|    Feb 23 Thu, 2017 1:17 am
FLASH NEWS

വ്യവസായികള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടാവണം: മന്ത്രി

Published : 2nd December 2016 | Posted By: SMR

പാലക്കാട്:സമൂഹത്തിനോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചാവണം വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ആരോഗ്യ- സാമൂഹിക നീതി -മലിനീകരണ നിയന്ത്രണ മന്ത്രി  കെ കെ ശൈലജ അറിയിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സജ്ജീകരിച്ച പരിസ്ഥിതി നിരീക്ഷണ വാനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വ്യവസായ സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ ആധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം വ്യവസായികള്‍ക്കുണ്ടാവണം. നിബന്ധനകള്‍ അനുസരിക്കാതിരുന്നാല്‍ നടപടിയിലേയ്ക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാവുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിരീക്ഷണ സംവിധാനത്തിലൂടെ ജല-വായു മലിനീകരണം കണ്ടെത്തിയാല്‍ വ്യവസായ സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നാല്‍ തൊഴിലാളികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിരുത്തുന്നതിനുള്ള കാലാവധി നല്‍കും. അനുസരിച്ചില്ലെങ്കില്‍ അടച്ച് പൂട്ടാന്‍ നോട്ടീസ് നല്‍കും.സംസ്ഥാനം ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന സമയത്ത് ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്ന കമ്പനികള്‍ക്ക് ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തവുമുണ്ടെന്ന് മന്ത്രി പറഞ്ഞു. റവന്യൂ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ സാമ്പത്തിക പരിമിതികളുണ്ട്. അതിനാല്‍ കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്നോ കോര്‍പ്പറെറ്റ് സോഷല്‍ റെസ്‌പോന്‍സിബിലിറ്റി (സി.എസ്.ആര്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ അഞ്ച് മാസമായി നടക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊത്ത് ഉയരുന്നതിന് വകുപ്പില്‍ കൂടുതല്‍ സൗകര്യങ്ങളും ജീവനക്കാരും ആവശ്യമാണെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാവണം വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് വി എസ് അച്യുതാനന്ദന്‍ എംഎല്‍എനിരന്തരമായി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കഞ്ചിക്കോട് അടിയന്തരമായി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്നുവെന്ന് പൊതുജനങ്ങള്‍ നിരന്തരമായി പരാതിപ്പെടുന്ന സ്റ്റീല്‍ ഉല്‍്പാദന സ്ഥാപനം മാറ്റി സ്ഥാപിക്കുന്നത് സമയമെടുത്ത് തീരുമാനിക്കേണ്ട വിഷയമാണ്.  കഞ്ചിക്കോട് മേഖലയില്‍ മലിനീകരണം മൂലം കാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നുള്ള ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും പ്രദേശത്ത് തുടര്‍ച്ചയായി മെഡിക്കല്‍ ക്യാംപുകള്‍ നടത്താന്‍ ആരോഗ്യ വകുപ്പിനും മെഡിക്കല്‍ കോളജിനും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കഞ്ചിക്കോട് ആര്‍ബി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ , മെമ്പര്‍ സെക്രട്ടറി കെ എസ് ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക