|    Mar 22 Thu, 2018 7:32 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വ്യത്യസ്ത സ്വത്വങ്ങളുടെ കൂടിച്ചേരല്‍

Published : 18th October 2016 | Posted By: SMR

ആരാണ് സമ്പൂര്‍ണ ദലിത് സ്ത്രീ? – 2  

ക്രിസ്തീന തോമസ് ധനരാജ്

എന്നെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുകയും ‘മുകളിലേക്ക് കുതിക്കുകയും’ ചെയ്യുന്ന ദലിതുകളെ സംബന്ധിച്ച് ചില സവര്‍ണരും അവരുടെ സുഹൃത്തുക്കളും ഉന്നയിക്കുന്ന പ്രത്യേക അവകാശമനുഭവിക്കുന്നവര്‍ എന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ മറുപടിയായി കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
1.വര്‍ത്തമാന ദലിത്‌സമുദായങ്ങള്‍ക്കിടയില്‍ പ്രത്യേകാവകാശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, ഇവയൊന്നും ഒരുതരത്തിലും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഞങ്ങളുടെ സുഹൃത്തുക്കള്‍ ആസ്വദിക്കുന്ന സൗകര്യ-ആനുകൂല്യങ്ങളുടെ അടുത്ത് വരുന്നില്ല. 2000 വര്‍ഷത്തിലധികമായി ജാതിപീഡനം നിലവിലുണ്ട്. വിഭവങ്ങള്‍, ഭൂമി, മൂലധനം എന്നിവയുടെ കാര്യത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ തലമുറകളായി നേരിട്ട കുറവ് പരിഹരിക്കാന്‍ സാമ്പത്തികമായി നിരവധി തലമുറകള്‍ ഇനിയും ആവശ്യമാണ്. കൂട്ടക്കൊലകളും തലയറുക്കലുകളും നേരിട്ട് പൊരുതിവന്ന ഞങ്ങളുടെ മുന്‍ഗാമികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ യാതൊരു തരത്തിലും ഞങ്ങളുടെ പീഡകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല.
ആയതിനാല്‍ ശ്രേണി, സാമൂഹികമായ വളര്‍ച്ച, വിദ്യാഭ്യാസം തുടങ്ങി ദലിത് സമുദായത്തിനകത്തുള്ള സൗകര്യങ്ങള്‍ ഏതും തന്നെ വളരെ കണിശമായി നിര്‍വചിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല, അതു ചെയ്യേണ്ടത് ഞങ്ങള്‍ ദലിതുകള്‍ തന്നെയാണ് എന്നതാണ്.
രണ്ടാമത്, സവര്‍ണരോ വെള്ളനിറമുള്ളവരോ ആരോ ആവട്ടെ അവര്‍ക്കൊന്നും മേല്‍ സൂചിപ്പിച്ച തരത്തിലുള്ള സൗകര്യങ്ങള്‍ നിര്‍വചിക്കാനുള്ള യാതൊരു അവകാശവുമില്ല എന്നതാണ്.
ഇക്കൂട്ടര്‍ക്ക് (പ്രത്യേകിച്ച് സവര്‍ണര്‍ക്ക്) വലിയ ആശങ്കയുണ്ടെങ്കില്‍ അവര്‍ എന്തുകൊണ്ടാണ് തങ്ങളുടെ കുടുംബങ്ങള്‍ തലമുറകളായി കൈയടക്കിവച്ചിരിക്കുന്ന ഇടം ഉപേക്ഷിക്കാന്‍ തയ്യാറാവാത്തത് എന്ന ചോദ്യമുയരുന്നു. സൗകര്യങ്ങളെ കുറിച്ചുള്ള ഞങ്ങള്‍ ദലിതുകളുടെ ആന്തരിക സംവാദങ്ങളെ ഈ സഖ്യം എന്തിനാണ് ഞങ്ങളുടെ സ്ത്രീകളുടെ ശബ്ദങ്ങളെ നിരാകരിക്കാനുള്ള ‘അവസരം’ ആയി ഉപയോഗിക്കുന്നത്?
മൂന്നാമത്, ഏറ്റവും ആധികാരികമായ ദലിത് അനുഭവങ്ങള്‍ ഏതാണെന്നു നിര്‍ണയിക്കുന്നത് ആരാണ്? ആരാണ് ദലിതത്വം നിര്‍വചിക്കുന്നത്: ‘നിങ്ങള്‍ ശരിയായ തോതില്‍ ദലിത് ആണോ?’, ‘നിങ്ങളില്‍ എന്താണ് ദലിതത്വം ഉള്ളത്?’ ‘നിങ്ങള്‍ ദലിതിനെ പോലെ തോന്നിക്കുന്നില്ല.’ സോമവംശി ചൂണ്ടിക്കാണിക്കുന്നതുപോലെ, ‘ഒരാളുടെ ബ്രാഹ്മണത്വവുമായി ബന്ധപ്പെടുത്തിയാണ് ദലിതന്റെ ദലിതത്വം മനസ്സിലാക്കേണ്ടത്. ദലിത് സ്വത്വം എന്ന ആശയത്തെ യാഥാര്‍ഥ്യവല്‍ക്കരിക്കുന്നതോടെ അത് കച്ചവട വസ്തുവും ബ്രാഹ്മണ്‍-സവര്‍ണര്‍ക്ക് സൗകര്യം പോലെ പഠിക്കാനും വിമര്‍ശിക്കാനും അടര്‍ത്തിമാറ്റി ഉപയോഗിക്കാനും നിരാകരിക്കാനും പറ്റുന്ന ഒന്നായും അത് മാറുന്നു.’ നിസ്സഹായനും ശബ്ദമില്ലാത്ത ഇരയും എന്ന പ്രഖ്യാപിത ദലിത് സങ്കല്‍പവുമായി യോജിച്ചുപോവാത്ത ഏതൊരു ദലിത് പുരുഷനും സ്ത്രീയും ഒരു സമ്പൂര്‍ണ ദലിത്ആയി അംഗീകരിക്കപ്പെടില്ല എന്നാണിത് സൂചിപ്പിക്കുന്നത്. അയാളുടെ/അവളുടെ ദലിതത്വം ന്യായീകരിക്കപ്പെടേണ്ടിവരുന്നു. അതില്‍ അവര്‍ പരാജയപ്പെടുന്നപക്ഷം അവരുടെ വിവരണങ്ങള്‍ ‘സൗകര്യം’ ഉള്ളവരുടേതായി പുറന്തള്ളപ്പെടുന്നു.
ഒരു ദലിത്, മധ്യവര്‍ഗ, സര്‍വകലാശാലാ വിദ്യാഭ്യാസം നേടിയ, തമിഴായ, ഇംഗ്ലീഷ് സംസാരിക്കുന്ന, ക്രിസ്ത്യന്‍ സ്ത്രീയാണ് ഞാന്‍. ഈ സ്വത്വങ്ങളുടെയെല്ലാം കൂടിച്ചേരലാണ് ഞാന്‍. ഇവയാണ് ഞാന്‍ ആരാണെന്നും വരുംവര്‍ഷങ്ങളില്‍ ഞാന്‍ ആരായിരിക്കുമെന്നുമുള്ളതിന്റെ അടിസ്ഥാനം രൂപീകരിക്കുന്നത്. ലോകം എന്നെ എങ്ങനെ കണ്ടാലും, എന്റെ പൂര്‍വികരുടെ, മാര്‍ഗനിര്‍ദേശകരുടെ, സഹോദരിമാരുടെ, ബാബാ സാഹേബിന്റെ പ്രകാശം ഞാന്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുക തന്നെ ചെയ്യും. എനിക്കു മുന്നേ വന്നവരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും എനിക്കുശേഷം വരാനിരിക്കുന്നവര്‍ക്ക് അതിനേക്കാളേറെ കൊടുക്കേണ്ടതുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു.
എന്റെയും എന്റെ സഹോദരിമാരുടെയും ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും കുറിച്ച്, ‘സൗകര്യം അനുഭവിക്കുന്നവരെ’ തുറന്നുകാട്ടുന്നു എന്ന വ്യാജേന, എതെങ്കിലും മര്‍ദകന്‍ നടത്തുന്ന വിദ്വേഷം നിറഞ്ഞതും അടിസ്ഥാനമില്ലാത്തതുമായ അഭിപ്രായങ്ങള്‍ കാരണമായി ഒരു പൂര്‍ണ മനുഷ്യനാവുന്നതില്‍ നിന്നോ ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിക്കുന്നതില്‍ നിന്നോ ഞാന്‍ നാണിച്ചു മാറിനില്‍ക്കില്ല.
കൂടാതെ, നാം നമ്മളെയും നമ്മുടെ പൂര്‍വികരെയും ആഘോഷിക്കുക എന്നത് പ്രധാനമാണ്. ഒരു സമ്പൂര്‍ണ മനുഷ്യത്വം നേടാനുള്ള ശേഷി നമുക്കുണ്ട് എന്ന് വിശ്വസിച്ചവരാണവര്‍. ഏറ്റവും അന്ധകാരം നിറഞ്ഞ കാലത്തും പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിച്ചവര്‍; ആ വിശ്വാസത്തിന്റെ പുറത്ത് പ്രവര്‍ത്തിച്ചവര്‍. ഈ ഗര്‍ത്തത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന നമ്മുടെ സഹോദരിമാരെയും സഹോദരന്മാരെയും നാം ആഘോഷിക്കേണ്ടതുണ്ട്. വേഗത്തിലും സുരക്ഷിതമായും ഈ വിടവ് മറികടക്കാന്‍ അവരോട് നാം കൈകോര്‍ക്കണം. നാം എപ്പോഴും, എപ്പോഴും, മര്‍ദകനെ സൂക്ഷിക്കണം. അവരുടെ ലോകവീക്ഷണത്തെ നമ്മുടെ തീരുമാനത്തെ നിയന്ത്രിക്കാനോ നമുക്കിടയില്‍ പരസ്പരമുള്ള സ്‌നേഹത്തെ സ്വാധീനിക്കാനോ അനുവദിക്കുകയുമരുത്.

(അവസാനിച്ചു.)

ബംഗളൂരുവില്‍ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ലേഖിക
ദലിത് ഹിസ്റ്ററി ഡോട്ട്‌കോമിന്റെ
സഹസ്ഥാപകയാണ്.

(പരിഭാഷ: മുഹമ്മദ് സാബിത്)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss