|    Sep 24 Sun, 2017 2:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന് ; സിപിഎം ഏരിയാ സെക്രട്ടറിയടക്കം നാലുപേര്‍ക്കെതിരേ കേസ്

Published : 28th October 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസയ്ന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആളാണെന്നു പറഞ്ഞ് വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസില്‍ നേരത്തേ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ് കേസിലെ രണ്ടാം പ്രതി. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീലാ തോമസ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. ഷീലാ തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ലാന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പോലിസ് പറഞ്ഞു. 2015 ജൂണില്‍ ജൂബി പൗലോസിനെ സിപിഎം കളമശ്ശേരി ഓഫിസിലെത്തിച്ച് ഭീഷണിപ്പെടുത്തുകയും തടഞ്ഞുവച്ച് ദേഹോപദ്രവമേല്‍പിക്കുകയും ചെയ്തുവെന്നാണ് കേസ്.
തട്ടിക്കൊണ്ടുപോവല്‍, തടങ്കലില്‍ വച്ചു ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സിറ്റി ടാസ്‌ക് ഫോഴ്‌സ് (സിടിഎഫ്) എന്ന പ്രത്യേക പോലിസ് സംഘം രൂപീകരിച്ചതിനുശേഷം എടുക്കുന്ന ആദ്യ കേസാണിത്.  അതേസമയം, തനിക്കെതിരായ കള്ളപ്രചാരവേലയുടെ ഭാഗമായാണ് ഒന്നരവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ പരാതിയും  കേസും ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് സക്കീര്‍ ഹുസയ്ന്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക