|    Dec 14 Fri, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യവസായവകുപ്പിന്റെ ഏകോപനം ലക്ഷ്യത്തിലെത്തിച്ചത് ദാമോദര്‍

Published : 25th August 2018 | Posted By: kasim kzm

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: വെള്ളപ്പൊക്ക ദുരിതാശ്വാസ ദൗത്യപ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ ഏകോപനം ലക്ഷ്യത്തിലെത്തിച്ച ചാരിതാര്‍ഥ്യത്തില്‍ ദാമോദര്‍ അവണൂര്‍. പ്രളയബാധിത പ്രദേശങ്ങളിലേക്കാവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം, വെള്ളം ഉള്‍പ്പെടെയുള്ള അത്യാവശ്യ വസ്തുക്കളാണ് എത്തിച്ചത്. കേരള വ്യവസായവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പ്രളയബാധിത മേഖലകളില്‍ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ആനമങ്ങാട് സ്വദേശിയായ ദാമോദര്‍ അവണൂര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ആനമങ്ങാട്ടെ തന്റെ ഓഫിസിലിരുന്ന് വാട്‌സ്ആപ്പിലൂടെയും സമൂഹമാധ്യമത്തിലൂടെയുമാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിച്ചത്. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിത പ്രദേശങ്ങള്‍, ദുരിതാശ്വാസ ക്യാംപുകള്‍ എന്നിവിടങ്ങളിലേക്കുമുള്ള മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ കഴിഞ്ഞ 16നാണ് വ്യവസായമന്ത്രാലയം ദാമോദര്‍ അവണൂരിനോട് ആവശ്യപ്പെട്ടത്. വ്യവസായ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, സെക്രട്ടറി സഞ്ജയ് കോള്‍, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, ഡയറക്ടര്‍ കെ ബിജു എന്നിവരാണ് ദാമോദറിനെ ചുമതലപ്പെടുത്തിയത്.
കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മരുന്നുനിര്‍മാണ കമ്പനിയായ ആനമങ്ങാട് ചേതനാ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഡയറക്ടറും ലോഹ ശില്‍പിയുടെ മാനേജിങ് ഡയറക്ടറുമാണ് ദാമോദര്‍. എല്ലാ ജില്ലകളിലെയും ചെറുകിട വ്യവസായ സംഘടനാ ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍.
ആഗസ്ത് 17ന് വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ 20,000 പേര്‍ക്ക് ഭക്ഷണമെത്തിച്ചു. പ്രളയം കാരണം എറണാകുളത്തെ പെപ്‌സികോ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നപ്പോള്‍ കഞ്ചിക്കോട് നിന്നു വിവിധ ജില്ലകളിലെ ക്യാംപുകളില്‍ കുപ്പിവെള്ളമെത്തിച്ചു. എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് 10,000 മെഴുകുതിരികള്‍ എത്തിച്ചു. ഗതാഗതവും വാര്‍ത്താവിനിമയ ബന്ധവും താറുമാറായ നെല്ലിയാംപതിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചു.
വൈദ്യുതി തകരാറിലായ ഭാഗങ്ങളില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന പെന്‍ലൈറ്റ് ബാറ്ററി, മൊബൈല്‍ പവര്‍ ബാങ്കുകള്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചത് ദാമോദര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. സിവില്‍ വസ്ത്രമില്ലാതെ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തനം തുടരുന്ന പോലിസുകാര്‍ക്ക് ചുരുങ്ങിയ സമയംകൊണ്ട് 2000 ടീഷര്‍ട്ടുകള്‍ എത്തിച്ചു.
പോലിസുകാരെന്ന വ്യാജേന വീടുകളില്‍ ആളുകള്‍ കയറുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് എന്ന് പ്രിന്റ് ചെയ്ത നീല നിറത്തിലുള്ള ടീഷര്‍ട്ട് തയ്യാറാക്കിയത്. ഇങ്ങിനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദാമോദര്‍ നേതൃത്വം നല്‍കിവരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss