|    Apr 19 Thu, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വ്യവസായ വകുപ്പിലെ വിവാദ നിയമനം: പാര്‍ട്ടി അന്വേഷിക്കും

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സിപിഎം നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും നിയമിച്ച നടപടി വിവാദമായതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെടുന്നു. 14നു ചേരുന്ന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. ഇക്കാര്യം വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആരാണ് നിയമനം നടത്തിയതെന്നും ഏതു പശ്ചാത്തലത്തിലാണ് നിയമിച്ചതെന്നും പരിശോധിക്കും. വ്യവസായ വകുപ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെയും ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്. വിവിധ ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെയും ചെയര്‍മാന്‍മാരെ മാത്രമാണ് പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുന്നത്. പാര്‍ട്ടി അനുഭാവികളുടെ കുടുംബക്കാര്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കാന്‍ പാടില്ലെന്ന നിലപാടിനോട് യോജിപ്പില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും രംഗത്തെത്തി. സ്വാശ്രയവിഷയത്തില്‍ സമ്മര്‍ദത്തിലായ സര്‍ക്കാരിനെതിരേ മറ്റൊരായുധമായി ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കാനും പ്രതിപക്ഷം തയ്യാറാവും. കെഎസ്‌ഐഇ മാനേജിങ് ഡയറക്ടറായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യാസഹോദരി പി കെ ശ്രീമതി എംപിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.
ഇതിനു പുറമേ, മന്ത്രി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആന്റ് സിറാമിക്‌സ് ലിമിറ്റഡ് എംഡിയായും മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് എംഡിയായും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദിനെ കിന്‍ഫ്ര അപ്പാരല്‍പാര്‍ക്ക് എംഡിയായും മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജനറല്‍ മാനേജറായും നിയമിച്ചതും വിവാദത്തിന് ആക്കംകൂട്ടി. കൂടാതെ, ഇ പി ജയരാജന്റെ സഹോദരീ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ ഉത്തമന്റെ മകള്‍ ജിന്‍സ, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവര്‍ക്ക് വ്യവസായ വകുപ്പിന്റെ കോഴിക്കോട്ടെയും കൊച്ചിയിലെയും സ്ഥാപനങ്ങളിലും ജോലി നല്‍കി.
മന്ത്രി ഇ പി ജയരാജനെതിരേ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തരമായി വിഷയത്തില്‍ ഇടപെടാന്‍ നേതൃത്വം തീരുമാനിച്ചത്. മന്ത്രിമാരുടെയോ നേതാക്കളുടെയോ ബന്ധുക്കള്‍ ഭരണത്തില്‍ ഇടപെടരുതെന്നും അവരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിക്കരുതെന്നും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് നല്‍കിയ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ പരസ്യമായ ലംഘനമാണ് മന്ത്രിയുടെ നടപടിയെന്നാണ് പൊതുവിമര്‍ശനം. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലാണ് പ്രധാനമായും അമര്‍ഷം നിലനില്‍ക്കുന്നത്. നിയമനത്തെ ന്യായീകരിച്ച മന്ത്രിയുടെ നടപടി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് ഇക്കൂട്ടര്‍ പറയുന്നു.
അതേസമയം, ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.  എല്ലാത്തിനുംകൂടി മറുപടി പറയേണ്ട സമയത്ത് താന്‍ മറുപടി പറഞ്ഞുകൊള്ളാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ചെന്നിത്തല കത്ത് നല്‍കി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സിപിഎം നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും കൂട്ടത്തോടെ നിയമിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
ഇത് 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(ഡി) പ്രകാരം കുറ്റകരമാണെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss