|    Jun 18 Mon, 2018 6:59 pm
FLASH NEWS

വ്യവസായ മന്ത്രി ഹാന്‍വീവിന് തുണി കൈമാറി

Published : 28th January 2017 | Posted By: fsq

 

കോഴിക്കോട്: കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന്് വ്യവസായവാണിജ്യ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. 2017-18 അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുനിന്ന് നെയ്‌തെടുത്ത യൂനിഫോം ഹാന്‍വീവിന് കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍ മന്ത്രിയില്‍നിന്ന് കൈത്തറി തുണി ഏറ്റുവാങ്ങി.  കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയേയും പൊതുവിദ്യാഭ്യാസ മേഖലയേയും സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി അടുത്ത അധ്യായനവര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി സ്‌കൂള്‍ യൂനിഫോം സൗജന്യമായി നല്‍കു—ന്നതാണ് പദ്ധതി. ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൈത്തറി തുണി ഉല്‍പാദനം വിവിധ ജില്ലകളില്‍ നടക്കുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കൈത്തറി തൊഴിലാളികള്‍ നെയ്‌തെടുത്ത 1.50 ലക്ഷം മീറ്റര്‍ തുണിയാണ് സംസ്‌കരിക്കാന്‍ കോഴിക്കോട് വെച്ച് ഹാന്‍വീവിനെ ഏല്‍പിച്ചത്.ഓരോ സ്‌കൂളുകളില്‍ നിന്നും യൂനിഫോമിന്റെ നിറം നേരത്തെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഏപ്രില്‍ 15നകം തുണി സ്‌കൂളുകളില്‍ എത്തിച്ചു കൊടുത്താല്‍ സ്‌കൂളുകള്‍ തുറക്കുമ്പോഴേക്ക് യൂനിഫോം തയ്ക്കാന്‍ കഴിയും. ഇത് സമയ ബന്ധിതമായി ചെയ്യേണ്ടതുണ്ട്. ഈ പദ്ധതി കേരളത്തിന്റെ പാരമ്പര്യ നെയ്ത്തുമേഖലയെ ലോകത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള സംവിധാനം കൂടിയായി മാറുമെന്നും മൊയ്തീന്‍ പറഞ്ഞു.ജില്ലാ വ്യവസായ കേന്ദ്രം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വി കെ സി മമ്മത് കോയ എംഎല്‍എ കൈത്തറി തൊഴിലാളികള്‍ക്ക് കൂലി കൈമാറി. കൈത്തറി വസ്ത്ര വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍  തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, വ്യവസായ വാണിജ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് എം കൗള്‍, കൗണ്‍സിലര്‍ സൗഫിയ അനീഷ്, ജില്ലാ കൈത്തറി വികസന സമിതി ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, എ വി ബാബു, കെ ശ്രീധരന്‍, ടി കേളു, കെ ജി പങ്കജാക്ഷന്‍, സി വി ഗോവിന്ദന്‍, പി എം  ഫ്രാന്‍സിസ്  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss