|    Feb 23 Thu, 2017 4:11 am
FLASH NEWS

വ്യവഹാരങ്ങള്‍ക്ക് പണം വേണോ?

Published : 29th November 2016 | Posted By: SMR

ക്രയവിക്രയങ്ങള്‍ക്ക് പണം മാധ്യമമായി ഉപയോഗിക്കേണ്ടതില്ലാത്ത ഒരു സൈബര്‍ യുഗത്തിലേക്കുള്ള പ്രയാണത്തിലാണ് ഇന്ത്യയെന്ന് തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊടുക്കല്‍വാങ്ങലുകള്‍ക്ക് നാണയങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണമെന്നും അത് ഉപയോഗിക്കാനായി പഴയ തലമുറയെ യുവതലമുറ പഠിപ്പിക്കണമെന്നുമാണ് മോദി ഉപദേശിക്കുന്നത്.
ക്രയവിക്രയങ്ങളില്‍ നാണയം മാധ്യമമായി ഉപയോഗിക്കുന്നത് കുറച്ചുകൊണ്ടുവരുക എന്ന ആശയം നല്ലതാണ്. കറന്‍സി സമ്പ്രദായം നിലവില്‍വന്നതുതന്നെ ക്രയവിക്രയങ്ങള്‍ക്കുള്ള മാധ്യമമെന്ന നിലയില്‍ മാത്രമാണ്. റിസര്‍വ് ബാങ്കും ബന്ധപ്പെട്ട സര്‍ക്കാരുകളുമാണ് നാണയങ്ങള്‍ക്കു ബലം നല്‍കുന്നത്. ആധുനിക സമൂഹത്തില്‍ കറന്‍സി പക്ഷേ നിര്‍ണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട് എന്നതു യാഥാര്‍ഥ്യവുമാണ്.
എന്തുകൊണ്ടാണ് കറന്‍സികള്‍ പൂര്‍ണമായി ഒഴിവാക്കിയുള്ള ക്രയവിക്രയങ്ങള്‍ അസാധ്യമാവുന്നതെന്നത് ലോകത്തിന്റെ അനുഭവങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്ന നാണ്യപ്രതിസന്ധിയും ശ്വാസംമുട്ടലും അതിന്റെ പ്രത്യക്ഷ ഉദാഹരണവുമാണ്. സേവനങ്ങളും ഉല്‍പന്നങ്ങളും കൈമാറാന്‍ പണം അനിവാര്യമാണ്. പുതിയ സാങ്കേതികവിദ്യകളും ബാങ്കിങ് സമ്പ്രദായങ്ങളും അതൊരു വലിയ പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കുമെങ്കിലും പൂര്‍ണമായി സൈബര്‍ യുഗത്തിലേക്കു മുന്നേറുകയെന്നത് പ്രയാസമാണ്.
അതുകൊണ്ടാണ് ഇന്ത്യയേക്കാള്‍ എത്രയോ വികസിതമായ രാജ്യങ്ങള്‍ പോലും ഡോളറുകളും പൗണ്ടുകളും മറ്റു നാണയങ്ങളും അച്ചടിച്ചിറക്കുന്നത്. ഇന്ത്യയെപ്പോലെത്തന്നെ കള്ളപ്പണവും കള്ളനോട്ടുകളും കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മറ്റെല്ലാ നാടുകളും നേരിടുന്നുണ്ട്. എന്നാല്‍, ആ നാടുകളൊന്നും നാണയവ്യവസ്ഥയെ ഒറ്റയടിക്ക് ഇല്ലാതാക്കുകയെന്ന നീക്കത്തിനു മുതിര്‍ന്നിട്ടില്ല. കാരണം, അങ്ങനെ ചെയ്താല്‍ അത് ഉണ്ടാക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആ നാടുകളിലെ ഭരണാധിപന്‍മാര്‍ക്ക് കൃത്യമായ ധാരണയുണ്ട്.
ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് കടുത്ത ധനകാര്യ അടിയന്തരാവസ്ഥയാണ്. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനം പ്രത്യാഘാതങ്ങളെ നേരിടുകയാെണന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ വ്യക്തമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയെ നേരിടുകയാണ്; അടുത്ത സീസണിലേക്കു കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്കു സാധ്യമാവുന്നില്ല. അസംഘടിത മേഖലയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായി.
മൂന്നാഴ്ചയാവുന്ന സന്ദര്‍ഭത്തില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ ഭയാനകമാണ്. ഈ സ്ഥിതി ഇനിയും മാസങ്ങളോളം തുടരുമെന്നാണ് നിലവിലുള്ള അവസ്ഥയില്‍ നിന്ന് ആര്‍ക്കും കാണാനാവുക. അച്ചടിച്ച നോട്ടുകള്‍ കിട്ടാനില്ലെന്നു മാത്രമല്ല, പുറത്തിറങ്ങിയവ പൂഴ്ത്തിവയ്ക്കുന്ന പ്രവണത വര്‍ധിക്കുകയുമാണ്. സര്‍ക്കാരിലും ബാങ്കിങ് വ്യവസ്ഥയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക