|    Nov 18 Sun, 2018 12:39 am
FLASH NEWS

വ്യവസായ മേഖലയിലെ അപ്‌നാഘറില്‍ തൊഴിലാളികളുടെ താമസം സഫലമാവുന്നു

Published : 12th August 2018 | Posted By: kasim kzm

കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചമായ അപ്‌നാഘറില്‍ അന്തിയുറക്കം സഫലമാകുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ അപ്‌നാഘര്‍ മുഖ്യമന്ത്രി ഈ മാസം നാടിന് സമര്‍പ്പിക്കും. രാജ്യത്തെ പ്രഥമ സംരഭമാണിത്. മറ്റു ജില്ലകളില്‍ കൂടി ഇത്തരം താമസ സ്ഥലങ്ങള്‍ നിര്‍മാണം നേരത്തെ ലക്ഷ്യമിട്ടിരുന്നു.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് മാസ വാടകക്ക് താമസിക്കുന്നതിനു വേണ്ടി സുരക്ഷിത താമസത്തിനും വേണ്ടിയാണ് അപ്‌നാഘര്‍ നിര്‍മിച്ചത്. വ്യവസാ മേഖലയില്‍ നാലു നിലകളിലായി 64 മുറികളുള്ള കെട്ടിടത്തിന്റെ ചുമതല തൊഴില്‍ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ്. ഓരോ മുറിയിലും ഒരേ സമയം 10 പേര്‍ക്കു താമസിക്കാന്‍ കഴിയുമെന്നതിനാല്‍ എല്ലാ മുറികളും തട്ടുകളായി തിരിച്ചിരിക്കുന്ന കട്ടിലുകളാണ് ഒരുക്കിയിട്ടുള്ളത്. താഴത്തെ നിലയിലെ 2 മുറികള്‍ ഓഫിസ് ആവശ്യത്തിനുള്ളതൊഴിച്ചാല്‍ മറ്റ് മുറികളൊക്കെ താമസ യോഗ്യമാണ്. ഇതിനോടകം 300ലധികം പേ ര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും തൊഴിലുടമ നല്‍കുന്ന തൊഴിലാളികളുടെ വ്യക്തമായ വിവരങ്ങള്‍ (തിരിച്ചറിയല്‍ കാ ര്‍ഡ്, ആധാര്‍കാര്‍ഡ്) എന്നിവയൊക്കെ പരിശോധിച്ചാണ് ഭായിമാര്‍ക്ക് റൂമുകള്‍ നല്‍കുന്നത്. ഓരോ മുറിക്കും ഇവരില്‍ നിന്നും പ്രതിമാസം 800 രൂപയാണ് വാടകയിനത്തില്‍ ഈടാക്കുകയെന്നതിനാല്‍ തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വാസകരമാവും.
14 കോടി ചെലവിട്ട് 44000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 32 അടുക്കള, 96 ബാത്ത്‌റൂമുകള്‍, 8 ഡൈനിങ് ഹാള്‍ എന്നിവക്കു പുറമെ കുളിക്കാനും തുണിയലക്കാനുമായി വിശാലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ഓരോരുത്തരുടെയും റൂമുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേക ഏജന്‍സിയും 24 മണിക്കൂറും കെട്ടിടത്തില്‍ സുരക്ഷക്കായി സെക്യൂരിറ്റിയുടെ സേവനവുമുണ്ടാവും. ഉദ്ഘാടനം വിപുലമാക്കുന്നതിനായി 31 ന് പുതുശ്ശേരി പഞ്ചായത്താഫിസില്‍ സ്വാഗതസംഘം വിളിച്ചിരുന്നു. കഞ്ചിക്കോട്ടെ അപ്‌നാഘര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കോഴിക്കോട് രാമനാട്ടുകരയിലും എറണാകുളത്തും കളമശ്ശേരിയിലും അപ്‌നാഘര്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇവിടങ്ങളിലെല്ലാം ഓരോ ഏക്കര്‍ ഭൂമി വിതം ഭവനം ഫൗണ്ടേഷനു കീഴില്‍ വാങ്ങിയതായും വിശദമായ പദ്ധതികള്‍ക്കുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. രാപ്പകല്‍ ജോലികഴിഞ്ഞെത്തുന്ന നിരവധി ഇതര സംസ്ഥാനക്കാര്‍ക്ക് സുരക്ഷിത താമസമെന്നത് കാലങ്ങളായുള്ള സ്വപ്‌നമായിരുന്നു. തങ്ങളുടെ വ്യവസായ മേഖലയില്‍ തന്നെ ഇനിയുള്ള നാളുകളില്‍ ഇതര സംസ്ഥാന തൊളിലാളികള്‍ക്ക് സുരക്ഷിതമായി താമസിക്കാനാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss