|    Apr 22 Sun, 2018 4:26 pm
FLASH NEWS

വ്യക്തിനിയമങ്ങള്‍: ഒരു താരതമ്യം

Published : 26th November 2016 | Posted By: G.A.G

അഡ്വ. എം എം അലിയാര്‍

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമം എത്രമാത്രം ബാധകമാണ് എന്നു വ്യവസ്ഥ ചെയ്യുക മാത്രമാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലികേഷന്‍ ആക്ട് 1937 നിര്‍വ്വഹിക്കുന്നത്. ആറു വകുപ്പുകള്‍ മാത്രമാണ് ഈ നിയമത്തിലുള്ളത്. അതില്‍ പ്രധാനപ്പെട്ടതു രണ്ടാം വകുപ്പാണ്. അതു താഴെ പറയും പ്രകാരമാണ്: ‘വ്യത്യസ്തമായ എന്തെല്ലാം കീഴ്‌വഴക്കങ്ങള്‍ ഉണ്ടെന്നിരിക്കിലും (കൃഷിഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഒഴികെ) അനന്തരാവകാശം, വ്യക്തിഗത അനന്തര സ്വത്ത്, ഇഷ്ടദാനം, കരാറും മറ്റു വ്യക്തി നിയമ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രത്യേക സ്വത്തവകാശം, വിവാഹം, ത്വലാഖ്, ഈലാഅ്, ളിഹാര്‍, ലിആന്‍, ഖുല്‍അ്, മുബാറഅത്ത് മുഖേനയുള്ള വിവാഹമോചനങ്ങള്‍, ജീവനാംശം, മഹര്‍, രക്ഷാകര്‍തൃത്വം, ഇഷ്ടദാനം, ട്രസ്റ്റും ട്രസ്റ്റ് സ്വത്തുക്കളും, ധര്‍മ സ്ഥാപനങ്ങളും മതപരമായ ധര്‍മദാനങ്ങളും ഒഴികെയുള്ള വഖ്ഫ് എന്നീ വിഷയങ്ങളിലെല്ലാം കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ട നിയമം മുസ്‌ലിം വ്യക്തി നിയമം (ശരീഅത്ത്) ആയിരിക്കും.’
vyakti-oneചുരുക്കിപ്പറഞ്ഞാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മഹ്ര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രത്യേക സ്വത്തവകാശം, ഇഷ്ടദാനം, രക്ഷാകര്‍തൃത്വം, ജീവനാംശം, ട്രസ്റ്റ്, വഖ്ഫ് എന്നീ വിഷയങ്ങളില്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് നിയമമാണ് ബാധകം എന്നു മാത്രമാണ് ഈ നിയമത്തില്‍ പറയുന്നത്. ശരീഅത്ത് നിയമ വ്യവസ്ഥകള്‍ എന്താണെന്നോ അവ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്നോ പറയുന്നില്ല. കോടതികള്‍ ഈ വിഷയങ്ങളില്‍ ശരീഅത്ത് നിയമം അനുസരിച്ചു വിധി നല്‍കണം.
ശരീഅത്ത് നിയമങ്ങള്‍ വ്യക്തവും എഴുതപ്പെട്ടതും ആണെങ്കിലും അവ ഈ വിഷയങ്ങള്‍ക്കു മാത്രമായി ക്രോഡീകരിക്കപ്പെട്ടവയല്ല. നിയമവിധികള്‍ ഖുര്‍ആനില്‍നിന്നും ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നുമായി കണ്ടെടുത്തും വ്യാഖ്യാനിച്ചും വിധിതീര്‍പ്പു നല്‍കുകയാണ് ഇന്ത്യന്‍ കോടതികള്‍ നാളിതുവരെ ചെയ്തുവരുന്നത്. ഹിദായ, മിന്‍ഹാജ് താലിബീന്‍ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷകളാണു കോടതികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട് എന്നതു ശരിയാണ്. അതു സംബന്ധിച്ച യാതൊരു പരാമര്‍ശവും ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടില്‍ ഇല്ല. ഹിദായ സുന്നികള്‍ക്കിടയില്‍ ആധികാരികമായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ്. ഹനഫി നിയമത്തിലെ ഏറ്റവും പുരാതനവും ബൃഹത്തുമായ പ്രാമാണിക ഗ്രന്ഥമാണിത്. 1774ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് വാറന്‍ ഹേസ്റ്റിങ്‌സിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം ലോര്‍ഡ് ഹാമിള്‍ട്ടനു കീഴില്‍ ഒരു കൂട്ടം പണ്ഡിതരെ നിയമിച്ചു വര്‍ഷങ്ങള്‍കൊണ്ടാണ് നാലു വാള്യങ്ങളായുളള അതിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്.
മുസ്‌ലിം വ്യക്തി നിയമങ്ങള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിയമ തത്വങ്ങളിലും നീതിയിലും അധിഷ്ഠിതമാണെന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍, കേവലം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. തര്‍ക്കവിഷയമായിക്കഴിഞ്ഞിട്ടുള്ള വിവാഹമോചനത്തെക്കുറിച്ചു ചിലതു പറയട്ടെ. വ്യക്തിസ്വാതന്ത്ര്യത്തിന് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്ന മുസ്‌ലിം നിയമത്തില്‍ വിവാഹം ഒരു സിവില്‍ കരാറാണ്. വിവാഹത്തില്‍ ആത്മീയതയ്ക്കും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും പങ്കില്ലെന്നു മുസ്‌ലിം നിയമം ഉറപ്പിച്ചു പറയുന്നു. എന്നാല്‍, മറ്റു വ്യക്തിനിയമങ്ങളിലെല്ലാം വിവാഹം ഒരു മത ചടങ്ങു വഴി മാത്രം പൂര്‍ത്തിയാകുന്ന ആചാരമാണ്.
മതാനുഷ്ഠാനം വഴി നടത്തിയ വിവാഹം മറികടക്കാന്‍ വിവാഹമോചനം എന്ന ഒരു ചടങ്ങിന് ഇതര മതങ്ങളില്‍ വ്യവസ്ഥയില്ല. അതുകൊണ്ടാണ് ഇതരമതക്കാര്‍ക്കു രാജ്യത്തു വിവാഹ മോചനത്തിനു നിയമ നിര്‍മാണവും കോടതി വിധിയും ആവശ്യമായി വന്നത്. എന്നാല്‍, മുസ്‌ലിം നിയമത്തിലെ വിവാഹക്കരാര്‍ നടപ്പാക്കാന്‍ പറ്റാതെ വന്നാല്‍ വിവിധ പരിഹാര മാര്‍ഗങ്ങളുണ്ട്. ഇതര മത നിയമങ്ങളിലെ സാമാന്യസങ്കല്‍പ്പങ്ങളില്‍നിന്നു വ്യത്യസ്തമായി പാരമ്പര്യം vyakti-2നിലനിര്‍ത്തുന്നതിനായി ജീവിതത്തില്‍ പാലിക്കേണ്ട് ഒരു മതാനുഷ്ഠാനമല്ല മുസ്‌ലിം നിയമത്തിലെ വിവാഹം.
ഇസ്‌ലാമില്‍ വിവാഹത്തിന്റെ ലക്ഷ്യം സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇണകളായി സുഖവും സമാധാനവും കണ്ടെത്തലാണ്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടാതെ വന്നാല്‍ നിയമത്തിലെ പരിഹാര മാര്‍ഗങ്ങള്‍ ബാധകമാക്കുക മാത്രമാണു മുസ്‌ലിം വിവാഹ മോചനനിയമം ചെയ്യുന്നത്. അതാകട്ടെ, ഇരുകക്ഷികളുടെയും അവകാശങ്ങളും ബാധ്യതകളും പരമാവധി സംരക്ഷിച്ചുകൊണ്ടുമാണ്.മുസ്‌ലിം വിവാഹ കരാര്‍ പൂര്‍ത്തിയാകുന്നത് ‘ഈജാബ്’ എന്ന ഓഫറും ‘ഖബൂല്‍’ എന്ന അക്‌സപ്റ്റന്‍സും ‘മഹര്‍’ എന്ന കണ്‍സിഡറേഷനും പാലിച്ചുകൊണ്ടാണ്. മുസ്‌ലിം വിവാഹം പുരുഷനും സ്ത്രീയും തുല്യതയോടെ സുഖവും സമാധാനവും കണ്ടെത്തുന്നതിനുള്ള പരസ്പര ഉടമ്പടിയാണ്. വിവാഹത്തോടെ സ്ത്രീയുടെ സംരക്ഷണച്ചുമതല പുരുഷന്റെ ബാധ്യതയായി തീരുന്നു. ആരാണോ കരാര്‍ ലംഘിക്കുന്നത് അയാള്‍ മറ്റേയാള്‍ക്കു നഷ്ടപരിഹാരം നല്‍കുക എന്ന കരാര്‍ നിയമം തന്നെയാണു മുസ്‌ലിം വിവാഹ മോചന നിയമത്തിലുമുള്ളത്. ഇവിടെ മഹര്‍ എന്ന സമ്പത്തു കൊടുത്തതു പുരുഷനും കൈപ്പറ്റിയതു സ്ത്രീയും ആകയാല്‍ സമ്പത്തു നഷ്ടപ്പെട്ടയാള്‍ക്ക് അവന്റെ അവകാശങ്ങള്‍ വകവച്ചു കൊടുക്കുക മാത്രമാണ് മുസ്‌ലിം വിവാഹമോചന നിയമം ചെയ്യുന്നത്.
vyakthi-4കരാറില്‍ നിന്ന് ഇരുവര്‍ക്കും പിന്‍മാറാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പണം കൊടുത്തയാള്‍ക്കു കരാര്‍ വേണ്ടന്നു തീരുമാനിക്കാന്‍ മറ്റേയാളുടെ അനുവാദം ആവശ്യമില്ല, കരാറില്‍ നിന്നു പിന്‍മാറിയാല്‍ അയാള്‍ക്കു കൊടുത്ത പണം നഷ്ടമാകുമെന്നു മാത്രം. എന്നാല്‍, പണം വാങ്ങി കരാറില്‍ ഏര്‍പ്പെട്ടയാള്‍ക്കു പണവും വാങ്ങി തന്നിഷ്ട പ്രകാരം പിന്മാറി പോകാമെന്നു പറയുന്നതു ന്യായമാവില്ല. ഇനി പണം തിരികെ കൈപ്പറ്റി കരാറില്‍നിന്ന് ഒഴിയാന്‍ മറ്റേയാള്‍ തയ്യാറായില്ലെങ്കില്‍ മറ്റു കാരണങ്ങള്‍ ബോധിപ്പിച്ചു കരാര്‍ മോചനത്തിനു കോടതിയെ സമീപിക്കുകയല്ലാതെ നിവൃത്തിയില്ല. ഇരുവരും തമ്മിലുണ്ടാക്കിയ ഒരു കരാര്‍ പരസ്പര സമ്മത പ്രകാരം അവസാനിപ്പിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യവുമില്ല.
മുസ്‌ലിം നിയമത്തില്‍ വിവാഹ മോചനത്തിന് ഏഴു മാര്‍ഗങ്ങളുണ്ട്. താന്‍ സ്ത്രീക്കു കൊടുത്ത വിവാഹമൂല്യമായ മഹര്‍ വേണ്ടെന്നു വച്ചു ആ കരാര്‍ മൂലം അവര്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു നികത്താന്‍ സന്നദ്ധനാണെന്ന് അറിയിച്ചു പുരുഷന്‍ ഏകപക്ഷീയമായി വിവാഹ ഉടമ്പടി റദ്ദാക്കുന്നതാണു ‘ത്വലാഖ്’. വിവാഹ കരാറുമായി മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്നതിനാല്‍ മഹര്‍ തിരികെ കൊടുത്തു സ്ത്രീ വിവാഹമോചനം തേടുന്നതാണ് ‘ഖുല്‍അ്’. (ത്വലാഖിനു നേര്‍ വിപരീതം) ഉഭയ സമ്മത പ്രകാരം വിവാഹമോചിതരാകുന്ന രീതിയാണ് ‘മുബാറഅഃ’. ഈ രീതിയിലൊന്നും വിവാഹമോചനം നടക്കാതെ വന്നാല്‍ സ്ത്രീ കോടതിയെ സമീപിച്ചു വിവാഹക്കരാര്‍ ദുര്‍ബലപ്പെടുത്തി വിധി സമ്പാദിക്കുന്നതാണ് ‘ഫസ്ഖ്’. ഇന്ത്യയില്‍ മുസ്‌ലിംസ്ത്രീകള്‍ക്കു ഫസ്ഖ് നേടാവുന്ന കാരണങ്ങളും രീതികളും വ്യവസ്ഥ ചെയ്തുകൊണ്ട് ആവിഷ്‌ക്കരിച്ച നിയമമാണ് 1939 ലെ ‘ഡിസൊല്യൂഷന്‍ ഓഫ് മുസ്‌ലിം മാര്യേജസ് ആക്ട്’.
കരാറിലെ കക്ഷികളുടെ പെരുമാറ്റത്താല്‍ വിവാഹ മോചനം സംഭവിക്കുന്ന മറ്റു മൂന്നു വിവാഹമോചന രീതികളുമുണ്ട്. വിവാഹ കരാറിന്റെ ലക്ഷ്യം ഇണകളില്‍ ഇരുവരുടെയും സുഖവും സമാധാനവുമാണെങ്കില്‍കൂടിയും ആ കരാറിലുടെ സ്ത്രീക്കു പുരുഷനില്‍ നിന്നു രണ്ട് അവകാശങ്ങള്‍ അധികമായി ലഭിക്കുന്നുണ്ട്. പുരുഷനില്‍ നിന്ന് ഉപജീവനം ഉള്‍പ്പടെയുള്ള സംരക്ഷണമാണ് അതിലൊന്ന്. പുരുഷനില്‍ നിന്നുള്ള ജീവിത ആസ്വാദനമാണു രണ്ടാമത്തേത്. ഇതില്‍ രണ്ടാമത്തെ അവകാശം പുരുഷന്‍ തന്റെ മനഃപൂര്‍വ്വമായ പെരുമാറ്റത്തിലൂടെ സ്ത്രീക്കു നിഷേധിക്കുന്നതും കരാര്‍ ലംഘനമായി നിയമം പരിഗണിക്കും.
vyakthi-5ഭാര്യയുമായി ശാരീരികബന്ധം പുലര്‍ത്തുകയില്ലെന്ന് ഭര്‍ത്താവ് ശപഥം ചെയ്തു നാലുമാസം പൂര്‍ത്തിയായാല്‍ വിവാഹമോചനം സംഭവിക്കും. അത് ‘ഈലാഅ്’ എന്ന വിവാഹനോചന രീതിയാണ്. ഭാര്യ തനിക്കു സഹോദരിയെപോലെയാണെന്നോ മാതാവിനെ പോലെയാണെന്നോ പറയുകയും നാലു മാസത്തോളം ദാമ്പത്യബന്ധം നിഷേധിക്കുകയും ചെയ്താലും വിവാഹമോചനം സംഭവിക്കും. ‘ളിഹാര്‍’ എന്ന വിവാഹമോചനരീതിയാണിത്. ഒരാള്‍ മറ്റൊരാളില്‍ വ്യഭിചാരം ആരോപിക്കുകയും ആരോപിക്കപ്പെട്ടയാള്‍ അതു നിഷേധിക്കുകയും ചെയ്താല്‍ ഇരുവരും ആരോപണവും നിഷേധവും കോടതിയില്‍ സത്യം ചെയ്തു പറയുന്നതിലൂടെയും വിവാഹമോചനം സംഭവിക്കും. ഇതു ‘ലിആന്‍’  (ശാപപ്രാര്‍ത്ഥന) എന്ന വിവാഹമോചനരീതിയാണ്. വിവിധ വിവാഹമോചന രീതികളില്‍ പുരുഷന് ഏകപക്ഷീയമായി വിവാഹക്കരാര്‍ റദ്ദു ചെയ്യാന്‍ അനുമതി നല്‍കുന്ന ഏക വിവാഹമോചന രീതി ത്വലാഖ് മാത്രമാണ്. പിന്നെയെങ്ങിനെ ഇസ്‌ലാമിലെ വിവാഹമോചന രീതികള്‍ പുരുഷകേന്ദ്രീകൃതമാണെന്നു വ്യാഖാനിക്കാനാകും?
പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ത്വലാഖ് കേവലം ഒരു വാക്കു കൊണ്ടു സംഭവിക്കുന്ന, ലളിതമായ കാര്യമല്ല. മുസ്‌ലിം നിയമ പ്രകാരം ഏറ്റവും ശ്രമകരവും മൂന്നു മാസക്കാലം കൊണ്ടു മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ വലിയ ഒരു നടപടിക്രമമാണത്. പുരുഷനു ത്വലാഖു ചൊല്ലി ഭാര്യയെ ഉപേക്ഷിക്കണമെങ്കില്‍ അതു പറയേണ്ടത് അവര്‍ ഒരുമിച്ചു താമസിക്കുന്ന സ്വന്തം വീട്ടില്‍ വെച്ചു സ്ത്രീ ശുദ്ധിയായിരിക്കുന്ന കാലയളവില്‍ രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കണമെന്നതു ഒന്നാമത്തെ നിബന്ധനയാണ്. അപ്രകാരം ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ മൂന്നു ശുദ്ധികാലം ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ ഭാര്യയുടെ എല്ലാ സ്വാതന്ത്ര്യ അവകാശങ്ങളോടുംകൂടി ഭര്‍ത്താവിനെ ആകര്‍ഷിക്കാനുള്ള എല്ലാ രീതികളും സ്വീകരിച്ച് അയാളോടൊപ്പംതന്നെ താമസിക്കണം എന്നതാണു രണ്ടാമത്തെ നിബന്ധന. ഇതാണ് ‘ഇദ്ദ’കാലം. ഈ മൂന്നു മാസക്കാലത്തിനിടയില്‍ ഭര്‍ത്താവ് അവളെ ഭാര്യ എന്ന നിലയില്‍ സമീപിച്ചാല്‍ അവരുടെ ത്വലാഖ് അസാധുവാകും. ഭാര്യാഭര്‍തൃബന്ധം ഇല്ലാതെ ‘ഇദ്ദ’കാലമായ മൂന്നു ശുദ്ധികാലം അല്ലെങ്കില്‍ മൂന്നു മാസം ഇരുവര്‍ക്കും ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാന്‍ കഴിഞ്ഞാല്‍ ഈ കാലം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ അവള്‍ക്കുളള അവകാശങ്ങളെല്ലാം കൊടുത്ത് അവളെ രക്ഷിതാക്കളെ ഏല്‍പ്പിക്കണം. അങ്ങനെയാണ് ഒരു ത്വലാഖ് സംഭവിക്കുക. ഇങ്ങനെ ഒരു തലാഖ് സംഭവിച്ചാലും വീണ്ടും ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാം. എന്നാല്‍, അങ്ങനെ ദമ്പതിമാര്‍ക്കിടയില്‍ തുടര്‍ച്ചയായി മൂന്നു ത്വലാഖും മൂന്നു വിവാഹവും അല്ലെങ്കില്‍ തിരിച്ചെടുക്കലും നടന്നാല്‍ നാലാമത് അവര്‍ തമ്മില്‍ വിവാഹം പാടില്ല. പിന്നീട് അവര്‍ മറ്റാരെയെങ്കിലും ഇണയായി കണ്ടെത്തട്ടെ എന്നതാണു മുസ്‌ലിം നിയമത്തിലെ വ്യവസ്ഥ.
ഒരേ ഇരിപ്പില്‍ മൂന്നു പ്രാവശ്യം ത്വലാഖ് എന്നു പറഞ്ഞാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ യോജിക്കാനുളള അവസരമില്ലാത്തവിധം മൂന്നു ത്വലാഖും സംഭവിച്ചതായി പരിഗണിക്കുന്ന മുത്വലാഖ് എന്ന അനാചാരം മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് ഖുര്‍ആനോ സുന്നത്തോ അംഗീകരിക്കാത്ത ബിദ്അത്ത് എന്ന അനാചാരമാണെന്ന് അതെക്കുറിച്ചു പരാമര്‍ശിക്കുന്ന എല്ലാ മുസ്‌ലിം നിയമ ഗ്രന്ഥങ്ങളും പറയുന്നു. രാജ്യത്തു നടമാടുന്ന അനാചാരങ്ങള്‍ ശരീഅത്തിന്റെ ന്യൂനതയായി ചിത്രീകരിക്കാനാവില്ല. ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടില്‍ തന്നെ എല്ലാ ആചാരങ്ങള്‍ക്കും എതിരായി ശരീഅത്ത് അനുസരിച്ചായിരിക്കണം തീര്‍പ്പു കല്‍പ്പിക്കേണ്ടത് എന്നു നിയമമാക്കിയിട്ടുള്ളതാണ്. കൂടാതെ, 2003ല്‍ ശാമിന്‍ ആര അഭി സ്റ്റേറ്റ് ഓഫ് യുപി എന്ന കേസില്‍ ഖുര്‍ആനിലെ നിബന്ധനകള്‍ പാലിക്കാതെ നടത്തുന്ന ത്വലാഖ് സാധുവല്ലെന്നു സുപ്രിംകോടതി വിധിയുണ്ട്. ശരീഅത്തില്‍ ഇല്ലാത്തതും 2003ല്‍ സുപ്രിം കോടതിയുടെ വിധിയിലൂടെ നിരോധിക്കപ്പെട്ടതുമായ ഒരു അനാചാരം വീണ്ടും ചര്‍ച്ചയാക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല.
യൂനിഫോം സിവില്‍കോഡല്ല ഇപ്പോള്‍ ആവശ്യപെടുന്നത്. കോമണ്‍ സിവില്‍ കോഡാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ലാണ് യൂനിഫോം സിവില്‍ കോഡിനെ കുറിച്ചു പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമം ഉണ്ടാക്കാന്‍ രാഷ്ട്രം പരിശ്രമിക്കണം എന്നതാണ് ആ പരാമര്‍ശം. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പേതന്നെ ശരീഅത്ത് ആക്ട് നിലവില്‍ വരികയും ഭരണഘടനാ ശില്‍പ്പികള്‍ അതിനെ അംഗീകരിക്കുകയും ചെയ്തതാണ്. തന്നെയുമല്ല ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം പൊതു സിവില്‍ കോഡിന് എതിരുമാണ്. അതുകൊണ്ട് ഇന്ത്യയില്‍ ഏക സിവില്‍കോഡ് പ്രാബല്യത്തില്‍ വരുത്താന്‍ കഴിയില്ല.
വിവിധ നാട്ടുരാജ്യങ്ങളും വ്യത്യസ്ത നിയമങ്ങളുമുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാണ് ഇന്ത്യക്ക് പൊതു നിയമവ്യവസ്ഥ ഉണ്ടാകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കുടുംബ വഴക്കുകളും സ്വത്തവകാശ തര്‍ക്കങ്ങളും കോടതിയില്‍ എത്തിയിരുന്നു. അതിനു പരിഹാരം കാണാന്‍ നിയമങ്ങള്‍ ആവശ്യമായിവന്നു. 1865ല്‍ ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ സക്‌സഷന്‍ ആക്ടും 1872ല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ടും നിലവില്‍ വന്നു. 1865ലെ ഇന്ത്യന്‍ സക്‌സഷന്‍ ആക്ട് പരിഷ്‌കരിച്ചു നിലവില്‍ വന്നതാണ് ഇന്ത്യന്‍ സക്‌സഷന്‍ ആക്ട് 1925. 12ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘മിതാക്ഷര’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഹിന്ദു കോഡ് ബില്ലില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് 1955ല്‍ ഹിന്ദു മാര്യേജ് ആക്ടും 1956ലെ ഹിന്ദു സക്‌സഷന്‍ ആക്ടും കൊണ്ടുവരുന്നത്. 1937ല്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലികേഷന്‍ ആക്ട് നിര്‍മ്മിക്കപ്പെടുമ്പോള്‍ അതു ഹിന്ദു വ്യക്തി നിയമങ്ങളെക്കാള്‍ പുരോഗമനപരം എന്നു വിലയിരുത്തപ്പെട്ടിരുന്നു.
പ്രായോഗികവും നീതിയുക്തവുമായ നിയമം മുസ്‌ലിം വ്യക്തിനിയമമാണെന്നതില്‍ സംശയമില്ല. ഉദാഹരണത്തിനു വിവാഹത്തെ സംബന്ധിച്ച നിയമം. ഇസ്‌ലാംമത വിശ്വാസമനുസരിച്ചു സ്ത്രീയും പുരുഷനും ഇഷ്ടപ്പെട്ടാല്‍ വിവാഹം ചെയ്യാന്‍ അനുമതിയുണ്ട്. ഇരൂവരൂം തമ്മിലൂള്ള ഒരു സിവില്‍ കരാര്‍ മാത്രമാണ് വിവാഹം. കൂടാതെ, പുരുഷന്‍ മഹ്ര്‍ നല്‍കിയാണു സ്ത്രീയെ സ്വന്തമാക്കേണ്ടത്. വിവാഹമോചന വേളയില്‍ സ്ത്രീക്കു പുരുഷന്‍ നല്‍കിയ മഹ്ര്‍ തിരികെ നല്‍കേണ്ടതുമില്ല. എന്നാല്‍, ക്രിസ്ത്യന്‍ നിയമമനുസരിച്ചു മനസമ്മതവും വെഞ്ചെരിക്കലും കഴിഞ്ഞാലേ വിവാഹം നടക്കൂ. ഹിന്ദുനിയമപ്രകാരം അവരുടെ ആചാരങ്ങള്‍ പിന്തുടരണം.
ശരീഅത്ത് നിയമപ്രകാരം ആരെ വിവാഹം ചെയ്യാമെന്നും ആരെ പാടില്ലായെന്നും വ്യക്തമാക്കുന്നുണ്ട്. മുലകുടി ബന്ധമുള്ളവരെ വിവാഹം ചെയ്യാന്‍ പാടില്ലെന്നു പറയുന്ന ശാസ്ത്രീയമായ നിയമം മുസ്‌ലിം നിയമം മാത്രമാണ്. വിവാഹമോചനത്തിന് അനുവാദം നല്‍കാത്ത മറ്റു നിയമങ്ങളേക്കാള്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കുന്ന ശരീഅത്ത് നിയമമാണ് ശ്രേഷ്ഠം. ഇസ്‌ലാമികനിയമം സ്ത്രീയെ യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഏല്‍പ്പിക്കുന്നില്ല. എന്നാല്‍, അവള്‍ക്ക് സ്വത്തവകാശം ചാര്‍ത്തിക്കൊടുക്കുന്നു. മറ്റു വ്യക്തിനിയമങ്ങളില്‍ സ്ത്രീകള്‍ക്കാണു ഭര്‍ത്താവിന്റെ മരണശേഷം കുട്ടികളുടെ സംരക്ഷണച്ചുമതല. മുസ്‌ലിം നിയമത്തില്‍ അതു പിതാവിന്റെ രക്തബന്ധുക്കളായ പുരുഷനാണ്.
മകന്‍ മരണപ്പെട്ടാല്‍ മകന്റെ ഏറ്റവും ചെറിയ അവകാശിക്കു സ്വത്തു മുഴുവന്‍ നല്‍കണമെന്നനുശാസിക്കുന്ന ക്രിസ്ത്യന്‍ നിയമത്തേക്കാള്‍ എത്രയോ മികവുറ്റതാണു പിതാവിനും മാതാവിനും ഭാര്യയ്ക്കും മക്കള്‍ക്കുമിടയില്‍ സമ്പത്തു പങ്കുവയ്ക്കാനാജ്ഞാപിക്കുന്ന ശരീഅത്ത് നിയമം. ഹിന്ദുനിയമപ്രകാരം അമ്മയ്ക്കു സ്വത്തിന് അവകാശമുള്ളപ്പോള്‍ പിതാവ് സ്വത്തവകാശത്തില്‍ നിന്നു പുറത്താകുന്നു. സ്വത്ത് അനന്തരാവകാശികള്‍ക്കെല്ലാവര്‍ക്കും ലഭിക്കണമെന്നാണ് ഇസ്‌ലാമിക നിയമം. എന്നാല്‍, മറ്റു വ്യക്തിനിയമങ്ങളനുസരിച്ച് ഒരാള്‍ ആഗ്രഹിക്കുന്ന മകനോ മകള്‍ക്കോ സ്വത്തു പൂര്‍ണമായും വില്‍പത്രത്തിലൂടെ നല്‍കാന്‍ കഴിയും. ഇതു മുഖേന മറ്റു മക്കള്‍ക്ക് അനന്തര സ്വത്തു ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നു.
ശരീഅത്ത് നിയമപ്രകാരം പിതാവ് ജീവിച്ചിരിക്കെ ഒരു മകനോ മകള്‍ക്കോ സമ്മാനമായി സ്വത്തു നല്‍കാമെങ്കിലും, ജീവിച്ചിരിക്കെതന്നെ അതു കൈമാറ്റം ചെയ്യപ്പെട്ടിരിക്കണം. അതിനാല്‍ പിതാവിന്റെ മരണശേഷം ഇത്തരം വില്‍പത്ര തര്‍ക്കങ്ങള്‍ക്കു പ്രസക്തിയില്ലാതാകുന്നു. ഇത്തരം കാരണങ്ങളാലാണ് ശരീഅത്ത് നിയമം മറ്റു വ്യക്തിനിയമങ്ങളെക്കാള്‍ ശ്രേഷ്ഠവും മഹത്തരവുമാണെന്ന വാദം പ്രസക്തമാകുന്നത്.

തയ്യാറാക്കിയത്: ശബ്‌ന സിയാദ്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss