ വിരലുകള്‍ക്ക് കടലാസിന്റെ പ്രത്യേകതയിലെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അധികം പരിചയമില്ലാത്തതിനാല്‍ 2000ത്തിന്റെ നോട്ടിലെ കള്ളനെ കണ്ടുപിടിക്കാന്‍ ഇവര്‍ക്കും സാധിക്കുന്നില്ല. തൃശൂരില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി നോട്ടിന്റെ കളര്‍പ്രിന്റ് എടുത്ത് പറ്റിച്ച കഥ ഇതോടൊപ്പം ചേര്‍ത്ത്് വായിക്കേണ്ടതാണ്. രണ്ട് കച്ചവടക്കാരെ എളുപ്പത്തില്‍ പറ്റിക്കാന്‍ സാധിച്ച നോട്ടുകള്‍ മൂന്നാമതൊരു കച്ചവടക്കാരനാണ് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. അതായത് മൂന്നില്‍ രണ്ട് കച്ചവടക്കാരും നോട്ട് കള്ളനാണെന്ന് തിരിച്ചറിഞ്ഞില്ല.
ചിക്കമംഗളുരുവിലെ ഒരു ഉള്ളി കര്‍ഷകന്‍ ഇത്തരത്തില്‍ പറ്റിക്കപ്പെട്ട സംഭവവും വാര്‍ത്തയായിരുന്നു. വളരെ അപരിഷ്‌കൃതമായ, നിലവാരം കുറഞ്ഞ കളര്‍ഫോട്ടോസ്റ്റാറ്റാണ് ഇയാള്‍ക്ക് പുതിയ നോട്ടാണെന്ന് പറഞ്ഞ് ലഭിച്ചത്. ഏതാനും സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ അവരും യഥാര്‍ഥ നോട്ടാണൊണ് പറഞ്ഞതെന്ന് കര്‍ഷകന്‍ പറയുന്നു. ഇത്തരത്തില്‍ എത്ര ഗ്രാമീണര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടാകാം ?

സര്‍ക്കാര്‍ പറയുന്നതുപോലെ പെഷവാറിലെയും കറാച്ചിയിലെയും അച്ചടിശാലകളിലാണ് ഇന്ത്യന്‍ കള്ളനോട്ടുകള്‍ പുറത്തിറങ്ങുന്നതെന്ന് കരുതിയാലും, ഈ അച്ചടിശാലകള്‍ക്ക്് പുതിയ നോട്ടുകള്‍ പണിയില്ലാതാക്കുകയല്ല, പണി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിക്കണമെങ്കില്‍ ആയിരത്തിന്റെ നൂറ് നോട്ടുകള്‍ അടിക്കണമായിരുന്നെങ്കില്‍ ഇപ്പോഴത് അന്‍പതെണ്ണം അടിച്ചാല്‍ മതി. അതിര്‍ത്തി കടത്തുവാനും ഒളിപ്പിച്ചുവയ്ക്കാനും കൊണ്ടു നടക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടും പകുതിയായി കുറഞ്ഞു. ആകെയുള്ള ബുദ്ധിമുട്ട് പുതിയ നോട്ടുകളുടെ ഡിസൈനിനാവശ്യമായ മാറ്റങ്ങള്‍ അച്ചടിസംവിധാനങ്ങളില്‍ മാറ്റുന്നത് മാത്രം. ഇന്ത്യന്‍ കറന്‍സികളുടെ വ്യാജന്‍ അച്ചടിക്കുന്ന പാകിസ്താനിലെ കേന്ദ്രങ്ങള്‍ അവിടത്തെ സര്‍ക്കാരിന്റെ പിന്തുണയുള്ളതിനാല്‍ത്തന്നെ വലിയ സാങ്കേതികസംവിധാനങ്ങള്‍ ഉള്ളവയാണെന്ന് 2013ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്ിന്റെ ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ എന്‍ഐഎ സമര്‍പ്പിച്ച ഫോറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ വലിയ സാങ്കേതികവിദ്യ കൈവശമുള്ളവര്‍ക്ക് നോട്ടിന്റെ ഡിസൈന്‍ മാറ്റിയതു വലിയ തലവേദനയാകുവാന്‍ സാധ്യത കുറവാണ്. അതേസമയം മൂല്യം വര്‍ധിച്ച നോട്ടുകള്‍ പുറത്തിറക്കിയത് പണി എളുപ്പമാക്കിയിട്ടുമുണ്ടാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,227 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day