|    Nov 22 Thu, 2018 1:24 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വ്യവഹാരങ്ങളുടെ തമോഗര്‍ത്തങ്ങള്‍

Published : 8th August 2018 | Posted By: kasim kzm

കെ പി ഹാരിസ്

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസ് സ്തംഭനാവസ്ഥയിലേക്കു തള്ളിവിട്ടുകൊണ്ട് ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണനെ ദക്ഷിണ കന്നടയിലെ പുത്തൂര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. വര്‍ഷങ്ങളായി തട്ടിക്കളിക്കുന്ന കേസ് സുപ്രിംകോടതിയുടെ നിര്‍ദേശത്തെപ്പോലും മറികടന്ന് അനന്തമായി ഇഴഞ്ഞുനീങ്ങുകയാണ്. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുള്ള താല്‍പര്യം ഇതിനകം തെളിഞ്ഞ സംഗതിയാണ്.
2014ല്‍ നാലുമാസംകൊണ്ട് കേസ് പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് നാലുവര്‍ഷം നീട്ടി ക്കൊണ്ടുവന്ന് അവസാനം വിധി പറയേണ്ട സന്ദര്‍ഭത്തില്‍ ജഡ്ജിയെയും മാറ്റി കേസ് അവഗണനയുടെ ആഴക്കടലിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ ആശ്വാസവും പ്രതീക്ഷയും പ്രാര്‍ഥനയാണെന്ന് മഅ്ദനി അഭിപ്രായപ്പെടുന്നു. അതിനാല്‍ സഹോദരങ്ങള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുകയാണ്. ജുഡീഷ്യറി തന്നോടു കാണിക്കുന്ന നീതിനിഷേധത്തിന്റെ നടുക്കടലില്‍ നിന്നാണ് അദ്ദേഹം തന്റെ ദൈന്യത ലോകത്തോട് വിളിച്ചുപറഞ്ഞത്.
അബ്ദുന്നാസിര്‍ മഅ്ദനി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഒരു ഔദാര്യത്തിനും യാചിക്കുന്നില്ല, മറിച്ച് ഒരു പൗരന് ലഭിക്കേണ്ട നീതി തനിക്കു ലഭ്യമാവണം എന്നു മാത്രമേ അഭ്യര്‍ഥിക്കുന്നുള്ളൂ. നിങ്ങള്‍ തൂക്കിക്കൊല്ലാനാണു വിധിക്കുന്നതെങ്കില്‍ അതിന് ഉത്തരവിടൂ എന്നാണ് അദ്ദേഹം ഇന്ത്യന്‍ ജുഡീഷ്യറിയുടെ മുഖത്തുനോക്കി വിളിച്ചുപറയുന്നത്.
ഈയൊരു സന്ദര്‍ഭത്തില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്കു സംഭവിച്ച രാഷ്ട്രീയ/നൈതിക അപചയങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി എഴുതിയ ‘അനിതയ്ക്ക് ജാമ്യം കിട്ടി: ഇന്ത്യന്‍ നീതിന്യായത്തിന്റെ അവസ്ഥ’ എന്ന പുസ്തകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. തന്റെ ഭാര്യക്കെതിരേ നടന്ന ഒരു സിവില്‍ കേസിന്റെ കഥയാണ് ഷൂരി വിവരിക്കുന്നത്.
”സര്‍, പോലിസ് വാല വന്നിട്ടുണ്ട്. മാഡത്തെ കാണണമെന്നു പറയുന്നു.”
”പോലിസോ? അതും അനിതയെ കാണാനോ?” ആശ്ചര്യം വിടാതെ പിറുപിറുത്തുകൊണ്ട് ഞാന്‍ താഴത്തെ നിലയിലേക്ക് ഇറങ്ങി.
”അനിതാ ഷൂരി ഇവിടയല്ലേ താമസിക്കുന്നത്?”
”അതേ, എന്റെ ഭാര്യയാണ്. അസുഖം കാരണം മുകളിലാണു താമസം.”
മാര്‍ച്ച് മാസത്തിന്റെ കാഠിന്യത്തില്‍ അനിതയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം വല്ലാതെ കൂടിയിരുന്നു. അതിനിടയില്‍ ചില വീഴ്ചകളും സംഭവിച്ചു. അതുകൊണ്ടുതന്നെ എഴുന്നേല്‍ക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പരസഹായം ആവശ്യമായ കാലം.
”അവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് ഉണ്ട്.”
”അറസ്റ്റ് വാറന്റോ? അനിതയ്‌ക്കെതിരേയോ? അതിന് അവളെന്താണു ചെയ്തത്?”
കോടതിയില്‍ നിന്നുള്ള സമന്‍സ് അഞ്ചു തവണ മടക്കിയിരിക്കുന്നു. ജാമ്യ വാറന്റും ജാമ്യമില്ലാ വാറന്റും മടക്കി. അങ്ങനെ ഒളിച്ചോടിയതായി കണക്കാക്കിയിരിക്കുന്നു.
”ഒരു സമന്‍സ് പോലും ഇവിടെ വന്നില്ലല്ലോ. ആ സമന്‍സൊക്കെ എവിടെ പോയി?”- അന്ധാളിപ്പോടെ ഞാന്‍ ചോദിച്ചു.
”അതെനിക്കറിയില്ല. എന്റെ ജോലി ഈ വാറന്റ് നേരിട്ട് കൈമാറലാണ്. നാളെ രാവിലെ കോടതിയില്‍ ഹാജരാവണം.”
വര്‍ഷങ്ങള്‍ക്കു മുമ്പ് വില്‍പന നടത്തിയ ഒരു സ്ഥലത്ത് പിന്നീട് വന്നവരാരോ അനധികൃതമായി കെട്ടിടം പണിതതുമായി ബന്ധപ്പെട്ടാണ് കേസ്. അനിത ഷൂരിയുടെ പേരും അഡ്രസ്സും ഏതോ റിക്കാര്‍ഡില്‍ ഉള്ളതുകൊണ്ട് കേസില്‍ അവരെയും പ്രതിയാക്കി. അനിത ഷൂരി എന്റെ ഭാര്യയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ഛിച്ചതിനാല്‍ അവശനിലയിലായതുകൊണ്ട് കോടതിയില്‍ ഹാജരാവുന്നതിന് ഒഴിവു നല്‍കണം എന്ന എന്റെ ആവശ്യത്തെ ജഡ്ജി നിരാകരിച്ചു. രേഖകളുടെ പിന്‍ബലത്തോടെ സ്ഥലത്തിന്റെ ഉടമ അവള്‍ അല്ല എന്നും അതിനാല്‍ കേസ് വസ്തുതാപരമായി നിലനില്‍ക്കില്ലെന്നും ഞാന്‍ വ്യക്തമാക്കിയപ്പോള്‍ കേസിന്റെ പതിവു വഴികളിലൂടെ സഞ്ചരിച്ച് തീര്‍പ്പിലെത്തണം എന്നു വിധിക്കപ്പെട്ടു.
40 കിലോമീറ്റര്‍ ദൂരമുള്ള ഫരീദാബാദ് കോടതിയില്‍ രോഗിയായ അനിതയെയും കൂട്ടി പലതവണ കയറിയിറങ്ങേണ്ടി വന്ന കഥയും അതില്‍ അവര്‍ അനുഭവിച്ച ദുരിതവും ഹൃദയഭേദകമായ മാനസിക പീഡനങ്ങളും അരുണ്‍ ഷൂരി തന്റെ പുസ്തകത്തിലൂടെ വിവരിക്കുന്നു.
ബിജെപി രാഷ്ട്രീയമുള്ള ഷൂരിയുടെ പുസ്തകം പക്ഷേ, പൗരജീവിതത്തെ എങ്ങനെയാണ് വികലവും ദുര്‍ബലവുമായ ഒരു നിയമവ്യവസ്ഥ ദുരന്തത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ്. അരുണ്‍ ഷൂരി തന്റെ സ്വന്തം അനുഭവത്തിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നത് നാം കേള്‍ക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ കോടതി വ്യവഹാരങ്ങളുടെ തമോഗര്‍ത്തത്തില്‍ കിടന്ന് ആയുസ്സിന്റെ വലിയൊരു ഭാഗം തടവറയില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യവാന്‍മാരില്‍ ഒരാളാണ് അബ്ദുന്നാസിര്‍ മഅ്ദനി. ഒരു പൗരന്‍ എന്ന നിലയില്‍ നീതി നിഷേധിക്കപ്പെട്ടു ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം. താന്‍ ചെയ്ത കുറ്റമെന്താണെന്ന് കോടതിക്ക് തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിരന്തരം നീട്ടിവയ്ക്കപ്പെട്ട് അനന്തമായ കാത്തിരിപ്പിലൂടെ കേസ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടുപോവുന്നു. കോടതി വ്യവഹാരത്തിന്റെ സാങ്കേതിക നൂലാമാലകളില്‍പ്പെട്ട് ഇതിനകം നീതി മരണപ്പെട്ട വിവരം ജഡ്ജിമാരും അറിഞ്ഞു കാണില്ല. നിസ്സഹായനായ മനുഷ്യന്റെ മേല്‍ നിഷ്ഠുരമായ നിയമസംവിധാനത്തിന്റെ ദുരിതങ്ങള്‍ സമ്മാനിച്ച് കോടതികള്‍ ഈ മനുഷ്യനെ ക്ഷമയുടെ പാഠശാലയാക്കി മാറ്റുകയാണ്. പക്ഷേ, ആ ക്ഷമയുടെ പാഠശാലയിലും മഅ്ദനിയെ പരാജയപ്പെടുത്താന്‍ നിയമവ്യവസ്ഥയ്ക്കു കഴിഞ്ഞില്ല എന്നാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മോടു പറയുന്നത്.
അരുണ്‍ ഷൂരിയുടെ ഭാര്യ അനിതാ ഷൂരിയുടേത് കോടതി വ്യവഹാരങ്ങളിലെ സാങ്കേതിക നൂലാമാലകളില്‍ അകപ്പെട്ട ദുരിതത്തിന്റെ കഥയാണെങ്കില്‍ മഅ്ദനിയുടെ കേസില്‍ സാങ്കേതിക വ്യവഹാര കുടുക്കുകള്‍ക്കൊപ്പം ഭരണകൂടത്തിന്റെ അദൃശ്യമായ കരങ്ങളും ഇടപെടല്‍ നടത്തുന്നു എന്നു വേണം മനസ്സിലാക്കാന്‍.
മനുഷ്യത്വവിരുദ്ധമായ സാങ്കേതികത്വത്തിന്റെ ചങ്ങലക്കുടുക്കുകളിലൂടെയാണ് ഇന്ത്യന്‍ ജുഡീഷ്യറി മുന്നോട്ടുപോവുന്നത്. ഇവിടെ നിരപരാധിയായ മനുഷ്യന് നീണ്ട കാത്തിരിപ്പിനൊടുവില്‍ നീതി ലഭിച്ചാലും തടവറയില്‍ ഹോമിക്കപ്പെട്ട ആയുസ്സിന് ഒരു നഷ്ടപരിഹാരവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ആ അര്‍ഥത്തില്‍ അനന്തമായി നീണ്ടുപോവുന്ന ഒരു കേസായി മഅ്ദനിയുടെ കേസ് മാറിയത് കേവല കോടതി വ്യവഹാരത്തിലെ സാങ്കേതിക തടസ്സങ്ങള്‍കൊണ്ടു മാത്രമല്ല, മറിച്ച് നിഗൂഢമായ ചില കരങ്ങള്‍ ചരടു വലിക്കുന്നതിന്റെ ഫലമായിട്ടു കൂടിയാണ്. ഇതാണ് അനിതാ ഷൂരിയും അബ്ദുന്നാസിര്‍ മഅ്ദനിയും തമ്മിലെ വ്യത്യാസം.
മഅ്ദനിയുടെയും പതിനായിരക്കണക്കിന് വരുന്ന പേരറിയാത്ത നിസ്സഹായരായ മനുഷ്യരുടെയും മേല്‍ കോടതി വ്യവഹാരങ്ങളുടെ നീട്ടിവയ്ക്കല്‍ പ്രക്രിയ അത്ര നിഷ്‌കളങ്കമായല്ല നടക്കുന്നത്. ബോധപൂര്‍വമായ നീട്ടിവയ്ക്കല്‍ എന്ന പ്രക്രിയ മഅ്ദനിയുടെ കേസില്‍ ഡീപ് സ്‌റ്റേറ്റിന്റെ സഹായത്തോടെ നടക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒരു പതിറ്റാണ്ടുകാലം ജയിലില്‍ കിടത്തിയ ഈ മനുഷ്യനെതിരേ ഒരു പെറ്റിക്കേസിന്റെ ചാര്‍ജ് ഷീറ്റ് പോലും തയ്യാറാക്കാന്‍ കഴിയാതെ നീണ്ട ഒമ്പതര വര്‍ഷം കേസ് നീട്ടിക്കൊണ്ടുപോവാന്‍ ഡീപ് സ്‌റ്റേറ്റിനും കോടതിക്കും സാധിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ജനാധിപത്യവിരുദ്ധമായ ഒരു ഭരണകൂടം ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ നീതിനിഷേധത്തിനും കാത്തിരിപ്പിനും ദൈര്‍ഘ്യം കൂടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇന്ത്യയിലെ ജനാധിപത്യസമൂഹം എത്ര അനാരോഗ്യകരമായാണ് മുന്നോട്ടുപോവുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് വ്യത്യസ്തമായ അനുഭവപരിസരത്തിലൂടെയാണെങ്കിലും അരുണ്‍ ഷൂരി തന്റെ പുസ്തകത്തിലൂടെയും മഅ്ദനി തന്റെ ജീവിതത്തിലൂടെയും വിളിച്ചുപറയുന്നത്.
സത്യത്തില്‍ ഭയംകൊണ്ടാണ് ആ മനുഷ്യര്‍ ഇതൊക്കെ സഹിക്കുന്നത് എന്ന് ആരും ധരിക്കരുത്. നീതിയെക്കുറിച്ച് ഒട്ടും ഭയമില്ല അവര്‍ക്ക്, മറിച്ച് അതിന്റെ പേരില്‍ അരങ്ങേറുന്ന ദുരിതപൂര്‍ണമായ ജീവിതത്തിലൂടെ തന്നെപ്പോലെ പതിനായിരക്കണക്കിന് മനുഷ്യരും കടന്നുപോവേണ്ടിവരുന്നതിലാണ് അവര്‍ക്ക് ഭീതി. ഒരു നല്ല നീതിന്യായവ്യവസ്ഥയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നമുക്ക് ആ രാജ്യത്തെ ഉയര്‍ന്ന ജനാധിപത്യബോധമുള്ള സമൂഹം എന്നു വിളിക്കാം. പക്ഷേ, നമ്മുടെ നീതിപീഠങ്ങളുടെ പ്രവര്‍ത്തനസംസ്‌കാരം കണ്ടുകഴിഞ്ഞാല്‍ എത്ര പിറകോട്ടാണ് രാജ്യം സഞ്ചരിക്കുന്നത് എന്നു ബോധ്യമാവും. അസംബന്ധ വിധികള്‍കൊണ്ട് നമ്മുടെ കോടതികള്‍ ചിലപ്പോള്‍ കോമാളിവേഷം കെട്ടാറുണ്ട്. അത്തരുണത്തില്‍ അസംബന്ധ വിധിക്കു പോലും പഴുതില്ലാത്തവിധം കോടതി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോവാന്‍ സാധിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. വൈകി എത്തുന്ന നീതി അനീതിയാണെന്നും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നുമുള്ള ആപ്തവാക്യങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന സമൂഹമാണ് നമ്മുടേത്. നിരന്തരം ഉപയോഗിച്ച് തേയ്മാനം സംഭവിച്ച അഥവാ അര്‍ഥലോപം വന്ന ഒരു പ്രസ്താവനയായി അതു മാറിയിരിക്കുന്നു.
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ നിഷ്പക്ഷവും സുതാര്യവും സുന്ദരവും ആണെന്നാണു വിവക്ഷ. പലപ്പോഴുമത് അനുഭവങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും അപ്പുറമുള്ള ‘വിശ്വാസം’ ആയിരുന്നു. ആ വിശ്വാസമാണ് നാല് സുപ്രിംകോടതി ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ തകര്‍ന്നടിഞ്ഞത്. എന്തായിരുന്നാലും അരുണ്‍ ഷൂരി തന്റെ അനുഭവത്തിലൂടെയും ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയനേതാവുമായ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജയില്‍ ജീവിതത്തിലൂടെയും ജുഡീഷ്യറിയുടെ വികലമായ സമീപനങ്ങളെയാണ് തുറന്നു കാട്ടുന്നത്. ഇത്തരുണത്തില്‍ പ്രശ്‌നവല്‍കൃതമായ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അപചയത്തെക്കുറിച്ച് വിളിച്ചുപറയാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. അരുണ്‍ ഷൂരിയുടെ പുസ്തകവും മഅ്ദനിയുടെ ജീവിതവും ഇതാണ് നമ്മോടു പറയുന്നത്. ഫാഷിസത്തിന്റെ ദണ്ഡനീതി ജുഡീഷ്യറിയെ തന്നെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുമ്പോള്‍, വികലമായ ഈ നിയമവ്യവസ്ഥപോലും നഷ്ടപ്പെട്ടാല്‍, നിസ്സഹായരാക്കപ്പെടുന്ന ജനത എവിടെ അഭയം തേടും എന്നതൊരു ചോദ്യമായി നമ്മെ വേട്ടയാടേണ്ടതുണ്ട്. ി

(കടപ്പാട്: ഉത്തരകാലം.കോം)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss