|    Dec 16 Sat, 2017 10:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്: ജാമ്യത്തിനായി സക്കീര്‍ ഹുസയ്ന്‍ ഹൈക്കോടതിയെ സമീപിച്ചു

Published : 29th November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസയ്ന്‍ ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കി. അടിയന്തര പരിഗണനയ്ക്കുള്ള ടുഡേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച ഹരജി ഡിസംബര്‍ ഒന്നിന് കോടതി പരിഗണിക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നവംബര്‍ 17ന് കീഴടങ്ങിയ സക്കീര്‍ ഹുസയ്ന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ ജാമ്യ ഹരജിയുമായി സമീപിച്ചിരുന്നുവെങ്കിലും ഇതു തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയത്.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പോലിസ് തന്നെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തുടര്‍ന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ട കാര്യമില്ലെന്നുമാണ് ഹരജിയിലെ വാദം. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് സക്കീറിനെതിരേ കേസെടുത്തത്. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ലാന്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
എന്നാല്‍ തന്നെ അനാവശ്യമായി വ്യാജ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നും ഹരജിയില്‍ സക്കീര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക