|    Oct 21 Sat, 2017 5:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വ്യത്യസ്ത വിനോദ പരിപാടികളുമായി ടൂറിസം അതോറിറ്റി

Published : 23rd August 2016 | Posted By: SMR

ദോഹ: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിനോദ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് ടൂറിസം വ്യക്തമാക്കി. ആനന്ദത്തിലേക്ക് ഉണരൂ എന്ന തലക്കെട്ടില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ക്ക് ബലിപെരുന്നാളിന്റെ ഒന്നാം ദിനം മുതല്‍ തുടക്കമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കായിക സ്ഥാപനങ്ങള്‍, മാര്‍ക്കറ്റിങ് കേന്ദ്രങ്ങള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയ സാംസ്‌കാരിക സമ്മേളന നഗരികളിലെല്ലാം വ്യത്യസ്തയിനത്തിലുള്ള പരിപാടികള്‍ അരങ്ങേറും.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ടൂറിസം രംഗം വിപുലപ്പെടുത്തുകയെന്ന ഖത്തര്‍ നയത്തിന്റെ ഭാഗമായാണ് ഇത്തരം വാര്‍ഷിക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ടൂറിസം അതോറിറ്റിയിലെ മാര്‍ക്കറ്റിങ് ആന്റ് പ്രമോഷന്‍ വിഭാഗം മേധാവി റാഷിദ് അല്‍ഖരീസി പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലായി ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍, ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവല്‍ എന്നിവ നടത്തിയതിന്റെ ആവേശത്തിലാണ് ടൂറിസം അതോറിറ്റി ഈദുല്‍ അദ്ഹ ആഘോഷ പരിപാടികള്‍ക്കും മുന്നിട്ടിറങ്ങുന്നത്.
കുട്ടികളുടെ ചാനലായ ബറാഇം ടിവിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ ഖത്തര്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ വമ്പിച്ച വിജയമായതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ബറാഇം ടിവിയുമായി സഹകരിച്ച് ഫാഫാ സേവ്‌സ് ദി ഫോറസ്റ്റ് എന്ന തിയേറ്ററിക്കല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം അതോറിറ്റി വ്യക്തമാക്കി. ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരിക്കും ഈ പ്രദര്‍ശനം.
150 റിയാല്‍ മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശന ടിക്കറ്റുകള്‍ വെര്‍ജിന്‍ മെഗാസ്റ്റോര്‍ ഷോപ്പില്‍ ലഭിക്കുന്നതാണ്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും അബുസംറ അതിര്‍ത്തി ചെക്ക്‌പോസ്റ്റുമായി സഹകരിച്ച് രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്വീകരണം നല്‍കുകയും പെരുന്നാള്‍ ആഘോഷ പരിപാടികളെക്കുറിച്ചുള്ള വിവരണം നല്‍കുകയും ചെയ്യും.
പെരുന്നാള്‍ സമ്മാനങ്ങളും ആഘോഷ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബുക്ക്‌ലെറ്റുകളും സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യും.
ഹയാത്ത് പ്ലാസ കോംപ്ലക്‌സ്, ദോഹ സിറ്റി സെന്റര്‍, എസ്ദാന്‍ മാള്‍ കോംപ്ലക്‌സ്, ലഗൂണ മാള്‍, അല്‍ഖോര്‍ മാള്‍, ദാറുസ്സലാം എന്നിവിടങ്ങളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി പത്ത് വരെ ആഘോഷ പരിപാടികള്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക