|    Nov 15 Thu, 2018 7:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വ്യവസായ-വാണിജ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

Published : 19th July 2018 | Posted By: kasim kzm

തിരുവനന്തപുരം: വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന വ്യവസായ-വാണിജ്യ നയം മന്ത്രിസഭ അംഗീകരിച്ചു. നയത്തിന്റെ കരട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നയത്തിന് അന്തിമ രൂപം നല്‍കിയത്.
വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നല്‍കുമെന്നും നയത്തില്‍ പറയുന്നു. പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്ത ഭടന്‍മാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിനു പ്രോല്‍സാഹിപ്പിക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ പ്രോല്‍സാഹിപ്പിക്കും. മലബാര്‍ മേഖലയില്‍ പ്രകൃതിവാതകം ഉപയോഗിച്ചുള്ള വ്യവസായം തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തും. മാലിന്യസംസ്—കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും. മുഴുവന്‍ പൊതുമേഖലാ വ്യവസായങ്ങളെയും ലാഭത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാ വ്യവസായവും വിപുലീകരിക്കും. മലബാര്‍ സിമന്റ്‌സിലെയും ടിസിസിയിലെയും ഉല്‍പാദനം ഇരട്ടിയാക്കും. ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ഗ്രേ സിമന്റ് ഉല്‍പാദനം ആരംഭിക്കും. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നവീകരണത്തിനും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ തീരുമാനിച്ച ബിഎച്ച്ഇഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നിവ ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്നും നയത്തില്‍ പറയുന്നു.
കയര്‍ മേഖലയില്‍ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്തുന്നതിന് കേരള കയര്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 10 കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ കമ്പനി രൂപീകരിക്കന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കയര്‍ ഉല്‍പന്നങ്ങളുടെ വിപണനം ആധുനിക സങ്കേതങ്ങളുടെ പിന്‍ബലത്തോടെ മല്‍സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി രൂപീകരിക്കുന്നത്. നിര്‍ദിഷ്ട കമ്പനിയില്‍ കേരള സര്‍ക്കാരിന് 49 ശതമാനം ഓഹരിയുണ്ടാവും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷനും അതുപോലെയുള്ള സ്ഥാപനങ്ങള്‍ക്കും നല്‍കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുള്ള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളജായി ഉയര്‍ത്തുന്നതിനും ഈ അധ്യയന വര്‍ഷം തന്നെ ബിഎസ്‌സി അഗ്രികള്‍ച്ചര്‍ (ഓണേഴ്‌സ്) കോഴ്‌സ് തുടങ്ങും. ആദ്യവര്‍ഷം 60 സീറ്റുകള്‍ ഉണ്ടാവും.
കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇപ്പോള്‍ കാര്‍ഷിക കോളജുകളുള്ളത്. നിര്‍ദിഷ്ട കോളജ് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയോജനമാവും. മല്‍സ്യബന്ധന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഒാഫ് അക്വാ കള്‍ച്ചര്‍ കേരള (അഡാക്)യിലെ 37 ഫാം തൊഴിലാളികളുടെ ശമ്പളവും അലവന്‍സും പുതുക്കിനിശ്ചയിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ജില്ലാതലത്തില്‍ അദാലത്ത് സംഘടിപ്പിക്കാന്‍ അനുമതി നല്‍കി. 2018 ജനുവരി 31ലെ കണക്കുപ്രകാരം 215 കോടി രൂപ ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് തൈക്കാട് വില്ലേജില്‍ മ്യൂസിയത്തിന് എതിര്‍വശം 8.02 ആര്‍ സ്ഥലം സാംസ്—കാരിക വകുപ്പിന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി സാംസ്‌കാരിക വകുപ്പിനു കൈവശാവകാശം നല്‍കാനാണ് തീരുമാനം. സി ഡിറ്റിലെ സ്റ്റേറ്റ് സ്‌കെയിലില്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് ശമ്പള പരിഷ്—കരണ ആനുകൂല്യം നല്‍കും. എല്ലാ പോലിസ് ജില്ലകളിലെയും മൊബൈല്‍ ഫോറന്‍സിക് യൂനിറ്റുകള്‍ വിപുലീകരിക്കുന്നതിനും തൃശൂര്‍ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഹൈടെക് ആക്കുന്നതിനും വിവിധ വിഭാഗങ്ങളിലായി 59 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള നിയമനം പൊതുവിഭാഗത്തില്‍ നിന്നു മാറ്റി കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ സിഎ ഗ്രേഡ് 2 വിഭാഗം പ്രത്യേകമായി സൃഷ്ടിച്ച് പിഎസ്‌സി മുഖേന നിയമനം നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss